ഫയല്‍ തീര്‍പ്പാക്കലിന് പ്രത്യേക അദാലത്ത് സംഘടിപ്പിക്കുന്നു; ‘ജനസ്പര്‍ശം കേരളം’ ഡിസംബര്‍ 31 വരെ

സര്‍ക്കാര്‍ ഓഫീസുകളില്‍ തീര്‍പ്പാകാതെ കെട്ടിക്കിടക്കുന്ന ഫയലുകള്‍ സമയബന്ധിതമായി തീര്‍പ്പാക്കുന്നതിനും പൊതുജനങ്ങള്‍ക്ക് സേവനങ്ങള്‍ വേഗത്തില്‍ ലഭ്യമാക്കുന്നതിനുമായി ‘ജനസ്പര്‍ശം-കേരളം’ ഫയല്‍ അദാലത്ത് സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 15ന് ആരംഭിച്ച പ്രത്യേക ഫയല്‍ തീര്‍പ്പാക്കല്‍ യജ്ഞം ഡിസംബര്‍ 31 വരെ തുടരും. സെക്രട്ടേറിയറ്റ്, വകുപ്പ് മേധാവികളുടെ കാര്യാലയങ്ങള്‍, ജില്ലാ കളക്ടറേറ്റുകള്‍ എന്നിവിടങ്ങളിലെ ഫയലുകളാണ് അദാലത്തില്‍ പരിഗണിക്കുന്നത്.

ഫയലുകള്‍ തീര്‍പ്പാക്കുന്നതിനൊപ്പം കാലതാമസത്തിന്റെ കാരണങ്ങള്‍ കണ്ടെത്തി പരിഹരിക്കുക, അനാവശ്യ നടപടിക്രമങ്ങള്‍ ഒഴിവാക്കുക, ഭാവിയില്‍ സമാനമായ കാലതാമസം ആവര്‍ത്തിക്കാതിരിക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിനായി ഫയലുകള്‍ മുന്‍ഗണനാക്രമത്തില്‍ തരംതിരിച്ച് സമയബന്ധിതമായി നടപടികള്‍ സ്വീകരിക്കും. ഓരോ വകുപ്പിലും നോഡല്‍ ഓഫീസര്‍മാരെ നിയോഗിച്ച് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും പ്രതിദിന അവലോകനത്തിലൂടെ പുരോഗതി വിലയിരുത്തുകയും ചെയ്യും.
ഫയല്‍ തീര്‍പ്പാക്കല്‍ നടപടികളില്‍ നിര്‍മിതബുദ്ധി ഉള്‍പ്പെടെയുള്ള ആധുനിക സാങ്കേതികവിദ്യകളും പ്രയോജനപ്പെടുത്തും. നവംബര്‍ 16 മുതല്‍ 30 വരെ ആദ്യഘട്ട അദാലത്തും ഡിസംബര്‍ 1 മുതല്‍ 15 വരെ രണ്ടാംഘട്ട അദാലത്തും നടക്കും. ഡിസംബര്‍ 25നകം അന്തിമ തീര്‍പ്പാക്കലും ഉത്തരവുകള്‍ പുറപ്പെടുവിക്കലും പൂര്‍ത്തിയാക്കും. ഡിസംബര്‍ 26 മുതല്‍ 31 വരെ തീര്‍പ്പാക്കിയ ഫയലുകളുടെ ഏകീകരണവും അവലോകനവും നടത്തും.

സര്‍ക്കാര്‍ സേവനങ്ങള്‍ കൂടുതല്‍ സുതാര്യവും കാര്യക്ഷമവും ജനസൗഹൃദവുമാക്കുന്നതിനൊപ്പം പൊതുജനങ്ങളുടെ അപേക്ഷകള്‍ക്കും പരാതികള്‍ക്കും വേഗത്തില്‍ പരിഹാരം ഉറപ്പാക്കാനും ‘ജനസ്പര്‍ശം കേരളം’ ഫയല്‍ അദാലത്ത് ലക്ഷ്യമിടുന്നു.
