ലോകത്തിലെ ഏറ്റവും വില കൂടിയ മാസ്‌ക് സൗദിയിൽ

ജിദ്ദ: ലോകത്തിലെ ഏറ്റവും വില കൂടിയ മാസ്‌ക് സൗദിയിൽ പ്രദർശനത്തിന്. പതിനൊന്ന് കോടിയിലേറെ രൂപയാ് ഈ മാസ്‌കിന്റെ വില. വെള്ളയും കറുപ്പും നിറത്തിലുള്ള 3,608 ഡയമണ്ടുകളും സ്വർണവും ഉപയോഗിച്ച് നിർമ്മിച്ചതാണ് ഈ മാസ്‌ക്. റിയാദിൽ നടക്കുന്ന റിയാദ് സീസണിലെ പ്രധാന വേദികളിൽ ഒന്നായ റിയാദ് ഫ്രണ്ടിലെ ജൂവലറി സലൂൺ പ്രദർശന മേളയിലാണ് മാസ്‌ക് പ്രദർശനത്തിനെത്തിയത്.

മൂന്ന് പാളികളിലായാണ് ഈ മാസ്‌ക് തീർത്തിരിക്കുന്നത്. മാസ്‌കിന്റെ ആദ്യ പാളി പൂർണമായും അപൂർവയിനം വജ്രം ഉപയോഗിച്ചാണ് നിർമ്മിച്ചിട്ടുള്ളത്. രണ്ടാം പാളി എൻ 99 മാസ്‌കും മൂന്നാം പാളി ഫിൽട്ടറുമാണ്. ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിന് അമേരിക്കൻ ഫുഡ് ആൻഡ് ഡ്രഗ് അഥോറിറ്റിയുടെ അംഗീകാരവും നേടിയിട്ടുണ്ട് ഈ സൂപ്പർ മാസ്‌ക്.
അമേരിക്കയിലെ ലൊസാഞ്ചലസിൽ കഴിയുന്ന സമ്പന്നന്റെ ഉടമസ്ഥതയിലാണ് ഈ മാസ്‌ക്.

അമേരിക്കൻ വജ്രാഭരണ ബ്രാൻഡായ ‘ഇവൽ’ ജൂവലറിയാണ് കോടികളുടെ ഈ മാസ്‌ക് നിർമ്മിച്ചത്. കമ്പനിയുടെ സ്ഥാപകനും ഉടമസ്ഥനുമായ ഇസാഖ് ലെവി മാസ്‌ക് ഡിസൈൻ ചെയ്തു. വജ്ര, സ്വർണ പണി രംഗത്തെ 41 കലാകാരന്മാർ ഒൻപത് മാസം സമയമെടുത്താണ് മാസ്‌ക് നിർമ്മിച്ചത്.