Main Banner

കളക്ടറെ തേടി നഗരത്തിലൂടെ നടന്ന മുത്തശ്ശിയെ തേടിയെത്തി കളക്ടർ; ഹൃദയസ്പർശിയായ ഓർമ പങ്കുവെച്ച് തൃശൂർ മുൻ ജില്ലാ കളക്ടർ അ‍ർജുൻ പാണ്ഡ്യൻ

സ്നേഹബന്ധത്തിന്‍റെ ഹൃദയസ്പർശിയായ ഓർമ പങ്കുവെച്ച് തൃശൂർ മുൻ ജില്ലാ കളക്ടർ അ‍ർജുൻ പാണ്ഡ്യൻ ഐഎഎസ്. നാട്ടിൻ പുറത്തെ ഒരു സാധാരണ മുത്തശ്ശിയും ജില്ലാ കളക്ടറും തമ്മിലുള്ള അപൂർവ്വ ആത്മബന്ധത്തിന്‍റെ ആ കഥ സമൂഹ മാധ്യമങ്ങളിൽ വൈറലായി.

1 st paragraph

2024 ജൂലൈ മുതൽ 18 മാസം തൃശൂർ ജില്ലാ കളക്ടറായി സേവനമനുഷ്ഠിച്ച കാലത്താണ് മുത്തശ്ശിയുമായുള്ള ആത്മബന്ധം ആരംഭിച്ചതെന്ന് ഒരു വീഡിയോ പങ്കുവച്ച് കൊണ്ട് അ‍ർജുൻ പാണ്ഡ്യൻ തന്‍റെ ഫേസ്ബുക്കിലെഴുതി. ദിവസവും കളക്ടറേറ്റിലെത്തുന്ന ജനങ്ങളെ നേരിട്ട് കാണുന്നതിനായി അദ്ദേഹം സമയം മാറ്റിവെച്ചിരുന്നു. പരാതികളും ആവശ്യങ്ങളുമായി നിരവധി പേർ എത്തുന്നതിനിടെയാണ് ഒരിക്കൽ ഒരു വയോധിക കളക്ടറുടെ മുറിയിലെത്തിയതെന്ന് അർജുൻ പാണ്ഡ്യൻ എഴുതുന്നു.

‘എന്താണ് പരാതി?’ എന്ന് അദ്ദേഹം ചോദിച്ചപ്പോൾ പുഞ്ചിരിയായിരുന്നു മറുപടി. ‘പരാതിയൊന്നുമില്ല… കളക്ടറെ ഒന്ന് കാണണമെന്ന് തോന്നി വന്നതാണ്.’

2nd paragraph

അടുത്തുള്ള ട്രഷറിയിൽ പെൻഷൻ വാങ്ങാനെത്തിയതായിരുന്നു അവർ. കളക്ടറെ കാണുമ്പോൾ ചെറുപ്പത്തിൽ നഷ്ടപ്പെട്ട മകനെ ഓർമ വരുന്നതായി അവർ കളക്ടറോട് പറഞ്ഞു. അന്ന് ഇരുവരും ചേർന്ന് ഒരു ഫോട്ടോയെടുത്തു. എന്നാൽ, ആ കൂടിക്കാഴ്ച അവിടെ അവസാനിച്ചില്ല. അടുത്ത മാസം മുത്തശ്ശി വീണ്ടും എത്തി. പിന്നിടൊരിക്കൽ കാണാനെത്തിയപ്പോൾ എടുത്ത ഇരുവരുടെയും ഫോട്ടോ മുത്തശ്ശി പ്രിന്‍റെ ചെയ്ത് തന്‍റെ പോഴ്സിൽ സൂക്ഷിച്ചിരുന്നു. പിന്നീടുള്ള വരവുകളിൽ അവർ കളക്ടർക്കായി ഒരു ചോക്ലേറ്റ് എപ്പോഴും കരുതും. പിന്നീട് എല്ലാ മാസവും ഇതൊരു പതിവായെന്നും കളക്ടർ എഴുതുന്നു. പരാതികളൊന്നുമില്ലാതെ ഒരു പുഞ്ചിരിയും ചോക്ലേറ്റും വാത്സല്യവുമായി എല്ലാ മാസവും ട്രഷറിയിൽ പെൻഷൻ വാങ്ങാനെത്തുമ്പോഴൊക്കെ അവർ കളക്ടറെറ്റിലെത്തി കളക്ടറെ കണ്ടു. ഒന്ന് കാണാൻ വേണ്ടി മാത്രം. ‘ജില്ലാ കളക്ടറെ കാണാറുണ്ട്’ എന്ന മുത്തശ്ശിയുടെ വാക്കുകൾ അവിശ്വസിച്ച പേരക്കുട്ടിയുമായാണ് ഒരിക്കലവരെത്തിയത്. കളക്ടറുമായുള്ള തന്‍റെ ആത്മബന്ധത്തിന് പേരക്കുട്ടിയ്ക്ക് തെളിവ് നൽകാൻ.

