ആന്റോ അഗസ്റ്റിന്റെ വയനാട്ടിലെ വീട്ടില്‍ വന്‍ മദ്യശേഖരം; 43 ലിറ്റര്‍ വിദേശമദ്യവും 7 ലിറ്റര്‍ വൈനും പിടികൂടി

വയനാട്: മെസിയുടെ പേരില്‍ നടന്ന തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട റെയ്ഡില്‍ ആന്റോ അഗസ്റ്റിന്റെ വീട്ടില്‍ വന്‍ മദ്യശേഖരം കണ്ടെത്തി. വയനാട് വാഴവറ്റയിലെ വീട്ടില്‍ നടത്തിയ വീട്ടിലാണ് 43 ലിറ്റര്‍ വിദേശമദ്യവും 7 ലിറ്റര്‍ വൈനും പിടികൂടിയത്. എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥര്‍ കൂടി വീട്ടിലെത്തി പരിശോധന നടത്തി.

ആന്റോ അഗസ്റ്റിനെതിരെ അബ്കാരി ആക്ട് പ്രകാരമുള്ള നടപടിക്ക് സാധ്യതയുണ്ട്. മെസിയെ കേരളത്തിലെത്തിക്കാമെന്ന പേരിലെ തട്ടിപ്പില്‍ ആന്റോ അഗസ്റ്റിന്റെ വീടുകളിലും റിപ്പോര്‍ട്ടര്‍ ചാനല്‍ ഓഫിസിലും ഉള്‍പ്പെടെ അഞ്ചിടത്താണ് റെയ്ഡ് നടന്നത്. ഇന്ന് പുലര്‍ച്ചെയോടെയാണ് പ്രത്യേക അന്വേഷണസംഘം റിപ്പോര്‍ട്ടര്‍ ചാനലിന്റെ കൊച്ചി കളമശേരി ഓഫിസില്‍ പരിശോധന നടത്തിയത്. പരിശോധന മണിക്കൂറുകളോളം നീണ്ടു. പുലര്‍ച്ചെയോടെ സെര്‍ച്ച് വാറണ്ടുമായെത്തിയാണ് റിപ്പോര്‍ട്ടര്‍ ചാനല്‍ ഓഫിസില്‍ പൊലീസ് പരിശോധന നടത്തിയത്. തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലുള്ള സംഘം ഉള്‍പ്പെടെ ചാനല്‍ ഓഫിസിലേക്ക് എത്തിയിരുന്നു. എഡിജിപി പി വിജയന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പരിശോധനയും ബന്ധപ്പെട്ട നടപടികളും നടത്തിയത്. മെസിയെ എത്തിക്കാമെന്ന് പറഞ്ഞ സ്പോണ്സര് ആന്റോ അഗസ്റ്റിന്റെ വീടും മറ്റ് ഓഫിസുകളുള്ള വയനാട്ടിലും ഇതേ സമയത്ത് തന്നെ മറ്റൊരു സംഘവും പരിശോധനകള്‍ നടത്തുകയായിരുന്നു.
ഈ നടപടികള്‍ സര്‍ക്കാര്‍ നയത്തിന്റെ ഭാഗമല്ലെന്നും പൊലീസ് നടപടിയുടെ ഭാഗമാണെന്നും മുഖ്യമന്ത്രി വി ഡി സതീശന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ജിഎസ്ടി വകുപ്പിന്റെ പ്രാഥമിക അന്വേഷണത്തിലും കായിക വകുപ്പ് റിപ്പോര്‍ട്ടിലും ഗുരുതര കണ്ടെത്തലുകള്‍ ഉണ്ടായതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. ആ ചാനലിന്റെ സംപ്രേക്ഷണം തടസപ്പെടുത്തിയതായി അറിയില്ല. ആ ചാനലില്‍ തന്നെയാണ് റെയ്ഡിന്റെ വാര്‍ത്ത കണ്ടതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

