പൊതുതെരഞ്ഞെടുപ്പ്: ജനവിധി അറിഞ്ഞു മലപ്പുറം ജില്ലയില്‍ 12 സീറ്റുകളില്‍ യു.ഡി.എഫ്; നാല് സീറ്റുകള്‍ എല്‍.ഡി.എഫിന്

മലപ്പുറം ലോക്‌സഭാ മണ്ഡലം യു.ഡി.എഫ് നിലനിര്‍ത്തി

മലപ്പുറം ജില്ലയിലെ 16 നിയമസഭാ മണ്ഡലങ്ങളിലേക്കു നടന്ന പൊതു തെരഞ്ഞെടുപ്പിന്റെയും മലപ്പുറം ലോക്‌സഭ ഉപതെരഞ്ഞെടുപ്പിന്റെയും ജനവിധി യു.ഡി.എഫിന് അനുകൂലം. മലപ്പുറം ലോക്‌സഭാ മണ്ഡലം യു.ഡി.എഫ് നിലനിര്‍ത്തി. നിയമസഭാ തെരഞ്ഞെടുപ്പില്‍ 12 സീറ്റുകളില്‍ ലീഡ് ചെയ്ത് യു.ഡി.എഫും നാല് സീറ്റുകളില്‍ എല്‍.ഡി.എഫും വിജയിച്ചു.

 

മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ അബ്ദുസ്സമദ് സമദാനി 1,14,615 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറനാട്, കൊണ്ടോട്ടി, കോട്ടക്കല്‍, മലപ്പുറം, മഞ്ചേരി, മങ്കട, പെരിന്തല്‍മണ്ണ, തിരൂര്‍, തിരൂരങ്ങാടി, വള്ളിക്കുന്ന്, വേങ്ങര, വണ്ടൂര്‍ മണ്ഡലങ്ങളില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ വിജയിച്ചു. നിലമ്പൂര്‍, പൊന്നാനി, താനൂര്‍, തവനൂര്‍ മണ്ഡലങ്ങളില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥികളും വിജയം നേടി.

പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് രാവിലെ എട്ടോടു കൂടിയാണ് ജില്ലയില്‍ പ്രത്യേകം സജ്ജമാക്കിയ 14 കേന്ദ്രങ്ങളില്‍ വോട്ടെണ്ണല്‍ ആരംഭിച്ചത്. തപാല്‍ വോട്ടുകളാണ് ആദ്യം എണ്ണിയത്. എട്ടരയോടെ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളിലെ വോട്ടുകളും എണ്ണിത്തുടങ്ങി. 14 വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെ 90 കൗണ്ടിങ് ഹാളുകളിലായി 742 ടേബിളുകളിലായിരുന്നു വോട്ടെണ്ണല്‍. 62 ഇ.വി.എം കൗണ്ടിങ് ഹാളും 28 പോസ്റ്റല്‍ ബാലറ്റ് കൗണ്ടിങ് ഹാളുകളുമാണുണ്ടായിരുന്നത്. പോസ്റ്റല്‍ ബാലറ്റ് എണ്ണുന്നതിന് 160 ടേബിളുകളും വോട്ടിങ് യന്ത്രത്തിലെ വോട്ടുകളെണ്ണുന്നതിന് 566 ടേബിളുകളുമാണ് ജില്ലയിലാകെ സജ്ജമാക്കിയിരുന്നത്. മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പിന്റെ പോസ്റ്റല്‍ ബാലറ്റ് വോട്ടുകള്‍ കലക്ടറേറ്റില്‍ പ്രത്യേകം സജ്ജമാക്കിയ കേന്ദ്രത്തിലും എണ്ണി തിട്ടപ്പെടുത്തി.

കോവിഡ് പരിശോധനയ്ക്ക് ശേഷം വൈറസ്ബാധയില്ലെന്ന് ഉറപ്പാക്കിയ ജീവനക്കാരെയും കൗണ്ടിങ് ഏജന്റുമാരെയും മാധ്യമപ്രവര്‍ത്തകരെയും മാത്രമാണ് വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലേക്ക് പ്രവേശിപ്പിച്ചത്. വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ക്ക് പുറത്ത് ആള്‍ക്കൂട്ടങ്ങളോ പ്രകടനങ്ങളോ അനുവദിച്ചിരുന്നില്ല. ഹാളിനുള്ളില്‍ സി.സി.ടി.വി, ക്യാമറയുള്‍പ്പടെയുള്ള നിരീക്ഷണ സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയിരുന്നു.