2026 മാർച്ചിൽ സ്ഥലം മാറിയ ശേഷവും ആ സ്നേഹബന്ധം അവസാനിച്ചില്ലെന്ന് അർജ്ജുൻ പാണ്ഡ്യൻ എഴുതുന്നു. ഒടുവിൽ കഴിഞ്ഞ പുലികളിയുടെ ആവേശത്തിനിടെ തൃശൂരിലെത്തിയ മുൻ കളക്ടർ അവിടെയുണ്ടെന്നറിഞ്ഞ മുത്തശ്ശി അദ്ദേഹത്തെ കാണാൻ നഗരത്തിലൂടെ ഏറെ അന്വേഷിച്ച് നടന്നു. ഗസ്റ്റ് ഹൗസിൽ എത്തിയെങ്കിലും തനിക്ക് മുത്തശ്ശിയെ കാണാൻ കഴിഞ്ഞില്ലെന്ന് കളക്ടർ എഴുതുന്നു. ഒടുവിൽ വിവരമറിഞ്ഞ് മുതുവറയിലെ മുത്തശ്ശിയുടെ വീട്ടിലെത്തിയ കളക്ടർ ആ വീട്ടിലെ കാഴ്ച കണ്ട് വികാരഭരിതനായി.

ആ ചെറിയ വീട്ടിലെ ചുവരിൽ ഇരുവരും ചേർന്നെടുത്ത പഴയ ചിത്രം മനോഹരമായി ഫ്രെയിം ചെയ്ത് സൂക്ഷിച്ചിരിക്കുന്നു. പരിമിതമായ ജീവിത സാഹചര്യങ്ങൾക്കിടയിലും മുത്തശ്ശി ഓരോ മാസവും തനിക്കായി ഒരു ചോക്ലേറ്റ് സ്നേഹപൂർവ്വം കരുതി വച്ചിരുന്നെന്ന് അറിഞ്ഞപ്പോൾ തന്‍റെ കണ്ണുകൾ നിറഞ്ഞെന്ന് അദ്ദേഹം കുറിച്ചു. പദവികളും കസേരകളും താൽക്കാലികമാണെന്നും. എന്നാൽ ചില മനുഷ്യർ സമ്മാനിക്കുന്ന സ്നേഹത്തിന് കാലാവധിയില്ലെന്നും അദ്ദേഹം കൂട്ടിചേർക്കുന്നു. തൃശൂർ സമ്മാനിച്ച ഈ ബന്ധം ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യങ്ങളിലൊന്നായി ഹൃദയത്തിൽ തുടരുമെന്ന് കുറിച്ച് കൊണ്ടാണ് അർജുൻ പാണ്ഡ്യൻ തനിക്ക് ലഭിച്ച അപൂർവ്വ സ്നേഹ കഥ അവസാനിപ്പിക്കുന്നത്.