വീട്ടിൽ നിന്നും മൊബൈൽ മോഷണം പോയി; 24 മണിക്കൂറിനുള്ളിൽ കണ്ടെത്തി
മാള: വീടിന്റെ ഉമ്മറത്തു നിന്നു മോഷണം പോയ മൊബൈൽ ഫോൺ 24 മണിക്കൂറിനുള്ളിൽ കണ്ടെത്തി ഇരുപത്തിമൂന്നു കാരി. പൂപ്പത്തി സ്വദേശിനി ഇളന്തുരുത്തി ജസ്ന സുബ്രഹ്മണ്യന്റെ മൊബൈൽ ഫോൺ ആണ് മോഷണം പോയത്. അന്വേഷണാത്മക ബുദ്ധിയോടെ കള്ളനെ തേടിയ ജസ്ന വാശിയോടെ ആളെ തേടി പിടിക്കുക ആയിരുന്നു. ഈ മാസം 23നു വൈകിട്ടാണ് ജസ്നയുടെ ഫോൺ മോഷണം പോയത്.
ജസ്നയുടെ ഫോൺ പോയ സമയത്ത് തന്നെ സമീപത്തെ കുഞ്ഞിക്കുട്ടൻ എന്നയാളുടെ ഫോണും നഷ്ടപ്പെട്ടതായി അറിഞ്ഞു. ഇതോടെ മോഷ്ടാവിനെ പിടികൂടാൻ ജസ്ന ഉറപ്പിച്ചു. സമീപത്തെ വീടുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ആയുർവേദ ഉൽപന്നങ്ങളുമായി ഒരു ചെറുപ്പക്കാരൻ ഇതേ സമയം പരിസരത്തെ വീടുകളിൽ എത്തിയതായി മനസ്സിലാക്കി. ഈ വിവരം കൂടി ചേർത്ത് മാള പൊലീസ് സ്റ്റേഷനിലെത്തി ജസ്ന പരാതി നൽകി.
മടങ്ങും വഴി ബസ് സ്റ്റാൻഡിൽ എത്തിയപ്പോൾ ഇതേ വസ്തുക്കൾ വിൽപന നടത്തുന്നവരെ കണ്ടെത്തി. ഇവരുമായി വിവരം പങ്കുവച്ച ജസ്ന ഇവരോട് ആ ചെറുപ്പക്കാരനെ കുറിച്ച് ചോദിച്ചു. ഇവരിൽ നിന്നു കമ്പനി മാനേജരുടെ നമ്പർ വാങ്ങി. അയൽ വീട്ടുകാരിൽ നിന്നു ലഭ്യമായ വിവരമനുസരിച്ച് മോഷ്ടാവിന്റെ ലക്ഷണങ്ങൾ വിവരിക്കുകയും ചെയ്തു.
മാനേജർ നാലു പേരുടെ ചിത്രം ജസ്നയ്ക്ക് നൽകി. ഇതുമായി പൂപ്പത്തിയിലെത്തി സമീപത്തെ വീടുകളിലെത്തി കാണിച്ച് പ്രതിയെ ഉറപ്പിച്ചു. മാനേജരോട് ഇയാളെന്ന് വ്യക്തമാക്കി. മാനേജർ ചോദ്യം ചെയ്തപ്പോൾ മോഷ്ടാവ് കുറ്റം സമ്മതിച്ചു. ജസ്നയുടെ മൊബൈൽ മാനേജർക്കു നൽകിയശേഷം ഇയാൾ മുങ്ങി. മാള സ്റ്റേഷനിൽ നേരിട്ടെത്തിയാണു മാനേജർ ജസ്നയ്ക്ക് മൊബൈൽ കൈമാറിയത്. കുഞ്ഞിക്കുട്ടന്റെ മൊബൈൽ തിരികെ കിട്ടിയിട്ടില്ല.