ആരോഗ്യനില മെച്ചപ്പെട്ടു; സന്തോഷവാനായിരിക്കുന്നുവെന്ന് ബാബു
പാലക്കാട്: ആരോഗ്യനില മെച്ചപ്പെട്ടെന്ന് മലമ്പുഴ കുമ്പാച്ചി മലയിൽ നിന്നും സൈന്യം രക്ഷിച്ച ബാബു. ആശുപത്രിയിൽ ബുദ്ധിമുട്ടുകൾ ഇല്ലെന്നും ബാബു പറഞ്ഞു. രക്ഷപ്പെട്ടതിന് ശേഷം ആദ്യമായാണ് ബാബു പ്രതികരിക്കുന്നത്.
രാവിലെ ഡിഎംഒ ഡോ. റീത്ത ആശുപത്രിയിൽ എത്തി ബാബുവിനെ കണ്ടിരുന്നു. ഡിഎംഒയോടായിരുന്നു ബാബു സംസാരിച്ചത്. ഡിഎംഒയുടെ ചോദ്യങ്ങൾക്കെല്ലാം ബാബു വ്യക്തമായി മറുപടി നൽകി.
രാത്രി ഭക്ഷണം കഴിച്ചു. അനിയനാണ് ഭക്ഷണം നൽകിയത്. ആശുപത്രിയിൽ ബുദ്ധിമുട്ടുകൾ ഇല്ല. സുഖമായിരിക്കുന്നു. അതിയായ സന്തോഷമുണ്ട്. അമ്മ വന്നിരുന്നു. അമ്മയെ കണ്ടു. ഭക്ഷണം കഴിക്കാൻ അമ്മ ആവശ്യപ്പെട്ടെന്നും ബാബു പറഞ്ഞു.
നിലവിൽ ആരോഗ്യപ്രശ്നങ്ങൾ ഇല്ല. വീഴ്ചയിൽ ഉണ്ടായിരുന്ന മുറിവ് ഉണങ്ങിത്തുടങ്ങി. നല്ല ആശ്വാസമുണ്ടെന്നും ബാബു പ്രതികരിച്ചു.
അതേസമയം ആരോഗ്യനില തൃപ്തികരമാണെങ്കിലും ഉടനെ ഡിസ്ചാർജ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കുന്നില്ലെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം. വിവിധയിടങ്ങളിൽ നിന്നും ബാബുവിനെ കാണുവാൻ നിരവധി പേർ ആശുപത്രിയിൽ എത്തുന്നുണ്ട്. അതിനാൽ ബാബുവിനെ ഐസിയുവിൽ തന്നെ കിടത്താനാണ് തീരുമാനം. ഡിസ്ചാർജ് സംബന്ധിച്ച കാര്യങ്ങളിൽ അടുത്ത ദിവസമേ തീരുമാനമെടുക്കുകയുള്ളൂവെന്നും ആശുപത്രി അധികൃതർ അറിയിച്ചു.