കോവിഡ് 19: ജില്ലക്ക് ആശ്വാസമായി പ്രതിദിന രോഗബാധിതരുടെ എണ്ണത്തില്‍ ഗണ്യമായ കുറവ്

ആറ് മാസത്തിന് ശേഷം വൈറസ്ബാധിതര്‍ നൂറില്‍ താഴെ രോഗബാധ സ്ഥിരീകരിച്ചത് 81 പേര്‍ക്ക്; 154 പേര്‍ക്ക് രോഗമുക്തി

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 80 പേര്‍ക്ക്

ഉറവിടമറിയാതെ ഒരാള്‍ക്ക്

രോഗബാധിതരായി ചികിത്സയില്‍ 1,623 പേര്‍

ആകെ നിരീക്ഷണത്തിലുള്ളത് 16,614 പേര്‍

 

കോവിഡ് 19 വ്യാപനം തടയുന്നതില്‍ കൃത്യമായ ഇടപെടലുകളോടെ മലപ്പുറം ജില്ല ഒരു നാഴികക്കല്ലുകൂടി പിന്നിട്ടു. ആറ് മാസങ്ങള്‍ക്ക് ശേഷം പ്രതിദിന രോഗബാധിതരുടെ എണ്ണം ജില്ലയില്‍ 100 ല്‍ താഴെയെത്തി. തിങ്കളാഴ്ച (മാര്‍ച്ച് 22) 81 പേര്‍ക്കാണ് ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ചത്. 2019 സെപ്തംബര്‍ മൂന്നിന് 91 പേര്‍ക്ക് രോബബാധ സ്ഥിരീകരിച്ച ശേഷം പ്രതിദിന രോഗബാധിതരുടെ എണ്ണം 100ല്‍ താഴെയെത്തുന്നത് ഇതാദ്യമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന പറഞ്ഞു. 2019 ഒക്ടോബര്‍ 10നാണ് ജില്ലയില്‍ പ്രതിദിന രോഗബാധിതരുടെ എണ്ണത്തില്‍ ഏറ്റവുമുയര്‍ന്ന വര്‍ധന രേഖപ്പെടുത്തിയത്. അന്ന് 1,632 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ച ശേഷം ജില്ലാ ഭരണകൂടത്തിന്റേയും ആരോഗ്യ വകുപ്പിന്റേയും നേതൃത്വത്തില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളും പൊതുജനങ്ങളും കൂട്ടായി നടത്തിയ പ്രവര്‍ത്തനത്തിലൂടെ രോഗബാധിതരുടെ എണ്ണം കുറച്ചുകൊണ്ടുവരാനായി. ഇതിനൊപ്പം രോഗമുക്തരുടെ എണ്ണം വര്‍ധിക്കുന്നതും ആശ്വാസമാകുകയാണ്. ജില്ലയില്‍ തിങ്കളാഴ്ച 154 പേരാണ് വിദഗ്ധ ചികിത്സക്ക് ശേഷം രോഗമുക്തരായത്. ഇതോടെ ജില്ലയില്‍ വിദഗ്ധ ചികിത്സക്ക് ശേഷം രോഗവിമുക്തരായവരുടെ എണ്ണം 1,19,652 ആയി.

 

തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 80 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധ. ഉറവിടമറിയാതെ ഒരാള്‍ക്കും രോഗം ബാധിച്ചു. 16,614 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 1,623 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 105 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 42 പേരും ആറ് പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്. ശേഷിക്കുന്നവര്‍ വീടുകളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി നിരീക്ഷണത്തില്‍ കഴിയുന്നു. ഇതുവരെ 598 പേരാണ് കോവിഡ് ബാധിതരായി ജില്ലയില്‍ മരിച്ചത്.