വൈലത്തൂർ ടൗൺ വികസനത്തിനുള്ള നടപടികളുമായി താനൂർ എം എൽ എ പി.കെ നവാസ് ; സർവ്വേ നടപടികൾക്ക് തുടക്കമായി


വൈലത്തൂർ: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ വൈലത്തൂർ ടൗൺ വികസനത്തിനായുള്ള പ്രാഥമിക നടപടികൾ ആരംഭിച്ചു. ടൗണിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണുന്നതിൻ്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിൻ്റെ അധീനതയിലുള്ള റോഡിൻ്റെ യഥാർത്ഥ അതിർത്തി കണ്ടെത്താനും മാർക്ക് ചെയ്യാനുമുള്ള സർവേ നടപടികളാണ് തുടങ്ങിയത്. താനൂർ എം.എൽ.എ പി.കെ. നവാസിൻ്റെ നേതൃത്വത്തിൽ ഇന്നലെ രാവിലെ ഒമ്പത് മണിയോടെയാണ് പ്രവർത്തനങ്ങൾ ആരംഭിച്ചത്.
തിരൂർ ഭൂരേഖാ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ നടന്ന സർവേയിൽ, വൈലത്തൂർ ടൗണിലെ തിരൂർ ഭാഗത്തുനിന്ന് തുടങ്ങി താനാളൂർ റോഡ് ജംഗ്ഷൻ വരെയുള്ള ഒരു വശത്തെ അതിർത്തി നിർണ്ണയം പൂർണ്ണമായും പൂർത്തിയായി. ശേഷിക്കുന്ന ഭാഗങ്ങളിലെ അളവെടുപ്പും മാർക്കിംഗും അടുത്ത ദിവസങ്ങളിൽ നടക്കും.

ജില്ലാ കളക്ടറുടെ പ്രത്യേക നിർദ്ദേശപ്രകാരമാണ് റവന്യൂ-പൊതുമരാമത്ത് ഉദ്യോഗസ്ഥർ സംയുക്തമായി സ്ഥലത്തെത്തി സർവേ നടപടികൾ വേഗത്തിലാക്കിയത്. സർവേയർമാരായ സുജിത്, ഷമ്മാസ്, പൊതുമരാമത്ത് റോഡ്സ് വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ സിമി, അസിസ്റ്റന്റ് എഞ്ചിനീയർ വിമൽ എന്നിവർ സാങ്കേതിക നടപടികൾക്ക് നേതൃത്വം നൽകി.
ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ആർ. കോമുക്കുട്ടി, വികസന ഉപസമിതി അംഗങ്ങൾ, ജനപ്രതിനിധികൾ എന്നിവരും സർവേ സംഘത്തോടൊപ്പം സന്നിഹിതരായിരുന്നു. അതിർത്തി നിർണ്ണയം പൂർത്തിയാകുന്നതോടെ റോഡ് വികസനത്തിൻ്റെ തുടർനടപടികളിലേക്ക് വേഗത്തിൽ കടക്കാൻ സാധിക്കുമെന്ന് അധികൃതർ അറിയിച്ചു.
