മലപ്പുറം ജില്ലയിൽ വാക്‌സിനേഷൻ വേഗത്തിലാക്കും

തിരുവനന്തപുരം: മലപ്പുറം ജില്ലയിൽ വാക്‌സിനേഷൻ നടപടികൾ വേഗത്തിലാക്കാനും കൂടുതൽ വാക്‌സിൻ ലഭ്യമാക്കാനും മന്ത്രി വി അബ്‌ദുറഹിമാൻ വിളിച്ചുചേർത്ത ജനപ്രതിനിധികളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും യോഗത്തിൽ ധാരണയായി. കൊവിഡ്‌ പ്രതിരോധ പ്രവർത്തനങ്ങളും കൊവിഡ്‌ കാലത്തെ ദുരിതാശ്വസ പ്രവർത്തനങ്ങളും കാലവർഷ മുന്നൊരുക്കങ്ങളും വിശകലനം ചെയ്യാനാണ്‌ ഓൺലൈൻ യോഗം സംഘടിപ്പിച്ചത്‌. 

ജില്ലയിൽ നിലവിൽ 119000 വാക്‌സിൻ സ്‌റ്റോക്കുള്ള സാഹചര്യമാണ്‌. ഈ സ്‌റ്റോക്ക്‌ രണ്ട്‌ ദിവസത്തിനകം വിതരണം ചെയ്യാൻ കലക്‌ടർക്കും ഡി എം ഒയ്‌ക്കും നിർദ്ദേശം നൽകി. തീരുന്ന മുറയ്‌ക്ക്‌ ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട്‌ ആവശ്യമായ വാക്‌സിൻ ലഭ്യമാക്കുമെന്ന്‌ മന്ത്രി അറിയിച്ചു. തുടർന്ന്‌ നൽകുന്ന വാക്‌സിനും സമയബന്ധിതമായി വിതരണം ചെയ്യണമെന്ന്‌ നിർദ്ദേശിച്ചു. ആരോഗ്യകേന്ദ്രങ്ങളിൽ ആവശ്യമായ അളവിൽ വാക്‌സിൻ ലഭിക്കുന്നില്ലെന്ന പരാതി പരിഹരിക്കുമെന്ന്‌ ഉറപ്പുനൽകി. ജൂൺ 30 നകം 10 ലക്ഷം പേർക്ക്‌ വാക്‌സിൻ നൽകാൻ നടപടി സ്വീകരിക്കണമെന്നും അതിനായി ആക്‌ഷൻ പ്ലാൻ തയ്യാറാക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.

വാക്‌സിൻ വിതരണ കേന്ദ്രങ്ങൾ വർദ്ധിപ്പിക്കുക, കൂടുതൽ സ്വകാര്യാശുപത്രികൾക്ക്‌ വാക്‌സിൻ വിതരണത്തിന്‌ അനുമതി നൽകുക, സ്‌പോട്ട്‌ രജിസ്‌ട്രേഷൻ ഫലപ്രദമായി പുനഃരാരംഭിക്കുക തുടങ്ങിയ ആവശ്യങ്ങളാണ്‌ യോഗത്തിൽ പ്രധാനമായും ഉയർന്നത്‌. പ്രവാസികൾക്കും ഹജ്ജ്‌ തീർത്ഥാടകർക്കും രണ്ടാം ഡോസ്‌ അതിവേഗം നൽകാൻ നടപടി സ്വീകരിക്കണമെന്നും ആവശ്യം ഉയർന്നു. ഹജ്ജ്‌ തീർത്ഥാടകർക്ക്‌ വാക്‌സിൻ നൽകുന്ന കാര്യത്തിൽ ഗവൺമെന്റ്‌ നടപടി സ്വീകരിച്ചതായി മന്ത്രി അറിയിച്ചു.

ജില്ലയിൽ കൊവിഡ്‌ ചികിത്സാ സൗകര്യം സജ്ജമാക്കിയ ആശുപത്രികളിലും  താലൂക്കാശുപത്രികളിലും നിലനിൽക്കുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാനും കൂടുതലായി ഏർപ്പെടുത്തേണ്ട സൗകര്യങ്ങൾ സംബന്ധിച്ചും ജില്ലാ കലക്‌ടർക്ക്‌ നിർദ്ദേശം നൽകി.

കമ്മ്യൂണിറ്റി കിച്ചണുകളും ജനകീയ ഹോട്ടലുകളും ആരംഭിക്കാത്ത മേഖലയിൽ ഈ സംവിധാനങ്ങൾ എത്രയും പെട്ടന്ന്‌ ആരംഭിക്കാൻ തദ്ദേശസ്ഥാപനങ്ങൾക്ക്‌ നിർദ്ദേശം നൽകി. മഴക്കാല പൂർവ്വ ശുചീകരണം നല്ല നിലയിൽ നിർവഹിക്കാനും ആവശ്യപ്പെട്ടു.

ജില്ലയിൽ നിന്നുള്ള എം എൽ എമാരായ പി കെ കുഞ്ഞാലിക്കുട്ടി,  കെ ടി ജലീൽ, പി നന്ദകുമാർ, പി വി അൻവർ, എ പി അനിൽ കുമാർ, ടി വി ഇബ്രാഹിം, പി കെ ബഷീർ, മഞ്ഞളാംകുഴി അലി, കെ പി എ മജീദ്‌, യു എ ലത്തീഫ്‌, നജീബ്‌ കാന്തപുരം, പി ഉബൈദുള്ള, അബ്‌ദുൾ ഹമീദ്‌ മാസ്‌റ്റർ, കുറുക്കോളി മൊയ്‌തീൻ, ആബിദ്‌ ഹുസൈൻ തങ്ങൾ, ജില്ലാ കലക്‌ടർ കെ ഗോപാലകൃഷ്‌ണൻ, ഡി എം ഒ ഡോ. കെ സക്കീന തുടങ്ങിയവർ ഉൾപ്പെടെ മുന്നൂറോളം പേർ യോഗത്തിൽ പങ്കെടുത്തു.