ഇന്ത്യ അടിയന്തിരമായി ഇടപെടണം; ഗാസയിലെ ആക്രമണങ്ങള്‍ക്കെതിരെ മുസ്ലിം ലീഗ്

മലപ്പുറം: ‍പാലസ്തീന്-ഇസ്രാഈല്‍ സംഘര്‍ഷത്തില്‍ പാലസ്തീന് ഐക്യധാര്‍ഡ്യവുമായി ഈദ് ദിനത്തില്‍ പ്രതിഷേധിച്ച് മുസ്ലിം ലീഗ്. ഹമാസിനു നേരെയുള്ള ആക്രമണം ഇസ്രായേല്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളും പികെ കുഞ്ഞാലിക്കുട്ടയും അടക്കമുള്ള നേതാക്കള്‍ പ്ലക്കാര്‍ഡുകുളുമായാണ് പ്രതിഷേധിച്ചത്. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വീട്ടിലാണ് മുസ്ലിം ലീഗ് ദേശീയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധം നടന്നത്.

വിഷയത്തില്‍ പാലസ്തീന് ഇന്ത്യ ശക്തമായ പിന്തുണ പ്രഖ്യാപിക്കണമെന്ന് കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. മുന്‍കാലങ്ങളില്‍ സര്‍ക്കാരുകള്‍ സ്വീകരിച്ച് പോരുന്ന പാലസ്തീന്‍ അനുകൂല നിലപാടില്‍ നിന്നും ഇന്ത്യ പിന്നോട്ട് പോയെന്നും നേതാക്കള്‍ പറഞ്ഞു. ഇത് രാജ്യത്തിന്റെ പരമ്പരാഗത നയത്തിന് വിരുദ്ധമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഒപ്പം കഴിഞ്ഞ ദിവസം ഇസ്രായേലില്‍ ഹാമസിന്റെ റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന് ആദരമര്‍പ്പിക്കുന്നെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. പുണ്യമാസത്തില്‍ ആരാധനയിലേര്‍പ്പിട്ടിരുന്ന പാലസ്തീനികള്‍ക്ക് നേരെ ജറുസലേമിലെ മസ്ജിദുല്‍ അഖ്‌സയിലുണ്ടായ വെടിവെപ്പും തുടര്‍ന്നരങ്ങേറിയ ഇസ്രയേല്‍ ക്രൂരതകളും ലോകമനഃസാക്ഷിയെ ഞെട്ടിക്കുന്നതാണെന്ന് മുസ്ലീം ലീഗ് നേതാക്കള്‍ ഇന്നലെ പറഞ്ഞിരുന്നു. മസ്ജിദുല്‍ അഖ്‌സ പൊളിക്കുക എന്നത് ഇസ്രയേലിന്റെ അജണ്ടയിലുള്ളതാണ്. പലസ്തീനികളുടെ ഭൂമി അവര്‍ക്ക് വിട്ടുകൊടുത്താല്‍ മാത്രമേ പലസ്തീനില്‍ ശ്വാശ്വത സമാധാനമുണ്ടാവുകയുള്ളൂ. ലോകജനത ഇസ്രയേലിന്റെ ക്രൂരതകള്‍ക്കെതിരെ ശബ്ദമുയര്‍ത്തണമെന്നും മുസ്ലിം ലീഗ് നേതാക്കള്‍ പറഞ്ഞു.