16 ലക്ഷം രൂപയുടെ വാടക കുടിശിക; ബിഗ്ബോസ് താരം ജിന്റോയുടെ ജിം ലേലം ചെയ്തു

എറണാകുളം: പ്രമുഖ റിയാലിറ്റോ ഷോയായ ബിഗ്ബോസ് സീസണ് ആറിലെ വിജയി പി ഡി ജിന്റോയുടെ ഉടമസ്ഥതയില്‍ ആലുവയില്‍ പ്രവർത്തിക്കുന്ന ജിം ലേലം ചെയ്തു.

നഗരസഭയുടെ ക്ലോക്ക് ടവറില്‍ പ്രവർത്തിക്കുന്ന ‘ബോഡി ക്രാഫ്റ്റ് മള്‍ട്ടി ഇന്റർനാഷണല്‍ ഹെല്‍ത്ത് ക്ലബ്’ ആണ് ലേലം ചെയ്തത്.
16 ലക്ഷത്തോളം രൂപയാണ് വാടകകുടിശികയായി നല്‍കാനുള്ളത്. ലേലത്തില്‍ 6.15 ലക്ഷം രൂപ ലഭിച്ചു. 6.14 ലക്ഷം രൂപയാണ് ചുരുങ്ങിയ ലേലത്തുകയായി നിശ്ചയിച്ചിരുന്നത്. 10 ലക്ഷം രൂപയോളം ഇപ്പോഴും നഗരസഭയ്ക്ക് നഷ്ടമാണ്. ഫോർട്ട് കൊച്ചിയില്‍ ജിം നടത്തുന്നയാളാണ് ലേലം വിളിച്ചെടുത്തത്.

2017-ലാണ് 2000 ചതുരശ്ര അടി വിസ്തീർണത്തിലാണ് ജിന്റോ ജിം ആരംഭിച്ചത്. 2021-ന് ശേഷം നഗരസഭയില്‍ വാടക അടച്ചിട്ടില്ല. മൂന്നുമാസം മുൻപാണ് നോട്ടീസ് നല്കിയ ശേഷം ജിം നഗരസഭ സീല്‍ ചെയ്തത്. തുടർന്നാണ് ലേലനടപടികള്‍ പൂർത്തിയാക്കിയത്. ആലുവയില്‍ വാടകകുടിശിക നിലനില്‍ക്കെയാണ് ജിന്റോ മറ്റ് സ്ഥലങ്ങളിലും ജിമ്മിന്റെ ബ്രാഞ്ചുകള്‍ തുടങ്ങിയത്. സെലിബ്രിറ്റി ഫിറ്റ്നസ് ട്രെയിനർ എന്ന നിലയിലാണ് ജിന്റോ അറിയപ്പെട്ടിരുന്നത്.