Bridal

ലോകത്തിന്റെ ഏത് കോണില്‍പ്പോയാലും മലയാളി ഈ തിയതി മറക്കില്ലല്ലോ, ആ ആളേയും; ലാലേട്ടന് ഇന്ന് 66-ാം പിറന്നാള്‍

ഇന്ന് മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടന്റെ 66-ാം ജന്മദിനം. ഭാവപ്പകര്‍ച്ചകളുടെ വിസ്മയഗോപുരമാണ് മോഹന്‍ലാല്‍. വില്ലന്‍ കഥാപാത്രത്തില്‍ തുടങ്ങി, നായകന്റെ സിംഹാസനമേറി, ഒടുവില്‍ അഭിനയത്തിന്റെ കുലപതിയായി മാറിയ ആ യാത്ര ഒരു പുരാവൃത്തം പോലെ മനോഹരമാണ്.

1 st paragraph

മലയാളിമനസ്സുകളില്‍ അനുഭൂതികളുടെ വസന്തം തീര്‍ത്ത സുകൃതമാണ് മോഹന്‍ ലാല്‍. ‘മഞ്ഞില്‍ വിരിഞ്ഞ പൂക്കളി’ലെ കുസൃതിയില്‍ നിന്നും കുടിലതയിലേക്കും ക്രൗര്യത്തിലേക്കും കൂടുമാറുന്ന നരേന്ദ്രന്‍ എന്ന കഥാപാത്രത്തില്‍ തുടങ്ങി, മലയാളികളുടെ ഹൃദയമിടിപ്പായി മാറിയ എത്രയെത്ര കഥാപാത്രങ്ങള്‍ അദ്ദേഹത്തിലൂടെ നമ്മുക്ക് ലഭിച്ചു. ‘രാജാവിന്റെ മകന്‍’ എന്ന തമ്പി കണ്ണന്താനം ചിത്രത്തിലെ വിന്‍സെന്റ് ഗോമസ് എന്ന അധോലോക നായകനിലൂടെ ലാല്‍ എന്ന നടന്‍ മാസ്മരികമായ ഒരു നായകസങ്കല്‍പ്പത്തിന് അടിത്തറയിട്ടു.

അതിവൈകാരികതയെയേും നാടകീയതയെയും കൈപ്പാടകലെ നിര്‍ത്തിക്കൊണ്ടായിരുന്നു ലാലിന്റെ സ്വാഭാവികഅഭിനയം. അരവിന്ദന്റെ വാസ്തുഹാരയിലെ വേണുവിനെയും താഴ് വാരത്തിലെ ബാലനെയും കിരീടത്തിലെ സേതുമാധവനെയും ആര്‍ക്കാണ് മറക്കാനാകുക.സത്യന്‍ അന്തിക്കാടിന്റെയും സിബി മലയിലിന്റെയും പ്രിയദര്‍ശന്റെയും ഭരതന്റെയും പത്മരാജന്റെയും സിനിമകളിലൂടെ മോഹന്‍ ലാല്‍ പ്രേക്ഷകരുടെ വികാരവും ജീവവായുവുമായി. നാടോടിക്കാറ്റിലെ ദാസനും ഭരതത്തിലെ കല്ലൂര്‍ ഗോപിനാഥനും തൂവാനത്തുമ്പികളിലെ ജയകൃഷ്ണനും മധ്യവര്‍ഗജീവിതത്തിന്റെയും പ്രണയത്തിന്റെയും വിരഹത്തിന്റെയും ആഘോഷത്തിന്റെയും ആനന്ദത്തിന്റെയും പ്രതീകമാക്കി മോഹന്‍ ലാലിനെ മാറ്റി.

2nd paragraph

‘വാനപ്രസ്ഥത്തിലെ കുഞ്ഞിക്കുട്ടനായി ലാല്‍ പകര്‍ന്നാടിയപ്പോള്‍ ആ നടനവൈഭവത്തിന് മുന്നില്‍ ലോകം വിസ്മയത്തോടെ ശിരസ്സുനമിച്ചു.തിയേറ്ററുകളെ ഉത്സവപ്പറമ്പുകളായി മാറ്റിയ പ്രകടനങ്ങളും മോഹന്‍ ലാലിനെ മാസ്സാക്കി മാറ്റി. മീശപിരിച്ചും മുണ്ടു മടക്കിക്കുത്തിയും ആ നടന്‍ മലയാളിക്ക് പൗരുഷത്തിന്റെ പുതിയൊരു മുഖം സമ്മാനിച്ചു. അമ്മയോടുള്ള വാത്സല്യമായി, കാമുകിയോടുള്ള പ്രണയമായി, സുഹൃത്തിനോടുള്ള വിശ്വസ്തതയായി, ശത്രുവിനോടുള്ള വീര്യമായി മോഹന്‍ലാല്‍ ഇന്നും നമുക്കിടയില്‍ ജീവിക്കുന്നു. അഭിനയം എന്നത് വേഷപ്പകര്‍ച്ചകളല്ല, മറിച്ച് ആത്മാവിന്റെ ആവിഷ്‌കാരമാണെന്ന് തെളിയിച്ച മഹാപ്രതിഭയ്ക്ക് മുന്നില്‍ കാലം ഇനിയും വിസ്മയത്തോടെ കാത്തുനില്‍ക്കും.