ഗാന്ധിജയന്തി വാരാചരണത്തിന് മലപ്പുറം ജില്ലയില്‍ വിപുലമായ പരിപാടികള്‍

ഗാന്ധിജയന്തി വാരാചരണത്തോടനുബന്ധിച്ച് ജില്ലയില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ എഡിഎം പി ഒ സാദിഖിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ഒക്ടോബര്‍ ഒന്ന് മുതല്‍ ആറ് വരെ വിവിധ കേന്ദ്രങ്ങളിലായാണ് പരിപാടികള്‍ നടക്കുക. ഒക്ടോബര്‍ ഒന്നിന് രാവിലെ തിരുനാവായ ഗാന്ധി സ്തൂപവും പരിസരവും റീ എക്കോയുടെ നേതൃത്വത്തില്‍ ശുചീകരിക്കും. ഒക്ടോബര്‍ രണ്ടിന് രാവിലെ 10ന് മലപ്പുറം കളക്ടറേറ്റിലെ ഗാന്ധിപ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തും. റീ എക്കോയുടെ നേതൃത്വത്തില്‍ തിരുനാവായ ഗാന്ധി സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും സര്‍വമത പ്രാര്‍ഥനയും സംഘടിപ്പിക്കും.

ഒക്ടോബര്‍ നാലിന് സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ ഗാന്ധി സ്മൃതി പ്രഭാഷണങ്ങള്‍ നടത്തും. ഒക്ടോബര്‍ ആറിന് രാവിലെ 10ന് സിവില്‍ സ്റ്റേഷനിലെ ആസൂത്രണ ഭവന് ഹാളില്‍ ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്കും സാക്ഷരതാ മിഷന്റെ തുല്യതാ പഠിതാക്കള്‍ക്കും ക്വിസ് മത്സരം സംഘടിപ്പിക്കും. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം, ഗാന്ധിജിയുടെ ജീവിതം, പൊതുവിജ്ഞാനം എന്നിവ അടിസ്ഥാനമാക്കിയാണ് മത്സരം. ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി സകൂളുകളില്‍ നിന്ന് രണ്ട് പേരടങ്ങുന്ന ഓരോ ടീമിന് മത്സരത്തില്‍ പങ്കെടിക്കാം.
പങ്കെടുക്കാന്‍ ഉദ്ദേശിക്കുന്ന വിദ്യാര്‍ത്ഥികള്‍ സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം, വിദ്യാര്‍ത്ഥികളുടെ ഐ.ഡി കാര്‍ഡ് എന്നിവ സഹിതം ഒക്ടോബര്‍ 6 ന് രാവിലെ 9 30ന് മലപ്പുറം സിവില്‍ സ്റ്റേഷനിലെ ആസൂത്രണ ഭവന് കോണ്‍ഫറന്‍സ് ഹാളില്‍ എത്തണം. ആദ്യ സ്ഥാനങ്ങള്‍ നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ക്യാഷ് പ്രൈസും സര്‍ട്ടിഫിക്കറ്റും നല്‍കും. ജില്ലാ സാക്ഷരതാ മിഷന് കോഡിനേറ്റര്‍ അബ്ദുല്‍ റഷീദ് ചോല, ഡി്.ഡി എഡ്യൂക്കേഷന്‍ ജൂനിയര്‍ സൂപ്രണ്ട് അഫ്താബ്, റീ എക്കോ പ്രസിഡണ്ട് അബ്ദുല്‍ റഷീദ്, ഉമ്മര്‍ ചിറക്കല്‍, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി. റഷീദ് ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.

