ഞെട്ടിച്ച രണ്ടുമരണങ്ങൾ! പ്രിയപ്പെട്ടവരുടെ അകാല വിയോഗത്തിൽ കെ.ടി ജലീൽ

പഞ്ചായത്ത് മെമ്പർ അഹമ്മദ് കുട്ടിയുടെയും മാധ്യമപ്രവർത്തകൻ സുരേഷ് ഇ നായരുടെയും അകാല വിയോഗത്തിൽ കെ.ടി ജലീലിൻ്റെ ഹൃദയ സ്പർശിയായ കുറിപ്പ്.

ഫേസ് ബുക്ക് കുറിപ്പിൻ്റെ പൂർണ്ണ രൂപം :
ഞെട്ടിച്ച രണ്ടുമരണങ്ങൾ!

ചെമ്പിക്കൽ അഹമ്മദ് കുട്ടിയും മാധ്യമം സുരേഷും അകാലത്തിലാണ് നമ്മോട് വിട പറഞ്ഞത്. രണ്ടുപേർക്കും എന്നെക്കാൾ പ്രായം കുറവാണ്. ഇരുവരെയും വർഷങ്ങളായി എനിക്കറിയാം. രണ്ടു പേരും കോൺഗ്രസ് പ്രവർത്തകർ. അഹമ്മദ് കുട്ടി കുറ്റിപ്പുറം പഞ്ചായത്ത് മെമ്പർ, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എന്നീ നിലകളിൽ നിറഞ്ഞു നിന്നു. സുരേഷിൻ്റെ ഭാര്യ വട്ടംകുളം പഞ്ചായത്ത് മെമ്പറായി ജയിച്ചത് ഒരു കടുത്ത മൽസരത്തിലാണ്. അഹമ്മദ് കുട്ടി മുഴുസമയ പൊതുപ്രവർത്തകൻ ആയിരുന്നൈങ്കിൽ, സുരേഷ് പൊതുപ്രവർത്തനവും മാധ്യമ പ്രവർത്തനവും, കാറ്ററിംഗ് ബിസിനസും ഒരുമിച്ച് കൊണ്ടുപോയി തൻ്റെ സമകാലികർക്ക് മാതൃകയായി.
എം.എൽ.എ എന്ന നിലയിൽ സുരേഷുമായി അടുത്ത ബന്ധമാണ് പുലർത്തിയത്. ഇടക്കവെച്ച് ഒന്നകന്നെങ്കിലും പിന്നീട് വീണ്ടും ഞങ്ങൾ അടുത്ത് ഇടപഴകി. മാധ്യമം പത്രത്തിൻ്റെ ലേഖകൻ എന്ന നിലയിലാണ് സുരേഷ് സുഹൃത്തുക്കൾക്കിടയിലും പൊതു സമൂഹത്തിലും അറിയപ്പെട്ടത്. മണ്ഡലത്തിലെ പൊതു വികസന കാര്യങ്ങളിൽ തൽപ്പരനായിരുന്ന സുരേഷ് തുറന്ന അഭിപ്രായങ്ങൾ പറയും. അത് ചിലപ്പോൾ ഞങ്ങൾ തമ്മിൽ ചില ഉരസലുകൾക്ക് വഴിവെച്ചു.
സുരേഷിൻ്റെ ഭാര്യ പഞ്ചായത്ത് മെമ്പറായപ്പോൾ വികസന പ്രശ്നങ്ങളിൽ നന്നായി സഹകരിച്ചു. കുറച്ചുകാലം സുരേഷുമായി മിണ്ടാതെയും നടന്നത് ഓർക്കുന്നു. പിന്നീട് ഞങ്ങൾക്കിടയിൽ പഴയ സൗഹൃദം പുനസ്ഥാപിക്കപ്പെട്ടു. സ്വന്തമായി വീടെന്ന സ്വപ്നം യാഥാർത്ഥ്യമായപ്പോൾ ആ സന്തോഷത്തിൽ പങ്കുചേരാൻ സുരേഷ് എന്നെയും വിളിച്ചിരുന്നു. അന്ന് ചെന്നപ്പോൾ വീട്ടുകാരെയും ബന്ധുക്കളെയും എനിക്ക് പരിചയപ്പെടുത്തിത്തന്നു. കൊച്ചു നടുമുറ്റവും പൂജാമുറിയും എല്ലാമുള്ള ചെറിയ നെല്ലാരു വീടാണ് സുരേഷും നല്ലപാതിയും കൂടി പണിതത്.
