പടിഞ്ഞാറെക്കരയിൽ കടലിൽ തകർന്ന ഉരുവിലെ ജീവനക്കാർ ബേപ്പൂരിൽ

തിരൂർ: പടിഞ്ഞാറെക്കരയിൽ മണൽത്തിട്ടിൽ കുടുങ്ങിയശേഷം ശക്തമായ തിരയിൽ തകർന്ന ‘രാജാമണി’ എന്ന യന്ത്രവത്‌കൃത ഉരുവിലെ തമിഴ്‌നാട്‌ സ്വദേശികളായ എട്ടുപേരും ബേപ്പൂർ തുറമുഖത്തെത്തി. ബേപ്പൂർ തുറമുഖത്തു നിന്ന്‌ മൂന്നു ദിവസം മുമ്പാണ്‌ ഈ ഉരു ദ്വീപിലേക്ക്‌ കെട്ടിടനിർമാണസാമഗ്രികളുമായി പോകവേ കടലിലെ പ്രതികൂല കാലാവസ്ഥയിൽപ്പെട്ട്‌ തകർന്നത്‌.

മിനിക്കോയ്‌ ദ്വീപിലേക്കുള്ള നിത്യോപയോഗവസ്തുക്കളും ഹോളോബ്രിക്സ്‌, വാർക്കക്കമ്പി, എംസാൻഡ്‌, ഫർണിച്ചർ, ബൈക്കുകൾ, സൈക്കിളുകൾ തുടങ്ങിയവയാണ്‌ ഉരുവിൽ ഉണ്ടായിരുന്നത്‌. തിങ്കളാഴ്ച രാത്രിയാണ്‌ തിരൂരിലെ തീരക്കടലിൽ മണൽത്തിട്ടിൽ ഇടിച്ച്‌ ഉരു നിശ്ശേഷം തകർന്നത്‌.

ഒന്നരക്കോടി രൂപ നഷ്ടം വരുമെന്നാണ്‌ കണക്ക്‌. തമിഴ്‌നാട്ടിലെ കടലൂർ സ്വദേശികളായ രക്ഷപ്പെട്ടവർ: സ്രാങ്ക്‌ അൻപു (58), ഉരുവിലെ ജീവനക്കാരായ സുന്ദരപാണ്ഡ്യൻ (57), കെ. മഹാലിംഗം (51), ടി. തിരുമുരുകൻ (40), പുഷ്പരാജൻ (47), രാജശേഖർ (37), വി. രാജു (27), ടി. ശേഖർ (57).

കടൽ ഇളകിമറിഞ്ഞ്‌ ഉരുവിൽ വെള്ളം കയറിയതോടെ ഉരുവിലുള്ളവർക്ക്‌ അടുത്തേക്ക്‌ പൊന്നാനി കോസ്റ്റൽ പോലീസ്‌ എത്തിയിരുന്നുവെങ്കിലും പൊന്നാനിയിലെ മത്സ്യത്തൊഴിലാളികളാണ്‌ അപകടത്തിലായ എട്ടുപേരെയും കരയ്ക്കെത്തിച്ചത്‌.