യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റ ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പ്: ഫലത്തില്‍ ആകാംക്ഷയോടെ കേരളം, വോട്ടെണ്ണല്‍ രാവിലെ 10 മണി മുതല്‍

സംസ്ഥാനത്തെ തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിന്റെ ഫലം ഇന്നറിയാം. 38 വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ അന്തിമ പോളിങ് 58.82 ശതമാനമാണ്. രാവിലെ 10 മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. ഭരണസമവാക്യങ്ങളെ സ്വാധീനിക്കുന്ന ചില വാര്‍ഡുകള്‍ ഉള്‍പ്പെടെ 38 ഇടങ്ങളിലെ ജനവിധിയാണ് ഇന്ന് പുറത്തുവരുന്നത്.

3,09,713 വോട്ടര്‍മാരില്‍ 1.82 ലക്ഷത്തോളം പേര്‍ സമ്മതിദാനാവകാശം വിനിയോഗിച്ചു. 126 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്ത്. രണ്ട് കോര്‍പ്പറേഷന്‍ വാര്‍ഡുകള്‍, മൂന്ന് നഗരസഭാ വാര്‍ഡുകള്‍, മൂന്ന് ജില്ലാ പഞ്ചായത്ത് ഡിവിഷനുകള്‍, ഏഴ് ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകള്‍, 23 ഗ്രാമപഞ്ചായത്ത് വാര്‍ഡുകള്‍ അങ്ങനെ ആകെ 38 വാര്‍ഡുകളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. 385 പോളിങ് സ്റ്റേഷനുകളിലായിരുന്നു വോട്ടെടുപ്പ്.
യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷമുള്ള ആദ്യ തദ്ദേശ ഉപതിരഞ്ഞെടുപ്പ്. അതുകൊണ്ടുതന്നെ 38 വാര്‍ഡുകളിലെ ജനവിധിയിലേക്ക് കണ്ണ് നട്ടിരിക്കുകയാണ് രാഷ്ട്രീയ കേരളം. നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷമുള്ള രാഷ്ട്രീയ മനോഭാവം എങ്ങോട്ടെന്നതിന്റെ പ്രാദേശിക സൂചനകള്‍ തേടുകയാണ് മുന്നണികള്‍. എന്നാല്‍, സംസ്ഥാനതലത്തിലെ അധികാര സമവാക്യം മാറ്റുന്നതല്ല ഈ ഫലം. പ്രാദേശിക ഭരണസമവാക്യങ്ങളില്‍ മാറ്റം വരുത്താന്‍ കഴിയുന്ന ചില വാര്‍ഡുകളാണ് കൂടുതല്‍ ശ്രദ്ധയില്‍.

തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് കല്ലറ ഡിവിഷന്‍, കോട്ടയം ജില്ലാ പഞ്ചായത്ത് തൃക്കൊടിത്താനം, പാലക്കാട് ജില്ലാ പഞ്ചായത്ത് പല്ലശ്ശന, കൊച്ചി കോര്‍പ്പറേഷനിലെ അയ്യപ്പന്‍കാവ്, കോഴിക്കോട് കോര്‍പ്പറേഷനിലെ കുറ്റിച്ചിറ ഇവിടങ്ങളിലെ പോരാട്ടങ്ങള്‍ക്കാണ് പ്രത്യേക ശ്രദ്ധ. നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ രാജിവച്ചതിനെ തുടര്‍ന്നാണ് ഉള്‍പ്പെടെ വിവിധ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.
തിരുവനന്തപുരം മംഗലപുരം ഗ്രാമപഞ്ചായത്തിലെ മുണ്ടയ്ക്കല്‍ വാര്‍ഡും നിര്‍ണായക ശ്രദ്ധാകേന്ദ്രമാണ്. 22 അംഗ പഞ്ചായത്തില്‍ യുഡിഎഫ്, എല്‍ഡിഎഫ്, ബിജെപി എന്നിവര്‍ക്ക് ഏഴ് വീതം അംഗങ്ങളുള്ള സാഹചര്യത്തിലാണ് ഉപതിരഞ്ഞെടുപ്പ്. അതുകൊണ്ടുതന്നെ മുണ്ടയ്ക്കലിലെ ഫലം നിലവിലെ ഭരണസമവാക്യത്തിലും സ്വാധീനം ചെലുത്താം.
