തിരൂർ മണ്ഡലത്തിലെ 14 ആരോഗ്യ കേന്ദ്രങ്ങൾക്ക് 14.715 കോടി രൂപ അനുവദിച്ചു

തിരൂർ നിയോജക മണ്ഡലത്തിലെ 14 ആരോഗ്യ കേന്ദ്രങ്ങൾക്ക് പുതിയ കെട്ടിടങ്ങൾ നിർമിക്കുന്നതിനായി ദേശീയ ആരോഗ്യ ദൗത്യം (എൻ.എച്ച്.എം) വഴി 14.715 കോടി രൂപ അനുവദിച്ചതായി കുറുക്കോളി മൊയ്തീൻ എം.എൽ.എ അറിയിച്ചു.

മണ്ഡലത്തിലെ വിവിധ ഗ്രാമപഞ്ചായത്തുകളിലെയും തിരൂർ നഗരസഭയിലെയും ആരോഗ്യ കേന്ദ്രങ്ങൾക്കാണ് തുക അനുവദിച്ചത്.
വെട്ടം ഗ്രാമപഞ്ചായത്തിൽ ബി.എഫ്.എച്ച്.സി വെട്ടത്തിന് നാല് കോടി രൂപയും എഫ്.ഡബ്ല്യു.സി പറവണ്ണ, എഫ്.ഡബ്ല്യു.സി പുൽപ്പാച്ചിറ, എഫ്.ഡബ്ല്യു.സി പച്ചാട്ടിരി കേന്ദ്രങ്ങൾക്ക് 55.50 ലക്ഷം രൂപ വീതവുമാണ് അനുവദിച്ചത്. ആതവനാട് ഗ്രാമപഞ്ചായത്തിൽ എഫ്.എച്ച്.സി ആതവനാടിന് 1.43 കോടി രൂപയും എഫ്.ഡബ്ല്യു.സി ആതവനാടിന് 55.50 ലക്ഷം രൂപയും ലഭിച്ചു.
കൽപ്പകഞ്ചേരി ഗ്രാമപഞ്ചായത്തിൽ എഫ്.എച്ച്.സി കൽപ്പകഞ്ചേരിക്ക് 1.43 കോടി രൂപയും മെയിൻ സെന്റർ കൽപ്പകഞ്ചേരിക്ക് 55.50 ലക്ഷം രൂപയും അനുവദിച്ചു. തലക്കാട് ഗ്രാമപഞ്ചായത്തിൽ എഫ്.എച്ച്.സി തലക്കാടിന് 1.43 കോടി രൂപയും എഫ്.ഡബ്ല്യു.സി വെങ്ങാലൂരിന് 55.50 ലക്ഷം രൂപയും ലഭ്യമാക്കി.

തിരൂർ നഗരസഭയിൽ യു.പി.എച്ച്.സി അന്നാരയ്ക്ക് 1.43 കോടി രൂപയും എഫ്.ഡബ്ല്യു.സി പൂക്കയിലിന് 55.50 ലക്ഷം രൂപയും തിരുനാവായ ഗ്രാമപഞ്ചായത്തിൽ എഫ്.ഡബ്ല്യു.സി സൗത്ത് പള്ളാറിന് 55.50 ലക്ഷം രൂപയും വളവന്നൂർ ഗ്രാമപഞ്ചായത്തിൽ മെയിൻ സെന്റർ വളവന്നൂരിന് 55.50 ലക്ഷം രൂപയുമാണ് അനുവദിച്ചത്. ചില കേന്ദ്രങ്ങളിൽ വിശദമായ പദ്ധതിരേഖ (ഡി.പി.ആർ) തയാറാക്കുന്ന നടപടികൾ പുരോഗമിക്കുകയാണ്. മറ്റ് ചിലയിടങ്ങളിൽ പ്രവൃത്തി അനുവദിച്ചതും നിർമാണം പുരോഗമിക്കുന്നതുമായ ഘട്ടങ്ങളിലുമാണ്. ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും സാധാരണക്കാർക്ക് ആധുനിക സൗകര്യങ്ങളോടുകൂടിയ മികച്ച ചികിത്സ പ്രാദേശികമായി ലഭ്യമാക്കുന്നതിനും പദ്ധതികൾ സഹായകമാകുമെന്ന് എം.എൽ.എ അറിയിച്ചു.
