ആർഎസ്എസ് നേതാവിന് വെട്ടേറ്റു

പാലക്കാട്: സുബൈര്‍ വധത്തിന് പിന്നാലെ പാലക്കാട് വീണ്ടും അക്രമം. മേലാമുറിയില്‍ ആര്‍എസ്എസ് നേതാവിന് വെട്ടേറ്റു. മുന്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ശ്രീനിവാസനാണ് വെട്ടേറ്റത്. അക്രമിസംഘം കടയില്‍ കയറി വെട്ടുകയായിരുന്നു. മാരകമായി പരുക്കേറ്റതിനേത്തുടര്‍ന്ന് ശ്രീനിവാസനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്രീനിവാസന്റെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.രണ്ടു ബൈക്കുകളിലായെത്തിയ അഞ്ചുപേരാണ് വെട്ടിയത്.

വിഷുദിനമായ ഇന്നലെ എസ്ഡിപിഐ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടത് സംസ്ഥാനത്തെ ഞെട്ടിച്ചിരുന്നു. എലപ്പുള്ളി സ്വദേശി സുബൈറാണ് കൊലപ്പെട്ടത്. പിതാവിനൊപ്പം ബൈക്കില്‍ യാത്ര ചെയ്യുമ്പോള്‍ സുബൈറിനെ ആക്രമിക്കുകയായിരുന്നു. ഇരുവരേയും കാറിടിച്ച് റോഡില്‍ വീഴ്ത്തിയ ശേഷം സംഘം സുബൈറിനെ വെട്ടുകയായിരുന്നു. മാരകമായ പരുക്കേറ്റ സുബൈറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

രണ്ടു വാഹനങ്ങളിലെത്തിയ അക്രമി സംഘം ഒരു കാര്‍ സംഭവ സ്ഥലത്ത് ഉപേക്ഷിച്ചാണ് കടന്നുകളഞ്ഞത്.ഉപേക്ഷിച്ച കാര്‍ മാസങ്ങള്‍ക്ക് മുന്‍പ് കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റേതാണെന്ന് പൊലീസ് കണ്ടെത്തി. കാര്‍ മാസങ്ങളായി വര്‍ക് ഷോപ്പിലാണെന്നും ആര് കൊണ്ടുപോയെന്നോ എന്തിന് കൊണ്ടുപോയെന്നോ അറിയില്ലെന്നും സഞ്ജിത്തിന്റെ കുടുംബം പ്രതികരിച്ചു.

കൊലയ്ക്ക് ഉപയോഗിച്ച രണ്ടാമത്തെ കാര്‍ ഇന്ന് കഞ്ചിക്കോട് നിന്നും പൊലീസ് കണ്ടെത്തി. അലിയാര്‍ എന്നയാളുടേതായിരുന്നു കാര്‍. രമേശന്‍ എന്ന ബിജെപി പ്രവര്‍ത്തകനാണ് കാര്‍ വാടകയ്‌ക്കെടുത്തതെന്ന് അലിയാര്‍ പൊലീസിന് മൊഴി നല്‍കി. സുബൈറിന്റെ അയല്‍ വാസിയാണ് രമേശന്‍