പത്രസമ്മേളനങ്ങളിൽ പരസ്പരം കൊമ്പുകോർത്തപ്പോഴും ഉള്ളിൽ എവിടെയോ സുരേഷിനോടുള്ള സ്നേഹം അവശേഷിച്ചു. അധികം വൈകാതെ അകൽചയുടെ വേദന മനസ്സിലാക്കിയ ഞങ്ങൾ, മുറിഞ്ഞുപോയ സൗഹൃദം വിളക്കിച്ചേർത്തു. കാറ്ററിംഗ് നടത്തിപ്പുക്കാരൻ എന്ന നിലയിൽ മികച്ച ഭക്ഷണം നൽകാൻ സുരേഷ് പ്രത്യേകം ശ്രദ്ധിച്ചു. അവൻ്റെ ഭക്ഷണമാണെന്ന് പറഞ്ഞാൽ പിന്നെ ഒന്നും നോക്കില്ല. വേണ്ടെങ്കിലും കുറച്ചു കഴിക്കും. സുരേഷിൻ്റെ സാമ്പാറിനും ചട്ട്നിക്കും ചമ്മന്തിക്കും മസാലദോശക്കും ഊത്തപ്പത്തിനും പ്രത്യേക സ്വാദായിരുന്നു. എന്നെക്കാൾ ഏഴു വയസ്സ് ഇളപ്പമുള്ള സമയത്താണ് നിന്നനിൽപ്പിൽ ഒരക്ഷരം ഉരിയാടാതെ സുരേഷ് യാത്രയായത്.
ചെമ്പിക്കൽ അഹമ്മദ് കുട്ടി പൊതുപ്രവർത്തകർക്ക് മാതൃകയായി ജീവിച്ച നാട്ടിൻപുറത്തുകാരനാണ്. പുഞ്ചിരി തൂകുന്ന മുഖവുമായല്ലാതെ അഹമ്മദ്കുട്ടിയെ ആരും കണ്ടിട്ടുണ്ടാവില്ല. ആരോടും തർക്കിക്കാനോ തൻ്റെ വാദങ്ങൾ സ്ഥാപിച്ചെടുക്കാനോ അഹമ്മദ് കുട്ടി മുതിർന്നില്ല. എല്ലാവരുമായും അടുത്തിടപഴകി. മൊത്തം പോൾ ചെയ്ത വോട്ടിൻ്റെ 90% നേടി വിജയിക്കാൻ കഴിഞ്ഞ അത്യപൂർവ്വം പഞ്ചായത്തു മെമ്പർമാരിൽ ഒരാളെയാണ് നിർണ്ണിത കാലം എത്തുംമുമ്പേ നഷ്ടമായത്. പൊതുപ്രവർത്തകനെന്ന അംഗീകാരം പാഴൂർ മഹല്ല് കമ്മിറ്റിയുടെ സെക്രട്ടറി പദത്തിലും അഹമ്മദ്കുട്ടിയെ എത്തിച്ചു.
സത്യസന്ധത കൈമുതലാക്കി പ്രവർത്തിച്ച അഹമ്മദ് കുട്ടിയുടെ വിയോഗ വാർത്തറിഞ്ഞ് അദ്ദേഹത്തിൻ്റെ വീട്ടിലെത്തി പ്രായമായ ഉമ്മയേയും ജേഷ്ഠ സഹോദരനെയും അനുജത്തിയേയും മൂത്ത മകനെയും കണ്ടിരുന്നു. മാതാവ് ജീവിച്ചിരിക്കെ മക്കൾ വിടപറയുമ്പോഴുള്ള ഒരുമ്മയുടെ ദുഃഖത്തിൻ്റെ ആഴം അവരുടെ കണ്ണീരിൽ കുതിർന്ന മുഖം വിളിച്ചോതി. ഏതാണ്ട് ഒരുമണിക്കൂറോളം അഹമ്മദ് കുട്ടിയുടെ കുടുംബത്തോടൊപ്പം ചെലവഴിച്ചാണ് യാത്ര ചോദിച്ച് ഇറങ്ങിയത്.
സുരേഷും അഹമ്മദ് കുട്ടിയും സമൂഹത്തിൽ സജീവമായി നിൽക്കവെയാണ് ആരോടാരോടും തിരിച്ചുപോക്കിൻ്റെ സൂചന നൽകാതെ രണ്ടുപേരും കാലയവനികക്കുള്ളിൽ മറഞ്ഞത്. ഇരുവർക്കും അമ്പതിൻ്റെ ചുറ്റുവട്ടത്താണ് പ്രായം. രണ്ടുപേരും പൊതുപ്രവർത്തന രംഗത്ത് സജീവമായർ. ട്രൈൻ പാളത്തോട് ഓരംചേർന്ന് കിടക്കുന്ന കരിങ്കൽ കഷ്ണങ്ങൾ നിറഞ്ഞ ചെളി പറ്റാത്ത വഴിയിലൂടെ തീവണ്ടിയുടെ ചൂളംവിളി കേൾക്കാതെ നടന്നാണ് അഹമ്മദ് കുട്ടിയും സുരേഷും അനശ്വര ലോകത്തേക്ക് ഓടിപ്പോയത്. പ്രിയ സ്നേഹിതരുടെ വേർപാടിൽ അഗാതമായ ദുഃഖം… ആദരാഞ്ജലികൾ.
