താനൂർ- തെയ്യാല റെയിൽവേ മേൽപ്പാലം നാടിന് സമർപ്പിച്ചു

താനൂർ- തെയ്യാല റെയിൽവേ മേൽപ്പാലം പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു. പശ്ചാത്തല സൗകര്യം വികസനം എന്താണെന്ന് ജനങ്ങൾ അനുഭവിച്ചറിഞ്ഞ കാലഘട്ടമാണ് ഇതെന്ന് മന്ത്രി വീഡിയോ സന്ദേശത്തിൽ പറഞ്ഞു.

‘അഞ്ച് വർഷം കൊണ്ട് 60% ബി.എം & ബി സി റോഡുകൾ നിർമ്മിക്കാൻ സാധിച്ചു. മുടങ്ങിപ്പോകും എന്ന അവസ്ഥ വന്ന ദേശീയപാത വികസനത്തിനായി സംസ്ഥാന സർക്കാർ 5550 കോടി രൂപ വകയിരുത്തി. 600 ഓളം കിലോമീറ്റർ വരുന്ന ദേശീയപാതയുടെ 500 കിലോമീറ്റർ വരെ നിർമ്മാണം പൂർത്തിയാക്കാൻ സാധിച്ചു. തീരദേശഹൈവേ, മലയോരഹൈവേ, തുരങ്ക പാത എന്നിവയെല്ലാം മികച്ച രീതിയിൽ മുന്നോട്ടുപോകുന്നു. റോഡ് നവീകരണത്തിനായി കിഫ്ബി, നബാർഡ്, റീബിൽഡ് കേരള എന്നീ പദ്ധതികൾ ഉൾക്കൊള്ളിച്ച് 35,000 കോടി രൂപ ചെലവഴിച്ചു. അഞ്ചുവർഷംകൊണ്ട് 100 പാലങ്ങൾ എന്ന ലക്ഷ്യം 150 പാലം വരെ എത്തി. മുപ്പതോളം റെയിൽവേ മേൽപ്പാലങ്ങൾ നിർമ്മാണം പൂർത്തിയായി കൊണ്ടിരിക്കുകയാണ് . പശ്ചാത്തല സൗകര്യ വികസനത്തിൽ കിഫ് ബിയുടെ പങ്ക് എടുത്ത് പറയേണ്ടതാണ്’- മന്ത്രി വീഡിയോ സന്ദേശത്തിൽ പറഞ്ഞു.
ന്യൂനപക്ഷ ക്ഷേമ-കായിക- വഖഫ് വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ അധ്യക്ഷനായിരുന്നു. 95 ശതമാനത്തോളം പദ്ധതികളും മണ്ഡലത്തിൽ പൂർത്തിയാക്കാൻ കഴിഞ്ഞുവെന്ന് മന്ത്രി അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.

ലെവൽ ക്രോസ് മുക്ത കേരളം എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന്റെ ഭാഗമായി കിഫ് ബി ഫണ്ടിൽനിന്ന് 33.3 കോടി രൂപ ചെലവഴിച്ചാണ് മേൽപ്പാലം നിർമ്മിച്ചത്. റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോർപ്പറേഷൻ ഓഫ് കേരള ലിമിറ്റഡ് മുഖേന നിർമാണം പൂർത്തിയാക്കിയ മേൽപ്പാലം വഴി താനൂരിലെ ജനങ്ങൾക്കും താനൂരിനെ ആശ്രയിക്കുന്ന കിഴക്കൻ ഭാഗങ്ങളിൽ നിന്നുള്ളവർക്കും തടസ്സങ്ങൾ ഇല്ലാതെ യാത്ര ചെയ്യാൻ സാധിക്കും. താനൂർ ഹാർബർ, താലൂക്ക് ആശുപത്രി, കച്ചവട സ്ഥാപനങ്ങൾ തുടങ്ങിയവയെ ആശ്രയിക്കുന്നവർക്ക് മേൽപ്പാലം വരുന്നതോടെ വലിയ ആശ്വാസമാവുകയാണ്. നിരവധി ട്രെയിനുകൾ കടന്നുപോകുന്ന റെയിൽവേ ലൈനിൽ കുരുങ്ങി കിലോമീറ്ററോളം ദൂരത്തിൽ വാഹനങ്ങൾ കിടക്കുന്ന ദുരവസ്ഥ മാറ്റുന്നതിന് ഇതോടെ പരിഹാരമായി. അപ്രോച്ച് റോഡിന്റെ പത്തു ശതമാനത്തോളം പ്രവൃത്തികൾ മാത്രമാണ് പൂർത്തിയാക്കാൻ ബാക്കിയുള്ളത്.
ചടങ്ങിൽ ആർബിഡിസികെ ഡെപ്യൂട്ടി ജനറൽ മാനേജർ സി. ദേവേശൻ സ്വാഗതം പറഞ്ഞു. ജനറൽ മാനേജർ എം. അൻസാർ റിപ്പോർട്ട് അവതരിപ്പിച്ചു. നഗരസഭ കൗൺസിലർമാരായ ലാമിഹ് റഹ്മാൻ, എം സുചിത്ര, യ.എൻ. ജാസ്മിൻ, ശുഹൈബ്, ആർ.ബി.ഡി.സി.കെ.പ്രോജക്ട് മാനേജർ അനിൽകുമാർ, സംസ്ഥാന സർക്കിൾ സഹകരണ യൂണിയൻ പ്രതിനിധി ഇ. ജയൻ, മലബാർ ദേവസ്വം ബോർഡ് ഏരിയ മാനേജർ ഒ.കെ. ബേബി ശങ്കർ, റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ പ്രതിനിധി ജനചന്ദ്രൻ മാസ്റ്റർ, കൂടാതെ താനൂർ നഗരസഭ കൗൺസിലർമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ചു.
