മത്സ്യബന്ധന വള്ളം മറിഞ്ഞു; ഒരാൾ മരിച്ചു; നാല് പേർക്ക് പരുക്ക്

തൃശൂർ:ചെന്ത്രാപ്പിന്നി ചാമക്കാല ബീച്ചിൽ മത്സ്യബന്ധന വെള്ളം മറിഞ്ഞ് തൊഴിലാളി മരിച്ചു. നാലു പേർ രക്ഷപ്പെട്ടു. ഇന്ന് രാവിലെ പതിനൊന്നരയോടെയായിരുന്നു അപകടം.

തൃശൂർ ചാമക്കാല രാജീവ് റോഡ് സ്വദേശി പത്മനാഭൻ ആണ് മരിച്ചത്. 56 വയസായിരുന്നു. അഞ്ച് തൊഴിലാളികളുമായി രാവിലെ മത്സ്യ ബന്ധനത്തിനിറങ്ങിയ കൃഷ്ണദീപം ഫൈബർ വെള്ളമാണ് അപകടത്തിൽപ്പെട്ടത്. മൽസ്യബന്ധനം കഴിഞ്ഞു മടങ്ങുമ്പോഴായിരുന്നു സംഭവം. കരയിൽ നിന്ന് നൂറു മീറ്റർ അകലെയുള്ള ശക്തമായ തിരയിൽപ്പെട്ട് വള്ളം മറിയുകയായിരുന്നു. ഉടനെ മറ്റ് മൽസ്യതൊഴിലാളികൾ അപകടത്തിൽപ്പെട്ടവരെ കരയ്ക്കെത്തിച്ചു. പത്മനാഭനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
വള്ളത്തിലെ വലയ്ക്കും എഞ്ചിനും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. ഒരാഴ്ച്ച മുമ്പ് അവരുടെ തന്നെ മറ്റൊരു വള്ളം തിരമാലയിടിച്ച് തകർന്നിരുന്നു