മെസിയുടെ പേരിലെ തട്ടിപ്പ്: സ്‌പോണ്‍സര്‍ക്കായി മുന്‍ സര്‍ക്കാരിന്റെ ‘വല്ലാത്ത കരുതല്‍’; പിഴ ഒഴിവാക്കാന്‍ ഇന്ത്യന്‍ സ്ഥാനപതിയുടെ സഹായം തേടി

ഫുട്‌ബോള്‍ ഇതിഹാസം മെസിയേയും അര്‍ജന്റീന ടീമിനേയും കേരളത്തില്‍ എത്തിക്കുന്നതിന്റെ പേരില്‍ സ്‌പോണ്‍സറെ പിന്തുണച്ച് മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തിയ ഇടപെടലിന്റെ കൂടുതല്‍ വിവരങ്ങള്‍ . പിഴ ഒഴിവാക്കാന്‍ മുന്‍ സര്‍ക്കാര്‍ നയതന്ത്ര ഇടപെടലുകള്‍ നടത്തിയതിന്റെ തെളിവുകളാണ് പുറത്തുവന്നിരിക്കുന്നത്. അര്‍ജന്റീനയിലെ ഇന്ത്യന്‍ നയന്ത്ര പ്രതിനിധിക്ക് സംസ്ഥാന സര്‍ക്കാര്‍ കത്തയച്ചിരുന്നു. അര്‍ജന്റീന ഫുട്‌ബോള്‍ ടീമിന്റെ വരവ് സംസ്ഥാന സര്‍ക്കാര്‍ ഉള്‍പ്പെട്ട ത്രികക്ഷി ഡീലെന്നും സമ്മതിക്കുന്നതാണ് ഈ കത്ത്.

മുന്‍ സര്‍ക്കാരിന്റെ ഭാഗമായ കായിക വകുപ്പ് സെക്രട്ടറിയാണ് ഇന്ത്യന്‍ സ്ഥാനപതിക്ക് കത്തയച്ചത്. പണം അയയ്ക്കാന്‍ വൈകിയത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വിന്‍ഡോ ക്ലാഷ് വന്ന പശ്ചാത്തലത്തില്‍ അര്‍ജന്റീന പിന്മാറിയിരുന്നു. സ്‌പോണ്‍സര്‍ ഫീസടയ്ക്കാന്‍ വൈകിയതിന് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ ഈടാക്കിയ പിഴ ഒഴിവാക്കണമെന്ന് അഭ്യര്‍ഥിച്ചുകൊണ്ടുള്ളതാണ് കത്ത്. ഇതില്‍ ഇന്ത്യന്‍ അംബാസിഡറുടെ ഇടപെടല്‍ ആവശ്യപ്പെട്ടായിരുന്നു കത്ത്. 2025 ജൂലൈ 7നാണ് കത്തയച്ചത്.
അര്‍ജന്റീനയുടെ പിന്മാറ്റത്തില്‍ സര്‍ക്കാരിനും സാമ്പത്തിക പ്രയാസം ഉണ്ടാകുമെന്നു കായിക വകുപ്പ് സെക്രട്ടറി ഈ കത്തില്‍ സൂചിപ്പിക്കുന്നുണ്ട്. സല്‍പ്പേരിനെ ബാധിക്കുമെന്നും ഫണ്ട് ശേഖരണം പ്രതിസന്ധിയാകുമെന്നും കത്തില്‍ പറയുന്നു. അര്‍ജന്റീന ടീമിന്റെ വരവ് സര്‍ക്കാര്‍ ഉള്‍പ്പെട്ട ത്രികക്ഷി ഡീല്‍ എന്നും സമ്മതിക്കുന്നതാണ് കത്ത്.

