കൊടുംചൂടില്‍ വ്യാധികളും; വലഞ്ഞ് ജനം

 

തൊടുപുഴ: കൊടുംചൂടില്‍ തളർന്ന് ജില്ലയുടെ ആരോഗ്യവും. പകർച്ചപ്പനി, ഡെങ്കിപ്പനി, ചിക്കൻപോക്സ്, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങളാണ് തലപൊക്കുന്നത്.ഡെങ്കിപ്പനി കേസുകള്‍ ജില്ലയില്‍ കൂടിവരുന്നതായാണ് ആരോഗ്യ വകുപ്പിന്‍റെ കണക്കുകള്‍ കാണിക്കുന്നത്. ഫെബ്രുവരിയില്‍ 15 പേർക്കാണ് ഡെങ്കിപ്പനി കണ്ടെത്തിയത്. എന്നാല്‍, ഏപ്രില്‍ പകുതിയായതോടെ 17 ഡെങ്കിപ്പനി കേസുകളാണ് ഇപ്പോള്‍തന്നെ കണ്ടെത്തിയത്.

വേനല്‍ക്കാലത്ത് ഡെങ്കിപ്പനിക്കെതിരെ ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. കൊതുകുകള്‍ പരത്തുന്ന ഈ രോഗത്തിനു പിന്നില്‍ മനുഷ്യന്റെ അശ്രദ്ധമായ ഇടപെടലുകള്‍ തന്നെയാണ് പ്രധാന കാരണം. മുറ്റത്തും പറമ്ബിലുമെല്ലാം വെള്ളം കെട്ടിനില്‍ക്കാതെ നോക്കുക, വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക എന്നിവയെല്ലാം കൊതുകുകള്‍ പെരുകുന്നത് തടയും. കഴിഞ്ഞ മൂന്ന് മാസത്തിനിടയില്‍ മഞ്ഞപ്പിത്തവും ജില്ലയില്‍ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഫെബ്രുവരിയില്‍ നാലു പേർക്കാണ് മഞ്ഞപ്പിത്തം കണ്ടെത്തിയത്. മാർച്ചില്‍ ഏഴ് കേസും ഏപ്രില്‍ 11 വരെ ഏഴ് കേസും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഈ മാസം 25 പേർക്കാണ് ചിക്കൻപോകസ് സ്ഥിരീകരിച്ചത്. പനി, തലവേദന എന്നീ പ്രാരംഭ ലക്ഷണങ്ങളില്‍ തുടങ്ങി ദേഹത്ത് കുമിളകള്‍ ഉണ്ടാകുമ്ബോഴാണ് പലരും ഈ രോഗം തിരിച്ചറിയുന്നത്. വാരിസെല്ല സോസ്‌റ്റർ എന്ന വൈറസാണ് ചിക്കൻപോക്‌സിന് കാരണമാകുന്നത്. രോഗബാധിതനായ ആളിന്റെ സാമീപ്യം വഴി രോഗം പകരും. കുമിളകള്‍ പ്രത്യക്ഷപ്പെടാൻ തുടങ്ങുമ്ബോള്‍തന്നെ ചികിത്സിക്കുകയാണെങ്കില്‍ ചികിത്സ വളരെ ഫലപ്രദവും സങ്കീർണതകള്‍ ഇല്ലാത്തതുമാവും.

ഫെബ്രുവരിയില്‍ 15 പേർക്കും മാർച്ചില്‍ ആറു പേർക്കും ഏപ്രില്‍ പകുതിയോടെ 25 പേർക്കും ചിക്കൻപോക്സും റിപ്പോർട്ട് ചെയ്തു. വൈറല്‍പനി ബാധിതരുടെ എണ്ണവും കൂടുന്നുണ്ട്. ഈ മാസം ഇതുവരെ 1855 പേർ വൈറല്‍ പനി ബാധിതരായി ആശുപത്രിയിയില്‍ ചികിത്സതേടിയെത്തി. ഫെബ്രുവരിയില്‍ 6692 പേരും മാർച്ചില്‍ 5195 പേരും പനി ബാധിച്ച്‌ ചികിത്സ തേടിയെത്തി. പനി മാറിയാലും ചുമ, തലവേദന, ശരീരവേദന, തൊണ്ടവേദന, മറ്റ് ശാരീരിക ബുദ്ധിമുട്ടുകള്‍ എന്നിവ ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്ന സ്ഥിതിയുമുണ്ട്.

വരള്‍ച്ച കടുത്തതോടെ ശുദ്ധജലത്തിന്റെ അഭാവംമൂലം വയറിളക്ക രോഗങ്ങള്‍ പിടികൂടാനുള്ള സാധ്യതയുള്ളതായി ഡോക്‌ടർമാർ പറയുന്നു. ജില്ലയില്‍ പലയിടങ്ങളിലും ജലക്ഷാമം രൂക്ഷമാണ്. കിണറുകള്‍ അടക്കമുള്ള ശുദ്ധജല സ്രോതസ്സുകളിലേറെയും വറ്റി. ജലദൗർലഭ്യം രൂക്ഷമാകുന്ന സാഹചര്യത്തില്‍ വെള്ളം മലിനമാകാനുള്ള സാധ്യതയേറെയാണ്. വെള്ളവും ഭക്ഷണവും വൃത്തിഹീനമാകുമ്ബോഴാണ് ജലജന്യരോഗങ്ങള്‍ വ്യാപകമാകുന്നത്.