മിടുക്കരായ വിദ്യാർഥികൾ സിവിൽ സർവീസ് രംഗത്തേക്ക് കടന്നുവരണം: നജീബ് കാന്തപുരം എം.എൽ.എ

പഠനത്തിൽ മികവ് പുലർത്തുന്ന വിദ്യാർഥികൾ മെഡിക്കൽ, എൻജിനീയറിങ് മേഖലകളിൽ മാത്രം ഒതുങ്ങാതെ രാജ്യത്തിന്റെ നയരൂപീകരണത്തിലും ഭരണനിർവഹണത്തിലും നിർണായക പങ്കുവഹിക്കുന്ന സിവിൽ സർവീസ് രംഗത്തേക്ക് കടന്നുവരണമെന്ന് നജീബ് കാന്തപുരം എം.എൽ.എ പറഞ്ഞു. മലപ്പുറം എം.എസ്.പി പരേഡ് ഗ്രൗണ്ടിൽ നടക്കുന്ന ദിശ ഉന്നതവിദ്യാഭ്യാസ പ്രദർശനത്തോടനുബന്ധിച്ചുള്ള ‘സെർവ് ടു ലീഡ്’ സിവിൽ സർവീസ് സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അക്കാദമിക മികവും സാമൂഹിക പ്രതിബദ്ധതയും നേതൃത്വശേഷിയുമുള്ള വിദ്യാർഥികൾ സിവിൽ സർവീസ് മേഖലയിലെത്തേണ്ടത് രാജ്യത്തിന്റെ പുരോഗതിക്ക് അനിവാര്യമാണ്. സിവിൽ സർവീസ് കേവലം ഒരു തൊഴിൽമേഖല മാത്രമല്ല, ജനങ്ങളുടെ ജീവിതത്തിൽ ഗുണപരമായ മാറ്റങ്ങൾ സൃഷ്ടിക്കാനും സാമൂഹികനീതി ഉറപ്പാക്കാനും വികസനപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാനുമുള്ള വലിയ അവസരം കൂടിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കൻഡറി വിഭാഗം കരിയർ ഗൈഡൻസ് ആൻഡ് അഡോളസെന്റ് കൗൺസലിങ് സെല്ലിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ചടങ്ങിൽ പെരിന്തൽമണ്ണ സബ് കളക്ടർ സാക്ഷി മോഹൻ, കോഴിക്കോട് അസി. കളക്ടർ മാളവിക ജി. നായർ തുടങ്ങിയവർ പങ്കെടുത്തു.
