വിവാഹം നിശ്ചയിച്ച പെൺകുട്ടിയുടെ വീട്ടിൽ യുവാവ് പുലർച്ചെയെത്തി തീ കൊളുത്തി മരിച്ചു
കോഴിക്കോട്: നാദാപുരത്ത് മറ്റൊരാളുമായി വിവാഹ നിശ്ചയം കഴിഞ്ഞ യുവതിയുടെ വീട്ടിലെത്തി യുവാവ് തീകൊളുത്തി മരിച്ചതിന് പിന്നിൽ പ്രണയം തകർന്നതിന്റെ പക. വളയം സ്വദേശി രത്നേഷ് (42) ആണ് മരിച്ചത്. വീടിന് തീവെച്ച് യുവതിയെ കൊല്ലാൻ ശ്രമിക്കുന്നതിനിടെയാണ് യുവാവ് മരിച്ചതെന്നാണ് പൊലീസ് നൽകുന്ന സൂചന.
നാദാപുരം ജാതിയേരി കല്ലുമ്മലിൽ ചൊവ്വാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. യുവതിയുടെ വീട്ടിലെത്തിയ യുവാവ് രണ്ടാംനിലയിൽ കയറി മുറിയിൽ തീവയ്ക്കുകയായിരുന്നു. വീടിന് തീപടരുന്നത് കണ്ട അയൽവാസികൾ നിലവിളിച്ചതോടെയാണ് വീട്ടുകാർ വിവരം അറിയുന്നത്. പിന്നാലെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തിയ യുവാവ് വീട്ടിനകത്തേക്ക് ഓടിക്കയറുകയായിരുന്നു.
ഇതിനിടെ യുവതിക്കും അമ്മയ്ക്കും സഹോദരനും സഹോദര ഭാര്യയ്ക്കും പൊള്ളലേറ്റു. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. മൂന്നു പേരുടെയും പരിക്ക് സാരമുള്ളതല്ലെന്നാണ് വിവരം. സ്വയം തീ കൊളുത്തി എല്ലാവരേയും ഇല്ലാതാക്കാനായിരുന്നു ശ്രമം. നാട്ടുകാരുടെ ഇടപെടലാണ് ഇത് ഇല്ലാതാക്കിയത്. കൃത്യസമയത്ത് അയൽക്കാർ തീ പടരുന്നത് കണ്ടതാണ് എല്ലാവർക്കും രക്ഷയായത്.
രത്നേഷിന് യുവതിയെ ഇഷ്ടമായിരുന്നു. എന്നാൽ യുവതിയുടെ വീട്ടുകാർക്ക് ഇയാളുമായുള്ള ബന്ധത്തിൽ താത്പര്യമുണ്ടായിരുന്നില്ല. ഏപ്രിൽ ആദ്യവാരം പെൺകുട്ടിയുടെ വിവാഹം തീരുമാനിക്കുകയും ചെയ്തു. ഇതാണ് യുവാവിന്റെ വൈരാഗ്യത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. യുവാവിന്റെ അതിക്രമത്തിൽ ഗുരുതര പരിക്കേറ്റ യുവതിക്കും സഹോദരനും സഹോദര ഭാര്യയ്ക്കും വടകരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസ തുടരുകയാണ്.
ആരുടെയും പരുക്ക് ഗുരുതരമല്ല.പെട്രൊൾ ഒഴിച്ചായിരുന്നു യുവാവ് തീക്കൊളുത്തിയത് എന്നാണ് വിവരം. വീടിനുള്ളിൽ തീയിടാനായിരുന്നു യുവാവിന്റെ ശ്രമം. യുവാവിന്റെ വീട്ടിൽ നിന്ന് അരകിലോമീറ്ററോളം അകലെയുള്ള യുവതിയുടെ വീട്ടിലെത്തി അക്രമം നടത്തുകയായിരുന്നു ഇയാൾ. വീടിന്റെ മുറ്റത്തുണ്ടായിരുന്ന ഇരുമ്പ് ഗോവണി ഉപയോഗിച്ച് ഇരുനില കോൺക്രീറ്റ് വീടിന്റെ മുകൾ നിലയിൽ കയറുകയും വാതിൽ തകർത്ത് കിടപ്പ് മുറിയിൽ തീ വയ്ക്കുകയായിരുന്നു ആദ്യ ശ്രമം.
തീ പടർന്നത് അയൽക്കാർ കണ്ടത് നിർണ്ണായകമായി. ഇതോടെ സ്വയം തീ കൊളുത്തി വീട്ടിലേക്ക് ഓടിക്കയറി. എല്ലാവരേയും പൊള്ളലേൽപ്പിക്കാനും ശ്രമിച്ചു. കുതറി മാറിയവർ രക്ഷപ്പെട്ടു. പരിക്കേറ്റവരെ അതിവേഗം നാട്ടുകാർ ആശുപത്രിയിലുമെത്തിച്ചു. വീട്ടിൽ നിന്ന് തീ ആളിപടരുന്നത് കണ്ട അയൽവാസി ബഹളം വച്ച് നാട്ടുകാരെ വിവരം അറിയിച്ചു. പ്രദേശവാസികൾ ഓടിയെത്തിയപ്പോൾ വീടിന്റെ ടെറസിൽ നിന്ന് ഇറങ്ങി വന്ന രത്നേഷ്, ദേഹമാസകലം പെട്രോൾ ഒഴിക്കുകയും, കുടിക്കുകയും ചെയ്ത ശേഷം തീ കൊളുത്തുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ശരീരമാകെ തീ ആളിപടർന്ന് വീട്ടിലേക്കുള്ള വഴിയിൽ ഗെയ്റ്റിന് സമീപം രത്നേഷ് വീണു.
യുവതിയുടെ വിവാഹം ഏപ്രിലിൽ നിശ്ചയിച്ചതായിരുന്നു. രത്നേഷ് ഇലക്ട്രീഷ്യനാണ്. രത്നേഷിന്റെ മൃതദേഹം വടകര ഗവൺമെന്റ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. നാദാപുരം ഡിവൈഎസ്പി ടി.പി.ജേക്കബ്, വളയം സിഐ എ.അജീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.