വിദേശത്തുനിന്ന് എത്തുന്നവര്‍ മോളിക്യുലാര്‍ പരിശോധനയ്ക്ക് വിധേയരാവണമെന്ന് കേന്ദ്രം

യുകെ, ഗള്‍ഫ്, യൂറോപ്പ് എന്നിവിടങ്ങളില്‍നിന്നെത്തുന്നവര്‍ക്കാണ് ഈ മാര്‍ഗനിര്‍ദേശം ബാധകമാവുക.

ന്യൂഡല്‍ഹി: രാജ്യത്ത് ജനിതകമാറ്റം സംഭവിച്ച കൊവിഡ് വൈറസിന്റെ വകഭേദങ്ങള്‍ രാജ്യത്ത് സ്ഥിരീകരിച്ചതിന് പിന്നാലെ കൂടുതല്‍ ജാഗ്രതാ നിര്‍ദേശങ്ങളുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം.

വിദേശത്തുനിന്ന്ഇന്ത്യയിലേയ്ക്ക് എത്തുന്നവര്‍ വിമാനത്താവളങ്ങളില്‍ മോളിക്യുലാര്‍ പരിശോധനയ്ക്ക് വിധേയരാവണമെന്ന് കേന്ദ്രം നിര്‍ദേശിച്ചു. യുകെ, ഗള്‍ഫ്, യൂറോപ്പ് എന്നിവിടങ്ങളില്‍നിന്നെത്തുന്നവര്‍ക്കാണ് ഈ മാര്‍ഗനിര്‍ദേശം ബാധകമാവുക. മറ്റ് സ്ഥലങ്ങളില്‍നിന്ന് ഈ രാജ്യങ്ങള്‍ വഴി ഇന്ത്യയിലെത്തുന്നവര്‍ക്കും ഇത് ബാധകമാണ്. ജനിതകമാറ്റം സംഭവിച്ച വൈറസിന്റെ വകഭേദം കണ്ടെത്തുന്നുതിനാണ് പരിശോധന. ഈമാസം 23 മുതല്‍ ഇത് പ്രാബല്യത്തില്‍ വരുമെന്നും കേന്ദ്രം അറിയിച്ചു.

പരിശോധനയ്ക്കുള്ള തുക യാത്രക്കാര്‍തന്നെ വഹിക്കണമെന്നും നിര്‍ദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. യാത്ര ചെയ്യുന്നവര്‍ നേരത്തെ തന്നെ വെബ്‌സൈറ്റ് വഴി സെല്‍ഫ് ഡിക്ലറേഷന്‍ പൂരിപ്പിച്ച് നല്‍കണമെന്നും അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ 14 ദിവസത്തിനിടെ സഞ്ചരിച്ചിട്ടുള്ള വിദേശ രാജ്യങ്ങളുടെ അടക്കം വിവരങ്ങളാണ് ഈ ഡിക്ലറേഷനില്‍ ആവശ്യപ്പെടുക.

ഇതിന് പുറമെ ബ്രസീല്‍ യുകെ ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളില്‍നിന്നുള്ളവര്‍ ഇന്ത്യയിലൂടെയുള്ള ട്രാന്‍സിറ്റ് യാത്രയ്ക്കിടെ ഇവിടെ ഏഴുമണിക്കൂര്‍ ഇടവേള ഉറപ്പാക്കണം. പരിശോധനക്ക് ആവശ്യമായ സമയംകൂടി കണക്കാക്കിയാണ് ഇത്തരമൊരു നിര്‍ദേശം.