ക്ഷീരകര്ഷകന് അപകട ഇന്‍ഷ്യൂറന്‍സ് നിഷേധിച്ചു: 5.7 ലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് വിധി

അപകട ഇന്‍ഷ്യൂറന്‍സ് നിഷേധിച്ച ക്ഷീരകര്‍ഷകന്റെ കുടുംബത്തിന് 570,000 രൂപ നഷ്ടപരിഹാരം നല്കാന് ഉപഭോക്തൃ കമ്മീഷന് ഉത്തരവിട്ടു. അമരമ്പലം പാട്ടക്കരിമ്പ് സ്വദേശിയായ അഹമ്മദ് കുട്ടിയുടെ അവകാശികള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കമ്മീഷന്റെ വിധി. ക്ഷീരോദ്പാദക സഹകരണ സംഘത്തിലെ അംഗമായിരുന്ന അഹമ്മദ് കുട്ടിയ്ക്ക് അഞ്ച് ലക്ഷം രൂപയുടെ ഇന്‍ഷ്യൂറന്‍സ് പരിരക്ഷയുണ്ടായിരുന്നു.

ഓവുപാലത്തിലിരിക്കെ മറിഞ്ഞു വീണ് തലക്ക് പരിക്ക് പറ്റി. പൂക്കോട്ടുംപാടത്തേയും നിലമ്പൂരിലേയും ആശുപത്രികളില്‍ കാണിച്ച ശേഷം മഞ്ചേരി സര്‍ക്കാര്‍ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു. തുടര്‍ന്ന് രണ്ട് ദിവസത്തിനകം ആശുപത്രിയില്‍ വെച്ച് മരണപ്പെട്ടു. അപകട മരണത്തിനുള്ള ഇന്‍ഷ്യൂറന്‍സ് പരിരക്ഷക്ക് അര്‍ഹതയില്ലെന്നും അഹമ്മദ് കുട്ടി മരണപ്പെട്ടത് ആശുപത്രിയില്‍ വെച്ചുണ്ടായ ഹൃദയാഘാതത്തിലാണെന്നും ഇന്‍ഷ്യൂറന്‍സ് കമ്പനി വാദിച്ചു.
പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടറെ കമ്മീഷന് മുമ്പാകെ ഹാജരാക്കി പരാതിക്കാര്‍ വിചാരണ ചെയ്ത് തെളിവ് നല്കി. തുടര്‍ന്നാണ് ഹൃദയാഘാതത്തിന് കാരണം അപകടത്തില്‍ പറ്റിയ പരിക്കുകള്‍ കൂടിയാണെന്ന് കണ്ടെത്തിയാണ് ഉപഭോക്ത കമ്മീഷന്റെ വിധി.
ഇന്‍ഷ്യൂറന്‍സ് തുക 5,00,000/ രൂപയും ഹര്‍ജി നല്കിയ തിയ്യതി മുതല്‍ ഏഴ് ശതമാനം പലിശയും 50,000/ രൂപ നഷ്ടപരിഹാരവും 20,000/ രൂപ കോടതി ചെലവും നല്‍കണമെന്നും കമ്മീഷന് ഉത്തരവിട്ടു. ഒരു മാസത്തിനകം ഉത്തരവ് നടപ്പാക്കാതിരുന്നാല്‍ ഒന്‍പത് ശതമാനം പലിശ നല്‍കണമെന്ന് കെ. മോഹന്‍ദാസ് പ്രസിഡന്റും പ്രീതി ശിവരാമന്, സി.വി. മുഹമ്മദ് ഇസ്മായില്‍ എന്നിവര്‍ അംഗങ്ങളുമായ ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ ഉത്തരവില്‍ പറയുന്നു.

