പടിഞ്ഞാറെക്കര ബീച്ച് മാലിന്യ മുക്തമാക്കാന്‍ കൈകോര്‍ത്ത് ഹരിത കേരളം മിഷനും പുറത്തൂര്‍ ഗ്രാമപഞ്ചായത്തും



തിരൂർ: പടിഞ്ഞാറെക്കര ബീച്ചില്‍  ഹരിത കേരളം മിഷനും പുറത്തൂര്‍ ഗ്രാമപഞ്ചായത്തും സംയുക്തമായി പടിഞ്ഞാറെക്കര ബീച്ചില്‍ നടപ്പിലാക്കിയ ശുചിത്വസാഗരം പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ വികസന കമ്മീഷണര്‍ എസ്. പ്രേം കൃഷ്ണന്‍ നിര്‍വഹിച്ചു. എത്ര മികച്ച ടൂറിസം കേന്ദ്രമായാലും വൃത്തിഹീനമായ സാഹചര്യങ്ങള്‍ ടൂറിസം കേന്ദ്രങ്ങളെ സഞ്ചാരികളില്‍ നിന്ന് അകറ്റും. വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ എന്നെങ്കിലുമൊരിക്കല്‍ വൃത്തിയാക്കിയാക്കുക എന്നതല്ല, മറിച്ച് എല്ലാവരുടെയും പങ്കാളിത്തം ഉറപ്പാക്കി മാലിന്യ നിര്‍മാര്‍ജനം സാധ്യമാക്കണം. ടൂറിസം ഭൂപടത്തില്‍ ജില്ലക്ക് അര്‍ഹമായ പ്രധാന്യം നല്‍കുന്നതിനായുള്ള ശ്രമങ്ങള്‍ നടത്തുമെന്നും ജില്ലാ വികസന കമ്മീഷണര്‍ പറഞ്ഞു. പുറത്തൂര്‍ ഗ്രാമപഞ്ചായത്ത്  പ്രസിഡന്റ് സി.ഒ ശ്രീനിവാസന്‍ അധ്യക്ഷനായി.

ഹരിത കര്‍മസേന, നാട്ടുകാര്‍, സന്നദ്ധ സംഘടനകള്‍ എന്നിവരുടെ പങ്കാളിത്തത്തോടെയാണ് പടിഞ്ഞാറെക്കര ബീച്ചിലെ മാലിന്യം ശേഖരിച്ചത്. ആദ്യ ഘട്ടമെന്ന നിലയില്‍ മൂന്നങ്ങാടി മുതല്‍ അഴിമുഖം വരെ പടിഞ്ഞാറെക്കര ബീച്ചുള്‍പ്പെടുന്ന അഞ്ച് കിലോ മീറ്ററോളം ദൂരമാണ് ശുചീകരിച്ചത്. തുടര്‍ന്ന് മറ്റ് തീരദേശ പഞ്ചായത്തുകളിലേക്ക് കൂടി പദ്ധതി വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഇത്തരത്തില്‍ ശേഖരിക്കുന്ന പ്ലാസ്റ്റിക് ഉള്‍പ്പടെയുള്ള മാലിന്യം സ്വകാര്യ കമ്പനിയായ ഗ്രീന്‍ വേംസ് ആണ് പുന:ചംക്രമണത്തിനായി ഏറ്റെടുക്കുന്നത്.

പടിഞ്ഞാറെക്കര ബീച്ചില്‍ നടന്ന  പരിപാടിയില്‍ പുറത്തൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുഹറ ആസിഫ്, ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ കെ.ടി പ്രശാന്ത്, ഹരിത കേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ടി.വി.എസ് ജിതിന്‍, പഞ്ചായത്ത് അംഗം ഹസ്പ്ര യഹിയ, ഗ്രീന്‍ വേംസ് കേരള ഹെഡ് ശ്രീരാഗ് കുറവാട്ടില്‍, ഹരിത കേരളം മിഷന്‍ കോര്‍ഡിനേറ്റര്‍ ശങ്കരനാരായണന്‍ എന്നിവര്‍ പങ്കെടുത്തു.