കൊവിഡ് മരണസർട്ടിഫിക്കറ്റ് ആരോഗ്യകേന്ദ്രംവഴി ഒരു മാസത്തിനകം

തിരുവനന്തപുരം: കൊവിഡ് മരണം തെളിയിക്കുന്ന സർട്ടിഫിക്കറ്റിനായി ആരും നെട്ടോട്ടമോടേണ്ട. വീടിനടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ (പി.എച്ച്.സി) എത്തിയാൽ മതി. കൊവിഡ് ഡെത്ത് ഡിക്ലറേഷൻ ഡോക്യുമെന്റ് എന്ന പേരിലാണ് ആരോഗ്യവകുപ്പ് ഇത് കൈമാറുന്നത്.

സാധാരണ ഗതിയിൽ തദ്ദേശ സ്ഥാപനങ്ങളിൽനിന്ന് കിട്ടുന്ന മരണ സർട്ടിഫിക്കറ്റിൽ മരണകാരണം രേഖപ്പെടുത്താൻ വ്യവസ്ഥയില്ല. അതിനാൽ കൊവിഡ് മരണത്തിന് രണ്ടു സർട്ടിഫിക്കറ്റുണ്ടാവും.

മരിച്ചവരുടെ കുടുംബാംഗങ്ങൾക്കുള്ള ആനുകൂല്യങ്ങൾക്ക് പി.എച്ച്.സിയിൽനിന്നു കിട്ടുന്ന ഈ സർട്ടിഫിക്കറ്റ് നിർബന്ധമാണ്. അപേക്ഷ നൽകി ഒരു മാസത്തിനുള്ളിൽ അവിടെനിന്ന് സർട്ടിഫിക്കറ്റ് ലഭിക്കും.ആശുപത്രിയിലോ, തദ്ദേശ സ്ഥാപനത്തിലോ ഇതിനായി കയറിയിറങ്ങേണ്ടതില്ല.

കൊവിഡ് പോസിറ്റീവായി 30 ദിവസത്തിനുള്ളിലെ മരണങ്ങളും ആത്മഹത്യകളും കൊവിഡ് മരണപ്പട്ടികയിൽ ഉൾപ്പെടുത്തുന്നതിന് കേന്ദ്രനിർദ്ദേശ പ്രകാരമുള്ള മാർഗനിർദ്ദേശം സംസ്ഥാനം ഉടൻ പുറത്തിറക്കും. ഔദ്യോഗിക കണക്കുകളനുസരിച്ച് സംസ്ഥാനത്ത് നിലവിൽ കാൽ ലക്ഷത്തോളമാണ് കൊവിഡ് മരണം. പുതിയ മാനദണ്ഡം ചേർക്കുമ്പോൾ 40 ശതമാനത്തോളം വർദ്ധനവുണ്ടാകും.

നടപടിക്രമം

ചികിത്സയിലിരിക്കെ മരിച്ചാൽ ചികിത്സിച്ച ഡോക്ടറോ,മെഡിക്കൽ സൂപ്രണ്ടോ മരണകാരണം വ്യക്തമാക്കിയുള്ള ബുള്ളറ്റിൻ തയ്യാറാക്കും

ഇ-ഹെൽത്തിന്റെ പോർട്ടലിൽ വിവരങ്ങളും രേഖകളും സഹിതം അപ് ലോഡ് ചെയ്യും

ജില്ലാ മെഡിക്കൽ ഓഫീസർ പരിശോധിച്ച് 24 മണിക്കൂറിനകം സ്ഥിരീകരിക്കണം

സംസ്ഥാനതല സമിതി ഈ റിപ്പോർട്ട് പരിശോധിച്ച് അംഗീകരിക്കണം

ജില്ലാ മെഡിക്കൽ ഓഫീസർമാർ ഇതേ പോർട്ടലിൽ നിന്ന് സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്ത് ഒപ്പും സീലും വയ്ക്കും

ഇത് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെത്തിക്കും. ബന്ധുക്കൾക്ക് പരിശോധിച്ച് തെറ്റുണ്ടെങ്കിൽ തിരുത്തിവാങ്ങാം

അപേക്ഷ

കൊവിഡ് പോസിറ്റീവായി 30 ദിവസത്തനുള്ളിലെ മരണങ്ങളും ആത്മഹത്യകളും കൊവിഡ് മരണപ്പട്ടികയിൽ ഉൾപ്പെടുത്തുന്നതിന് ബന്ധുക്കൾ ജില്ലാ മെഡിക്കൽ ഓഫീസിലെ സർവൈലൻസ് ടീമിൽ രേഖകൾ സഹിതം അപേക്ഷിക്കണം. വിശദമായ പരിശോധനയ്ക്ക് ശേഷം പട്ടികയിൽ ഉൾപ്പെടുത്തും.

‘മരണകാരണം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് വൈകാതെ ലഭ്യമാക്കും. കേന്ദ്രമാനദണ്ഡപ്രകാരം ജനങ്ങളെ ബുദ്ധിമുട്ടിക്കാത്ത തരത്തിലാണ് ഇത് സംബന്ധിച്ച മാർഗനിർദ്ദേശങ്ങൾ തയ്യാറാക്കുന്നത്.’

-രാജൻ.എൻ.ഖോബ്രഗഡേ

ആരോഗ്യവകുപ്പ്

പ്രിൻസിപ്പൽ സെക്രട്ടറി