കേരളം ഇസ്ലാമിക തീവ്രവാദത്തെ പുഷ്ടിപ്പെടുത്തുന്ന കേന്ദ്രം; ജെ പി നദ്ദ
കോഴിക്കോട്: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങൾ പരാമർശിച്ച് ബി ജെ പി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ. കോഴിക്കോട് ബി ജെ പി സംഘടിപ്പിച്ച പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു നദ്ദ. സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്റെ ജില്ലയിൽ മാത്രം ഇതിനോടകം 15 കൊലപാതകങ്ങൾ നടന്നു കഴിഞ്ഞെന്നും ആർ എസ് എസ് പ്രവർത്തകരായ ശ്രീനിവാസന്റെയും സഞ്ജിത്തിന്റെയും കൊലപാതകങ്ങൾ സ്റ്റേറ്റ് സ്പോൺസേർഡ് ആണെന്നും നദ്ദ ആരോപിച്ചു. ഇത്തരത്തിൽ അധികകാലം മുന്നോട്ട് പോകാൻ കേരളത്തിന് സാധിക്കില്ലെന്നും നദ്ദ വ്യക്തമാക്കി.
കേരളം ഇസ്ലാമിക തീവ്രവാദത്തെ പുഷ്ടിപ്പെടുത്തുന്ന കേന്ദ്രമായി മാറിയെന്നും നദ്ദ ആരോപിച്ചു. നാർകോട്ടിക് ജിഹാദിനെ കുറിച്ച് ക്രിസ്ത്യൻ വിഭാഗത്തിന് ആശങ്കയുണ്ടെന്നും ആ ആശങ്ക അവർ അറിയിച്ചെന്നും നദ്ദ പറഞ്ഞു. ഒരു വിഭാഗത്തിന് മാത്രമാണ് കേരളത്തിൽ ആനുകൂല്യങ്ങൾ നൽകുന്നതെന്നും മറ്റ് വിഭാഗക്കാരെ അവഗണിക്കുകയാണെന്നും നദ്ദ കുറ്റപ്പെടുത്തി.
ബിജെപിയുടെ വരാനിരിക്കുന്ന പാർലമെന്റ് തിരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ മുന്നോടിയായാണ് നദ്ദയുടെ കേരള സന്ദർശനം. സംസ്ഥാന ഘടകത്തിന്‍റെ പ്രവർത്തനം വിലയിരുത്താൻ കോർ കമ്മിറ്റി യോഗത്തിലും നദ്ദ പങ്കെടുക്കും. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഒരുക്കങ്ങളും നദ്ദ വിലയിരുത്തി.