എസ് ഡി പി ഐ പ്രവർത്തകനെ വെട്ടിക്കൊന്നു

പാലക്കാട്: എലപ്പുള്ളിയിൽ എസ്.ഡി.പി.ഐ പ്രവർത്തകനെ വെട്ടിക്കൊന്നു. കാറിലെത്തിയ സംഘമാണ് കൊലപാതകം നടത്തിയത്.

കുത്തിയതോട് സ്വദേശി സുബെെർ(43) ആണ് കൊല്ലപ്പെട്ടത്. കൊലയ്ക്ക് പിന്നിൽ രാഷ്‌ട്രീയ വെെരാഗ്യമാണോ എന്ന് പൊലീസ് സംശയിക്കുന്നു.

ബെെക്കിൽ കാറിടിച്ചു വീഴ്‌ത്തിയ ശേഷമായിരുന്നു കൊലപാതകം. വാഹനത്തിൽ നിന്ന് വീണ അച്ഛന് പരിക്കേറ്റു. ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. അച്ഛന്റെ മുന്നിൽ വച്ചാണ് സംഘം സുബെെറിനെ കൊലപ്പെടുത്തിയത്. കൊലപാതകത്തിന് പിന്നിൽ ആർ.എസ്.എസ് ആണെന്നാണ് എസ്.ഡി.പി.ഐയുടെ ആരോപണം.

രണ്ട് കാറുകളിലാണ് അക്രമികൾ എത്തിയത്. ഇതിൽ കെ.എൽ 11 എ.ആ‌ർ 641 എന്ന നമ്പറിലുള്ള കാറാണ് സുബെെർ സഞ്ചരിച്ച ബെെക്കിനെ ഇടിച്ചിട്ടത്. ഈ കാർ സംഭവസ്ഥലത്ത് തന്നെ ഉപേക്ഷിച്ച ശേഷം മറ്റൊന്നിലാണ് സംഘം രക്ഷപ്പെട്ടത്. കാർ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഗുരുതരമായി പരിക്കേറ്റ സുബെെറിനെ ഓട്ടോയിൽ തൊട്ടടുത്ത ആശുപത്രിയിൽ എത്തിച്ചു. അവിടെ നിന്ന് ജില്ലാ ആശുപത്രിയിലേയ്ക്ക് കൊണ്ട് പോകും വഴിയാണ് മരണപ്പെട്ടത്.

കൊലപാതകത്തിൽ പ്രതികരണവുമായി മലമ്പുഴ എം.എൽ.എ പ്രഭാകരൻ രംഗത്തെത്തി. സമാധാനം തകർക്കാനുള്ള ശ്രമമാണ് കൊലപാതകത്തിന് പിന്നിൽ. ഒരു തരത്തിലും അംഗീകരിക്കാൻ കഴിയാത്ത സംഭവമാണിത്. മുൻപ് നടന്ന കൊലപാതകത്തിന്റെ പ്രതികാരമാണോ ഇതെന്ന സംശയവും അദ്ദേഹം പ്രകടിപ്പിച്ചു.