കേരള വികസനത്തിന് രാഷ്ട്രീയത്തിനതീതമായ കാഴ്ചപ്പാട് ഉണ്ടാവണം -എ.എ റഹീം എം.പി
ജിദ്ദ: കേരളത്തിന്റെ വികസനത്തിന് രാഷ്ട്രീയത്തിനതീതമായ ശരിയായ കാഴ്ചപ്പാടുകള്‍ ഉണ്ടാവണമെന്ന് എ.എ റഹീം എം.പി അഭിപ്രായപ്പെട്ടു.
ജിദ്ദ നവോദയ 30ാം കേന്ദ്ര സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചെറുതും വലുതുമായ പ്രവാസങ്ങളിലൂടെയാണ് മനുഷ്യന്റെ ജീവിതവും വളര്‍ച്ചയും പരിണാമവും എല്ലാം ഉണ്ടായിട്ടുള്ളത്. അറേബ്യൻ നാടുകളിലേക്കുള്ള പ്രവാസം മലയാളികള്‍ക്ക് എന്നും പ്രധാനപ്പെട്ട ഒന്നാണ്. കേരളത്തിൻറെ എല്ലാ അര്‍ത്ഥത്തിലുമുള്ള സാമൂഹിക മാറ്റത്തിന്റെ പ്രധാന ഘടകം പ്രവാസം തന്നെയാണ്.
കേരളത്തിന്റെ വര്‍ത്തമാനകാല വളര്‍ച്ചയ്ക്ക് കാരണമായി മാറിയ ഒട്ടനവധി നിക്ഷേപങ്ങള്‍, സാമ്ബത്തിക ഭദ്രത എന്നിങ്ങനെയുള്ള കാര്യങ്ങള്‍ക്കെല്ലാം പ്രവാസി സമൂഹത്തിന്റെ നിര്‍ണായക പങ്കുണ്ട്. ഇന്ന് ലോകത്തിൻറെ വിവിധ ഭാഗങ്ങളിലേക്ക് കേരളത്തില്‍ നിന്നുള്ള പ്രവാസം പരക്കുന്നു എന്ന് ആക്ഷേപിക്കുമ്ബോള്‍ അത് കേരളത്തിനെതിരായ സൂചനയേ അല്ല, മറിച്ച് കേരളം ഇതുവരെ എടുത്ത അഭിമാനകരമായ മാനവ വിഭവ ശേഷിയുടെ കാലോചിതമായ കുടിയേറ്റമാണ്. ഇടതുമുന്നണി സര്‍ക്കാരിന്റെ കാലത്തെ കേരളം എല്ലാതരത്തിലും മുന്നേറിക്കൊണ്ടിരിക്കുകയാണെന്നും ഇതിന് തടയിടാൻ എല്ലാ ഭാഗത്തുനിന്നും പ്രചരണം നടന്നുവരുന്നത് ജനങ്ങള്‍ തിരിച്ചറിയുന്നുണ്ടെന്നും എ.എ റഹീം എം.പി പറഞ്ഞു.
അബ്ദുള്ള മുല്ലപ്പള്ളി അധ്യക്ഷത വഹിച്ചു. കിസ്മത്ത് മമ്ബാട്, ഇക്ബാല്‍, അനുപമ ബിജുരാജ് എനിവരടങ്ങിയ പ്രസീഡിയം സമ്മേളന നടപടിക്രമങ്ങള്‍ നിയന്ത്രിച്ചു. ജിജോ അങ്കമാലി, റഫീക്ക് പത്തനാപുരം, അമീന്‍ വെങ്ങൂര്‍, ജനറല്‍ സെക്രട്ടറി ശ്രീകുമാര്‍ മാവേലിക്കര, സി.എം അബ്ദുറഹ്മാൻ, മുനീര്‍ പാണ്ടിക്കാട് എന്നിവര്‍ സംസാരിച്ചു. ഫിറോസ് മുഴപ്പിലങ്ങാട് സ്വാഗതവും ശ്രീകുമാര്‍ മാവേലിക്കര നന്ദിയും പറഞ്ഞു.
74 യൂനിറ്റ് സമ്മേളനങ്ങളും 12 ഏരിയ സമ്മേളനങ്ങളും പൂര്‍ത്തീകരിച്ചാണ് നവോദയ കേന്ദ്ര സമ്മേളനം നടന്നത്. ജിദ്ദ നവോദയ കേന്ദ്ര കമ്മിറ്റി ഭാരവാഹികളായി ഷിബു തിരുവനന്തപുരം (മുഖ്യ രക്ഷാധികാരി), ശ്രീകുമാര്‍ മാവേലിക്കര (ജന. സെക്ര.), കിസ്മത് മമ്ബാട് (പ്രസി.), സി.എം അബ്ദുറഹ്മാൻ (ട്രഷ.) എന്നിവരെ തെരഞ്ഞെടുത്തു.
വിവിധ ഉപസമിതി കണ്‍വീനര്‍മാരായി ജലീല്‍ ഉച്ചാരകടവ് (ജീവകാരുണ്യം), റഫീക്ക് പത്തനാപുരം (രാഷ്ട്രീയ പഠന വേദി), ലാലു വേങ്ങൂര്‍ (യുവജനവേദി), അസൈൻ ഇല്ലിക്കല്‍ (സമീക്ഷ സാഹിത്യവേദി), മുസാഫിര്‍ പാണക്കാട് (കുടുംബവേദി), അനുപമ ബിജുരാജ് (വനിതാ വേദി), മുജീബ് പൂന്താനം (കലാവേദി), ജുനൈസ്കാ (കായിക വേദി), സലാം മമ്ബാട് (ഐ.ടി ആൻഡ് ലൈബ്രറി), ബിജുരാജ് രാമന്തളി (മീഡിയ) തുടങ്ങിയവരെ സമ്മേളനം തിരഞ്ഞെടുത്തു.