മലയാളത്തിന്റെ വിജ്ഞാനസാധ്യതകൾ പരിചയപ്പെടുത്തി മലയാളം സർവകലാശാല

ദിശ ഉന്നതവിദ്യാഭ്യാസ പ്രദർശനത്തിൽ തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവകലാശാലയുടെ സ്റ്റാൾ ശ്രദ്ധേയമാകുന്നു. മലയാളഭാഷയിലൂടെ വിവിധ വിജ്ഞാനശാഖകളിൽ ഉന്നതപഠനത്തിനും ഗവേഷണത്തിനുമുള്ള അവസരങ്ങളാണ് വിദ്യാർഥികൾക്കായി സ്റ്റാളിലൂടെ പരിചയപ്പെടുത്തുന്നത്. സാഹിത്യം, ശാസ്ത്രം, മാനവിക വിഷയങ്ങൾ, സാമൂഹ്യശാസ്ത്രം, സാങ്കേതികവിദ്യ തുടങ്ങിയ വിവിധ മേഖലകളിൽ മലയാളമാധ്യമത്തിലൂടെ പഠനം സാധ്യമാക്കുകയാണ് സർവകലാശാല ഇതിലൂടെ ലക്ഷ്യമിടുന്നത്. മലയാളമാധ്യമത്തിൽ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകൾക്കും ഗവേഷണ പഠനങ്ങൾക്കും സർവകലാശാല അവസരമൊരുക്കുന്നുണ്ട്.

വിവിധ പഠന സ്കൂളുകൾ, ഗവേഷണ മേഖലകൾ, കോഴ്സുകൾ, തുടർപഠന സാധ്യതകൾ തുടങ്ങിയവയെക്കുറിച്ച് വിദ്യാർഥികൾക്ക് വ്യക്തമായി മനസ്സിലാക്കാൻ സ്റ്റാൾ സഹായകമാകുന്നു. വിവരസാങ്കേതികവിദ്യയുടെ വളർച്ചയ്ക്കനുസരിച്ച് മലയാളഭാഷയെ ശാക്തീകരിക്കുന്നതിനും മലയാളത്തിലെ കൃതികൾ മറ്റ് ഇന്ത്യൻ, വിദേശ ഭാഷകളിലേക്ക് വിവർത്തനം ചെയ്യുന്നതിനുമുള്ള സർവകലാശാലയുടെ പ്രവർത്തനങ്ങളും സ്റ്റാളിൽ പരിചയപ്പെടുത്തുന്നുണ്ട്.
