തിരുനാവായയിൽ കോഴി മാലിന്യം ശാസ്ത്രീയമായി സംസ്കരിക്കുന്നതിന് ഏകീകൃത സംവിധാനം വരുന്നു

പ്രതീകാത്മക ചിത്രം

തിരുനാവായ : കോഴിക്കടകളിൽ നിന്നുമുള്ള അറവു മാലിന്യങ്ങൾ അശാസ്ത്രീയമായി സംസ്കരിക്കുന്നതും തെരുവുകളിലും ജലാശയങ്ങളിലും വലിച്ചെറിയുന്നതും തുടയുന്നതിനായി ഏകീകൃത വേസ്റ്റ് ശേഖരണ സംവിധാനം നിലവിൽ വരുന്നു. കേരളപ്പിറവി ദിനമായ നവംബർ 1 ന് ഈ പദ്ധതിക്ക് പഞ്ചായത്തിൽ ഔപചാരികമായി തുടക്കം കുറിക്കും. ഇത് സംബന്ധിച്ച് കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് പുറപ്പെടുവിച്ച ഉത്തരവിന്റെ ഭാഗമായി ശുചിത്വ മിഷൻ അക്രെഡിറ്റേഷൻ നൽകിയ കമ്പനി മുഖേനയാണ് മൂർക്കനാട് പ്രവർത്തിക്കുന്ന റെൻഡറിങ് പ്ലാന്റിലേക്ക് മാലിന്യങ്ങൾ എത്തിക്കുക. ഈ മാലിന്യങ്ങൾ റെൻഡറിങ് പ്ലാന്റിലൂടെ മൂല്യ വർദ്ധിത ഉൽപ്പന്നങ്ങളായി മാറും. ഇതിനായി സോളോ ഇൻഡസ്ട്രിസ് മസ്ക്കോട്ട് ഫെർടൈൽ മാക്സ് കമ്പനിയെ ഗ്രാമ പഞ്ചായത്ത്‌ ചുമതലപ്പെടുത്തി. നവംബർ 1 മുതൽ പഞ്ചായത്തിലെ കോഴിക്കടകൾ തങ്ങളുടെ സ്ഥാപനത്തിലെ അറവു മാലിന്യങ്ങൾ ഗ്രാമ പഞ്ചായത്ത്‌ ചുമതലപ്പെടുത്തിയ ഏജൻസിക്ക് മാത്രമേ കൈമാറാൻ പാടുള്ളൂ. അല്ലാത്തവർക്കെതിരെ മലിനീകരണ നിയന്ത്രണ നിയമ പ്രകാരം കർശനമായ നടപടികൾ സ്വീകരിക്കും. ഈ ഏജൻസി എല്ലാ ദിവസവും കടകളിലെത്തി മാലിന്യങ്ങൾ ശേഖരിക്കും. ഇത് സംബന്ധിച്ച് ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ. പി. ഉണ്ണികൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന ഓൺലൈൻ യോഗത്തിൽ വിശദമായ മാർഗ നിർദ്ദേശങ്ങൾ തയ്യാറാക്കിയിട്ടുള്ളതായും ഇതോടെ കോഴി മാലിന്യങ്ങൾ വലിച്ചെറിയുന്നത് മൂലമുണ്ടാകുന്ന പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമാവുമെന്നും ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഫൈസൽ എടശ്ശേരി പറഞ്ഞു.

പ്രസിഡന്റ്‌ ഫൈസൽ എടശ്ശേരി