കോട്ടക്കൽ മണ്ഡലത്തിൽ ലഹരിക്കെതിരെ ബോധവത്കരണ സിനിമ ‘ഡെയ്ഞ്ചറസ് വൈബ്’ പ്രദർശിപ്പിച്ചു

കോട്ടക്കൽ: ലഹരിക്കെതിരായ പോരാട്ടത്തിന് ശക്തമായ ബോധവത്കരണ സന്ദേശവുമായി ഓപ്പറേഷൻ തൂഫാനെ ആദ്യമായി സിനിമയിലൂടെ അടയാളപ്പെടുത്തിയ ‘ഡെയ്ഞ്ചറസ് വൈബ്’ കോട്ടക്കൽ നിയോജക മണ്ഡലത്തിൽ പ്രദർശിപ്പിച്ചു. കോട്ടക്കൽ ലീന തീയേറ്ററിൽ നടന്ന സൗജന്യ പ്രദർശനത്തിൽ നിരവധി പേർ പങ്കെടുത്തു.
കേരള നിയമസഭയുടെ ചരിത്രത്തിൽ ആദ്യമായി സാമാജികർക്കു മുന്നിൽ പ്രദർശിപ്പിക്കപ്പെട്ട ചിത്രമെന്ന പ്രത്യേകതയുള്ള ‘ഡെയ്ഞ്ചറസ് വൈബ്’ നിലവിൽ സംസ്ഥാനത്തെ 140 നിയോജകമണ്ഡലങ്ങളിൽ പ്രദർശിപ്പിച്ചുവരികയാണ്.
ചലച്ചിത്ര സംവിധായകൻ ഫൈസൽ ഹുസൈൻ കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തിൽ ചലച്ചിത്ര താരങ്ങളായ അപ്പുണ്ണി ശശി, ജയരാജ് കോഴിക്കോട് എന്നിവർക്കൊപ്പം സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരായ അൻഷി, പാണാലി ജുനൈസ്, ഹരിത്ത് വിജയകൃഷ്ണൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

കോട്ടക്കൽ നിയോജകമണ്ഡലം തല പ്രദർശനോദ്ഘാടനവും അനുബന്ധമായി സംഘടിപ്പിച്ച ലഹരിവിരുദ്ധ ബഹുജനസംഗമവും പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
യുവാക്കളിലും പൊതുസമൂഹത്തിലും ലഹരിക്കെതിരായ അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് ചിത്രത്തിന്റെ പ്രദർശനം സംഘടിപ്പിച്ചതെന്ന് പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ എ പറഞ്ഞു.
ലഹരിയുടെ അപകടങ്ങളെയും അതിനെതിരായ സാമൂഹിക ഇടപെടലുകളുടെ പ്രാധാന്യത്തെയും ജനങ്ങളിലെത്തിക്കുന്നതിൽ ഇത്തരം സിനിമാ പ്രദർശനങ്ങൾ വലിയ പങ്കുവഹിക്കുമെന്നും എം എൽ എ പറഞ്ഞു.
എം.എൽ. എ ലഹരി വിരുദ്ധ പ്രതിജ്ഞയും ചൊല്ലിക്കൊടുത്തു. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആസാദ് അജയ് എ.വി,വളാഞ്ചേരി നഗരസഭ ചെയർപേഴ്സൺ ഹസീന വട്ടോളി , പൊന്മള പഞ്ചായത്ത് പ്രസിഡന്റ് വി.എ. റഹ്മാൻ,
മാറാക്കര പഞ്ചായത്ത് പ്രസിഡന്റ് ഒ.കെ. സുബൈർ, കുറ്റിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് കൈപ്പള്ളി അബ്ദുള്ളക്കുട്ടി, എടയൂർ പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര കെ., ഇരിമ്പിളിയം പഞ്ചായത്ത് പ്രസിഡന്റ് റജുല നൗഷാദ്, നഗരസഭ വൈസ് ചെയർപേഴ്സൺ പാറൊളി റംല, വൈസ് പ്രസിഡൻ്റുമാരായ എ.കെ. മുസ്തഫ , പി . എസ് ലത ടീച്ചർ , ഷാഹിദ യൂസഫ്, സാജിദ് മങ്ങാട്ടിൽ , സുലൈമാൻ പാറമ്മൽ , അബ്ദു മങ്ങാടൻ , കെ.പി അബ്ദുൽ കരീം,
കോട്ടക്കൽ സർക്കിൾ ഇൻസ്പെക്ടർ അബ്ദുൽ ഹക്കീം കെ., കുറ്റിപ്പുറം അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ കെ. ഗണേശൻ, കോട്ടക്കൽ സബ് ഇൻസ്പെക്ടർ ബിൻഷാദ് അലി, ഒളിമ്പിക്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് യു. തിലകൻ, ലഹരി നിർമ്മാർജന സമിതി സംസ്ഥാന സെക്രട്ടറി ഒ. കുഞ്ഞിക്കോമു മാസ്റ്റർ , ജനപ്രതിനിധികൾ , വിവിധ സ്കൂളുകളിലെ എൻ. എസ് എസ് വളണ്ടിയർമാർ , സ്കൗട്ട്&ഗൈഡ്സ് , വിദ്യാർത്ഥികൾ , മാധ്യമ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.

