സൂര്യാസ്തമനവും ചന്ദ്രോദയവും ഒരുമിച്ച് കാണാം തങ്കശ്ശേരി തീരത്തെത്തിയാല്‍

കേരള ചരിത്രത്തിലെ സുപ്രധാന സംഭവങ്ങള്‍ അരങ്ങേറിയ ഒരു കടല്‍ത്തീര പട്ടണമാണ് തങ്കശ്ശേരി. കൊല്ലം നഗരത്തില്‍ നിന്ന് 5 കിലോമീറ്റര്‍ അകലെയാണ് തങ്കശ്ശേരി സ്ഥിതി ചെയ്യുന്നത്. പോര്‍ച്ചുഗീസ്, ഡച്ച് കാലത്തെ കോട്ടകളും പളളികളുമാണ് തങ്കശ്ശേരിയിലെ പ്രധാന ആകര്‍ഷണങ്ങള്‍. 1902ല്‍ പണിത 144 അടി ഉയരമുളള വിളക്കുമാടവും സഞ്ചാരികളുടെ ശ്രദ്ധാകേന്ദ്രമാണ്. ലൈറ്റ്ഹൗസ് റോഡിലൂടെ യാത്ര ചെയ്താല്‍ സൂര്യാസ്തമനവും ചന്ദ്രോദയവും ഒരുമിച്ച് കാണാനാകുമെന്ന പ്രത്യേകതയുമുണ്ട്.

ഭൂതകാല കഥകളെയും സ്മാരകങ്ങളെയും ചുറ്റിപ്പറ്റിയാണ് തങ്കശ്ശേരിയുടെ ചരിത്രം. 1502ല്‍ കൊല്ലത്ത് എത്തിയ പോര്‍ച്ചുഗീസുകാരാണ് തങ്കശ്ശേരി കോട്ട അഥവാ സെന്റ് തോമസ് കോട്ട നിര്‍മ്മിച്ചത്. 1516ല്‍ പോര്‍ച്ചുഗീസ് ഗവര്‍ണര്‍ ലോപ്പോ ഡോറസും കൊല്ലം റാണിയും തമ്മില്‍ ഒരു വ്യാപാര കരാര്‍ ഒപ്പിട്ടു. കരാര്‍ പ്രകാരം പോര്‍ച്ചുഗീസുകാര്‍ തങ്കശ്ശേരിയില്‍ പാണ്ടികശാലയുടെ നിര്‍മ്മാണം തുടങ്ങി. പിന്നീട് കുരുമുളക് വ്യാപാരത്തിന്റെ ഒരു പ്രധാന കേന്ദ്രമായി തങ്കശ്ശേരി മാറി. എന്നാല്‍, കരാര്‍ പാലിക്കാന്‍ കൊല്ലം റാണിക്ക് കഴിഞ്ഞില്ല. ഇതോടെ പോര്‍ച്ചുഗീസുകാര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടു. പാണ്ടികശാലയെ ഒരു കോട്ടയാക്കി മാറ്റാനുള്ള അനുവാദമാണ് പോര്‍ച്ചുഗീസുകാര്‍ ആവശ്യപ്പെട്ടത്. കൊല്ലം റാണിയ്ക്ക് ഈ ആവശ്യം അംഗീകരിക്കേണ്ടി വന്നു. ഇതോടെ പാണ്ടികശാല ഒരു കോട്ടയായി മാറി.
