ജിമ്മും ഡയറ്റും ഇല്ല, മാറ്റിയത് ഒരു ‘ചെറിയ ശീലം’ മാത്രം; ടെക്കി കുറച്ചത് 65 കിലോ

അമിതവണ്ണവും ശരീരഭാരവും കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ പലപ്പോഴും കഠിനമായ വ്യായാമമുറകള്‍ക്കായി ജിമ്മുകളെ ആശ്രയിക്കുകയോ കൃത്യമായ ഡയറ്റ് പ്ലാനുകള്‍ക്കായി ന്യൂട്രീഷ്യനിസ്റ്റുകളുടെ സഹായം തേടുകയോ ചെയ്യാറുണ്ട്.

എന്നാല്‍ ഇത്തരം ബാഹ്യ സഹായങ്ങളൊന്നുമില്ലാതെ, സ്വന്തം ജീവിതശൈലിയില്‍ വരുത്തിയ ചില ലളിതമായ മാറ്റങ്ങളിലൂടെ 65 കിലോഗ്രാം ശരീരഭാരം വിജയകരമായി കുറച്ച നീരജ് ഝാ എന്ന ഐടി പ്രൊഫഷണലിന്റെ അനുഭവമാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.
നമ്മളെല്ലാവരും ജങ്ക് ഫുഡ് കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ്. തിരക്കേറിയ ദിവസത്തിലും, മൂഡ് സ്വിങ്സ് ഉണ്ടാകുമ്പോഴും, പാർട്ടികളിലും അങ്ങനെ ഒട്ടുമിക്ക സമയത്തും എളുപ്പത്തില്‍ ലഭിക്കുന്ന ഭക്ഷണ വിഭവങ്ങളാണിവ എന്നതും ഇതിന്റെ ജനപ്രീതി കൂട്ടുന്നു. സമ്മർദമേറിയ ജോലികള്‍ ചെയ്യുന്ന സമയത്ത് മിക്കപ്പോഴും ഭക്ഷണം കഴിക്കുന്നത് ഒരു ടാസ്ക് തന്നെയാണ് എന്നതിനാല്‍ ജങ്ക് ഫുഡ് തന്നെയാണ് പലരും ആശ്രയിക്കുന്നത്. ഇതേ കുരുക്കില്‍പ്പെട്ട് തന്റെ ശാരീരിക മാനസിക ആരോഗ്യം നഷ്ടപ്പെട്ട വ്യക്തിയാണ് നീരജ് ഝായും. തന്റെ ഫിറ്റ്നസ് യാത്രയെക്കുറിച്ച് നീരജ് പറയുന്നതിങ്ങനെയാണ്:

അമിതവണ്ണവും ആരോഗ്യ പ്രതിസന്ധിയും
ഐടി മേഖലയിലെ ദീർഘനേരത്തെ ഇരുന്നുകൊണ്ടുള്ള ജോലിയും ക്രമരഹിതമായ ഭക്ഷണരീതിയും കാരണം നീരജ് ഝായുടെ ശരീരഭാരം 144 കിലോഗ്രാം വരെ വർധിച്ചിരുന്നു. ഇത് കടുത്ത ശാരീരിക ബുദ്ധിമുട്ടുകളിലേക്കും ആരോഗ്യപ്രശ്നങ്ങളിലേക്കും വഴിമാറി. അമിതവണ്ണം മൂലമുണ്ടായ ആരോഗ്യ പ്രതിസന്ധിയെ തുടർന്നാണ് തന്റെ ജീവിതശൈലിയില്‍ അടിയന്തിരമായി മാറ്റം വരുത്താൻ അദ്ദേഹം തീരുമാനിക്കുന്നത്.
മാറ്റത്തിന് തുടക്കം കുറിച്ച ആ ശീലം
ശരീരഭാരം കുറയ്ക്കുക എന്ന ലക്ഷ്യത്തിലേക്ക് എത്തുന്നതിനായി അദ്ദേഹം തിരഞ്ഞെടുത്തത് പെട്ടെന്നുള്ള കഠിനമായ വഴികളായിരുന്നില്ല. ജിമ്മില്‍ പോകുന്നതിനോ കലോറി കണിശമായി അളന്നു തിട്ടപ്പെടുത്തുന്ന ഡയറ്റ് പ്ലാനുകള്‍ പിന്തുടരുന്നതിനോ പകരം, കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് കൃത്യമായി നിയന്ത്രിക്കുകയാണ് അദ്ദേഹം ചെയ്തത്.
പുറത്തുനിന്നുള്ള ജങ്ക് ഫുഡുകളും പ്രോസസ്സ് ചെയ്ത ഭക്ഷണങ്ങളും പൂർണമായി ഒഴിവാക്കി, ലളിതവും പോഷകസമൃദ്ധവുമായ ഭക്ഷണക്രമത്തിലേക്ക് മാറി. ഇതിനൊപ്പം ദൈനംദിന ആഹാരക്രമത്തില്‍ നിന്നും കൃത്രിമ മധുരവും കാർബണേറ്റഡ് പാനീയങ്ങളും പൂർണമായി ഒഴിവാക്കിയതും ശരീരത്തിലെ അനാവശ്യ കലോറികള്‍ കുറയ്ക്കാൻ സഹായിച്ചു.
“ഒരു ജിമ്മിലും പോകാതെയും ന്യൂട്രീഷ്യനിസ്റ്റിന്റെ സഹായം തേടാതെയുമാണ് ഞാൻ ഈ ലക്ഷ്യം കൈവരിച്ചത്. ഭക്ഷണക്രമത്തില്‍ വരുത്തിയ കൃത്യമായ നിയന്ത്രണവും ലളിതമായ ശാരീരിക പ്രവർത്തനങ്ങളുമാണ് എന്നെ ഇതിന് സഹായിച്ചത്,” എന്ന് നീരജ് വ്യക്തമാക്കുന്നു.
ശാരീരിക പ്രവർത്തനങ്ങളുടെ പങ്ക്
ജിമ്മിലെ കഠിനമായ വർക്കൗട്ടുകള്‍ക്ക് പകരമായി ലളിതമായ ശാരീരിക പ്രവർത്തനങ്ങളാണ് അദ്ദേഹം തിരഞ്ഞെടുത്തത്. ദിവസേനയുള്ള നടത്തം കൃത്യമായി ശീലമാക്കുക വഴി ശരീരത്തിലെ മെറ്റബോളിസം വർധിപ്പിക്കാനും കലോറി എരിച്ചുകളയാനും അദ്ദേഹത്തിന് സാധിച്ചു. യാതൊരുവിധ സപ്ലിമെന്റുകളുടെയോ ന്യൂട്രീഷ്യനിസ്റ്റുകളുടെയോ സഹായമില്ലാതെ, ലളിതമായ ഈ ശീലങ്ങള്‍ കൃത്യമായി കൊണ്ടുപോയതാണ് 65 കിലോഗ്രാം ശരീരഭാരം വിജയകരമായി കുറയ്ക്കാൻ അദ്ദേഹത്തെ സഹായിച്ചത്.
ദൈനംദിന ജീവിതത്തില്‍ വരുത്തുന്ന ചെറിയതും എന്നാല്‍ തുടർച്ചയായതുമായ ശീല മാറ്റങ്ങള്‍ വലിയ ആരോഗ്യ നേട്ടങ്ങള്‍ സമ്മാനിക്കുമെന്നതിന്റെ മികച്ച തെളിവാണ് നീരജ് ഝായുടെ ഈ മാറ്റം വ്യക്തമാക്കുന്നത്.
