പുകവലിക്കാറില്ലായിരിക്കാം, എന്നാല്‍ ശ്വാസകോശത്തിന്റെ ആരോഗ്യത്തെ തകര്‍ക്കാന്‍ മറ്റ് ചില കാര്യങ്ങള്‍ക്കുമാകും; എന്തൊക്കെ ശ്രദ്ധിക്കണം?

ശ്വാസകോളം സ്‌പോഞ്ച് പോലെയാണെന്നും പുകവലി അതിന് എത്രത്തോളം ദോഷകരമാകാമെന്നുമുള്ള ബോധവത്കരണം നമ്മുക്കെല്ലാവര്‍ക്കും ലഭിച്ചിട്ടുണ്ട്. എന്നാല്‍ പുകവലി മാത്രമല്ല താഴെപ്പറയുന്ന കാര്യങ്ങളും ദോഷകരമെന്ന് മനസിലാക്കുകയും ഒഴിവാക്കാന്‍ നോക്കുകയും വേണം.

അന്തരീക്ഷ മലിനീകരണം
പല വലിയ നഗരങ്ങളിലും വായുമലിനീകരണ തോത് വല്ലാതെ കൂടുതലാണ്. വാഹനങ്ങള്‍ പുറത്തുവിടുന്ന പുക, പൊടി തുടങ്ങിയവ ശരിക്കും വില്ലന്മാര്‍ തന്നെയാണ്. നിങ്ങള്‍ക്ക് വിട്ടുമാറാത്ത ചുമ, ശ്വാസം മുട്ടല്‍ എന്നിവ തോന്നിയാല്‍ അവഗണിക്കരുത്. പുറത്തുപോകുമ്പോള്‍ കഴിവതും മാസ്‌ക് ഉപയോഗിക്കുക.

വീട്ടിനുള്ളിലുമുണ്ട് മലിനീകരണം
പാചകത്തിലൂടെ പുറന്തള്ളപ്പെടുന്ന പുകകള്‍, കൊതുകുനിവാരണത്തിനും മറ്റുമായി കത്തിക്കുന്ന ചന്ദനത്തിരികളുടെ പുക, വെന്റിലേഷന്‍ ഇല്ലാത്തത്, ചൂടിനായി വിറക് കത്തിക്കുമ്പോള്‍ വരുന്ന പുക എന്നിവയൊക്കെയായി അധികം സമ്പര്‍ക്കത്തിലാകുന്നത് ശ്വാസകോശങ്ങള്‍ക്ക് നല്ലതല്ല.
ജോലി
നിര്‍മാണ കമ്പനികളിലോ കെമിക്കല്‍ ഫാക്ടറികളിലോ ഒക്കെ ജോലി ചെയ്യുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഒരു കാരണവശാലും നിങ്ങള്‍ നിര്‍ബന്ധമായി ഉപയോഗിക്കേണ്ട മാസ്‌ക് പോലുള്ളവയിലും മുന്‍കരുതലുകളിലും വീഴ്ച വരുത്തരുത്. രാസപ്രവര്‍ത്തനങ്ങളില്‍ നിന്നുയരുന്ന പുക, സിമന്റ് പൊടി പോലുള്ളവയെല്ലാം വളരെ ശ്രദ്ധിക്കണം.
ജീവിതശൈലി
നിങ്ങള്‍ തീരെ വ്യായാമം ചെയ്യാത്തവരാണെങ്കില്‍ ഇത് നിങ്ങളുടെ ശ്വാസകോശത്തെ ദോഷകരമായി ബാധിക്കും. പുകവലി പോലെ ഇത് ശ്വാസകോശത്തെ നേരിട്ട് ബാധിക്കുകയല്ല ചെയ്യുക. പയ്യെ പയ്യെ കാര്‍ഡിയോവാസ്‌കുലാര്‍ ആരോഗ്യം കുറയ്ക്കുകയാണ് ചെയ്യുക.
ലക്ഷണങ്ങള്‍ അവഗണിക്കുന്നത്
ശ്വാസംമുട്ടല്‍, വിട്ടുമാറാത്ത ചുമ, അലര്‍ജി മുതലായവ അവഗണിക്കുന്നത് വലിയ പ്രത്യാഘാതങ്ങള്‍ക്ക് വഴിവച്ചേക്കാം. ആസ്മ പോലുള്ള ബുദ്ധിമുട്ടുകള്‍ ഉള്ളവര്‍ കൃത്യമായി ഡോക്ടറെ കാണുകയും ചെക്കപ്പുകള്‍ നടത്തുകയും വേണം.
നാം ഉപയോഗിക്കുന്ന ഉത്പ്പന്നങ്ങള്‍
വീട്ടില്‍ നമ്മള്‍ ഉപയോഗിക്കുന്ന ചില പെയിന്റുകള്‍, പെര്‍ഫ്യൂമുകള്‍, സോള്‍വെന്റുകള്‍, ഫ്‌ളോര്‍ ക്ലീനറുകള്‍ എന്നിവ നിങ്ങള്‍ക്ക് ശ്വാസതടസമോ ബുദ്ധിമുട്ടോ ഉണ്ടാക്കുന്നതായി തോന്നിയാല്‍ ഉടനടി അവയുടെ ഉപയോഗം നിര്‍ത്തണം.
