ചൈന രഹസ്യമായി ആണവ പരീക്ഷണം നടത്തുന്നു, ത്രികക്ഷി കരാര്‍ വേണമെന്ന് അമേരിക്ക

വാഷിംഗ്ടണ്‍: ചൈന രഹസ്യമായി ആണവ പരീക്ഷണങ്ങള്‍ നടത്തുകയാണെന്നും ആയുധശേഖരം വന്‍തോതില്‍ വര്‍ദ്ധിപ്പിക്കുകയാണെന്നും അമേരിക്ക. റഷ്യയെയും ചൈനയെയും ഉള്‍പ്പെടുത്തി പുതിയൊരു ത്രികക്ഷി ആണവ കരാര്‍ രൂപീകരിക്കണമെന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോ ആവശ്യപ്പെട്ടു. അമേരിക്കയും റഷ്യയും തമ്മിലുണ്ടായിരുന്ന അവസാനത്തെ ആണവായുധ നിയന്ത്രണ കരാറായ ‘ന്യൂ സ്റ്റാര്‍ട്ട് കാലാവധി അവസാനിച്ചു. ഇതോടെ, ആഗോളതലത്തില്‍ പുതിയൊരു ആയുധ മത്സരത്തിന് തുടക്കമാകുമോ എന്ന ആശങ്ക ആഗോള തലത്തില്‍ ഉയരുന്നുണ്ട്.

അതേസമയം ഈ ഘട്ടത്തില്‍ നിരായുധീകരണ ചര്‍ച്ചകളില്‍ പങ്കുചേരാന്‍ പദ്ധതിയിടുന്നില്ലെന്ന് ചൈന ആവര്‍ത്തിച്ചു. ബ്രിട്ടന്‍, ഫ്രാന്‍സ് തുടങ്ങിയ മറ്റ് ആണവായുധ രാജ്യങ്ങളെയും ചര്‍ച്ചകളില്‍ ഉള്‍പ്പെടുത്തണമെന്ന് റഷ്യ നിര്‍ദ്ദേശിച്ചു. ആണവായുധ നിയന്ത്രണം എന്നത് ഇനി അമേരിക്കയും റഷ്യയും തമ്മിലുള്ള ഒരു ഉഭയകക്ഷി വിഷയം മാത്രമായി തുടരാനാവില്ല എന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ വ്യക്തമാക്കി. സ്ഥിരത ഉറപ്പാക്കാന്‍ മറ്റ് രാജ്യങ്ങള്‍ക്കും ഉത്തരവാദിത്തമുണ്ടെന്നും, ചൈനയ്ക്ക് അതില്‍ വലിയ പങ്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2020 ജൂണില്‍ ചൈന രഹസ്യമായി ആണവ പരീക്ഷണം നടത്തിയതായും ഇത് അന്താരാഷ്ട്ര ഉടമ്പടികളുടെ ലംഘനമാണെന്നും അമേരിക്കന്‍ പ്രതിനിധി തോമസ് ഡിനാനോ ആരോപിച്ചു. ഇത്തരം പരീക്ഷണങ്ങള്‍ ഉടമ്പടികളുടെ ലംഘനമാണെന്ന് ചൈനയ്ക്ക് അറിയാവുന്നത് കൊണ്ട് ചൈന അത് മൂടിവെക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. അമേരിക്കയുടെ ആരോപണങ്ങളെ ചൈനീസ് അംബാസഡര്‍ ഷെന്‍ ജിയാന്‍ ശക്തമായി എതിര്‍ത്തു. അമേരിക്ക ഉത്തരവാദിത്തമില്ലാത്ത പ്രസ്താവനകള്‍ നടത്തുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വലിയ ആണവശേഖരമുള്ള രാജ്യങ്ങള്‍ (അമേരിക്കയും റഷ്യയും) നിരായുധീകരണത്തില്‍ അവരുടെ പ്രാഥമിക ഉത്തരവാദിത്തം നിറവേറ്റുന്നത് തുടരണമെന്നും അദ്ദേഹം പറഞ്ഞു.

