മലപ്പുറം ജില്ലയില്‍ ബാങ്കിംഗ് മേഖലയില്‍ വന്‍ മുന്നേറ്റം: വായ്പാ നിക്ഷേപ അനുപാതം 67.11 ശതമാനമായി ഉയര്‍ന്നു

മലപ്പുറം ജില്ലയിലെ ബാങ്കിംഗ് മേഖല കഴിഞ്ഞ സാമ്പത്തിക പാദത്തില്‍ മികച്ച പുരോഗതി കൈവരിച്ചതായി ജില്ലാതല അവലോകന സമിതി (ഡി.എല്‍.ആര്‍.സി.) യോഗം വിലയിരുത്തി. 2025 ഡിസംബറില്‍ അവസാനിച്ച പാദത്തിലെ കണക്കുകള്‍ പ്രകാരം ജില്ലയുടെ വായ്പാ നിക്ഷേപ അനുപാതം 67.11 ശതമാനമായി വര്‍ധിച്ചു. റിസര്‍വ് ബാങ്ക് നിശ്ചയിച്ചിട്ടുള്ള 60 ശതമാനം എന്ന പരിധിയേക്കാള്‍ ഏറെ മുന്നിലാണിത്. ബാങ്ക് നിക്ഷേപം 2025സെപ്റ്റംബറിലെ 46,607 കോടി രൂപയില്‍ നിന്ന് ഡിസംബറില്‍ 5,796 കോടി രൂപയുടെ വര്‍ധനയോടെ 52,403 കോടി രൂപയായി ഉയര്‍ന്നു. വായ്പകള്‍ സെപ്റ്റംബറിലെ 30,204 കോടി രൂപയില്‍ നിന്ന് 4,962 കോടി രൂപയുടെ വര്‍ധന രേഖപ്പെടുത്തി 35,166 കോടി രൂപയില്‍ എത്തി. ആകെ വായ്പയുടെ 56.01 ശതമാനവും (19,697 കോടി രൂപ) മുന്‍ഗണനാ മേഖലയിലേക്കാണ് നല്‍കിയിരിക്കുന്നത്.

സെപ്റ്റംബര്‍ പാദത്തെ അപേക്ഷിച്ച് ഡിസംബറില്‍ എല്ലാ മേഖലകളിലും വായ്പാ വിതരണത്തില്‍ വലിയ മുന്നേറ്റം ദൃശ്യമാണ്. പ്രൈമറി സെക്ടറില്‍ 55 ശതമാനത്തില്‍ നിന്ന് 87 ശതമാനത്തിലേക്കും, സെക്കന്‍ഡറി സെക്ടറില്‍ 63 ശതമാനത്തില്‍ നിന്ന് 80 ശതമാനത്തിലേക്കും നേട്ടം ഉയര്‍ത്താന്‍ ബാങ്കുകള്‍ക്ക് സാധിച്ചു.
വിവിധ ബാങ്കുകളിലെ വായ്പ നിക്ഷേപ അനുപാതം താഴെ പറയുന്നു. കെ.ജി.ബി (85.17 ശതമാനം), കാനറാബാങ്ക് (78.18 ശതമാനം), എസ്.ബി.ഐ (47.89 ശതമാനം), ഫെഡറല്‍ ബാങ്ക് (30.43 ശതമാനം), സൗത്ത് ഇന്ത്യന്‍ ബാങ്ക് (39.01 ശതമാനം) എന്നിങ്ങനെയാണ് മറ്റ് ബാങ്കുകളുടെ വായ്പ നിക്ഷേപ അനുപാതം.

മലപ്പുറം റൂബി ലോഞ്ചില്‍ നടന്ന ജില്ലാതല ബാങ്കിങ് അവലോകനയോഗം പി. ഉബൈദുള്ള എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. പ്രവാസി നിക്ഷേപം കൂടുതല്‍ മലപ്പുറം ജില്ലയിലാണ്. അതുകൊണ്ട് തന്നെ പ്രവാസികള്‍ക്ക് കൂട്ടായി സംരംഭം തുടങ്ങാനുള്ള പദ്ധതികള്‍ക്ക് ബാങ്കുകള്‍ മുന്‍കൈ എടുക്കണമെന്ന് എം.എല്‍.എ. പറഞ്ഞു. കര്‍ഷകര്‍ക്ക് അവരുടെ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്ക് മതിയായതും സമയബന്ധിതവുമായ വായ്പ നല്‍കാന്‍ സഹായിക്കുന്ന പദ്ധതിയായ കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് പരമാവധി ഉപഭോക്താക്കളിലെത്തിക്കാന്‍ ശ്രമിക്കണമെന്ന് യോഗം നിര്‍ദ്ദേശിച്ചു. ജില്ലാ കളക്ടര്‍ ഡോ. വിനയ് ഗോയല്‍ അധ്യക്ഷത വഹിച്ചു. മലപ്പുറം എല്‍.ഡി.എം എം.വി. അഞ്ജനദേവ്, തിരുവനന്തപുരം ആര്‍.ബി.ഐ. എല്‍.ഡി.ഒ. വി.എസ്. അഖില്‍, കനറാ ബാങ്ക് റീജിയണല്‍ ഹെഡ് പുലി സായ് കൃഷ്ണ, മലപ്പുറം നബാര്‍ഡ് ഡി.ഡി.എം മുഹമ്മദ് റിയാസ്, എസ്.ബി.ഐ, കനറാ ബാങ്ക്, കേരള ഗ്രാമീണ് ബാങ്ക്, ഫെഡറല്‍ ബാങ്ക്, മറ്റു ബാങ്കുകളുടെ പ്രതിനിധികള്‍, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.
