അസംഘടിത മേഖലയിലെ തൊഴിലാളികള്‍ ഡിസംബര്‍ 31നകം ഇ-ശ്രം രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിക്കണം- ജില്ലാ കലക്ടര്‍

മലപ്പുറം: അസംഘടിതമേഖലയിലെ തൊഴിലാളികള്‍ക്കുള്ള സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ഭാവിയില്‍ പൂര്‍ണമായും ഇ-ശ്രം കാര്‍ഡ് മുഖേനയാക്കുമെന്നതിനാല്‍ ജില്ലയില്‍ ബന്ധപ്പെട്ട മേഖലയിലെ മുഴുവന്‍ തൊഴിലാളികളും ഡിസംബര്‍ 31 നകം ഇ-ശ്രം രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിക്കണമെന്ന് ജില്ലാ കലക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ അറിയിച്ചു. അതിഥി തൊഴിലാളികളുള്‍പ്പടെ അസംഘടിതമേഖലയിലെ മുഴുവന്‍ തൊഴിലാളികളും നിര്‍ബന്ധമായും ഇ-ശ്രം കാര്‍ഡ് കരസ്ഥമാക്കണം. തദ്ദേശ സംയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ പ്രത്യേകം ഇ-ശ്രം രജിസ്‌ട്രേഷന്‍ ക്യാമ്പുകള്‍ ജില്ലയില്‍ സംഘടിപ്പിക്കുന്നുണ്ട്. അതിഥി തൊഴിലാളികള്‍ക്കായി രാത്രികാലങ്ങളിലും ക്യാമ്പുകള്‍ പ്രവര്‍ത്തിപ്പിക്കുന്നുണ്ട്. അതിനാല്‍ ക്യാമ്പുകളിലെ സേവനം പരമാവധി പ്രയോജനപ്പെടുത്തി എല്ലാവരും ഇ-ശ്രം രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

അസംഘടിത തൊഴിലാളികളുടെ വിവരങ്ങള്‍ ശേഖരിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച ഇ-ശ്രം രജിസ്‌ട്രേഷന്‍ പ്രകാരം ജില്ലയില്‍ ഇനിയും പത്ത് ലക്ഷത്തിലധികം തൊഴിലാളികള്‍ രജിസ്റ്റര്‍ ചെയ്യാനുള്ളതായാണ് ജില്ലാ വികസന കമ്മീഷണറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാതല ഇ-ശ്രം ഇംപ്ലിമെന്റേഷന്‍ കമ്മിറ്റി യോഗത്തിന്റെ വിലയരുത്തല്‍. അതിനാല്‍ രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തീയ്യതിയായ ഡിസംബര്‍ 31 നകം മുഴുവന്‍ തൊഴിലാളികളുടെയും രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. 

16നും 59നും ഇടയില്‍ പ്രായമുള്ള ഇ.എസ്.ഐ, ഇ.പി.എഫ് അര്‍ഹതയില്ലാത്തതും, ഇന്‍കം ടാക്‌സ് പരിധിയില്‍ വരാത്തതുമായ എല്ലാ അസംഘടിത തൊഴിലാളികള്‍ക്കും ഇ-ശ്രം രജിസ്‌ട്രേഷന്‍ നടത്താവുന്നതാണ്. ഇ-ശ്രം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഒരു യുണീക് ഐഡന്റിഫിക്കേഷന്‍ കാര്‍ഡ് ലഭ്യമാകുന്നതും ഈ കാര്‍ഡിലൂടെ കേന്ദ്ര സര്‍ക്കാരിന്റെ സാമൂഹ്യ സുരക്ഷാ പദ്ധതി പ്രകാരമുള്ള എല്ലാ ആനുകൂല്യങ്ങളും തൊഴിലാളികള്‍ക്ക് ലഭിക്കുന്നതുമാണ്. കൂടാതെ ബന്ധപ്പെട്ട തൊഴിലാളികള്‍ക്ക് പ്രധാന്‍ മന്ത്രി സുരക്ഷാ ഭീമാ യോജന പ്രകാരം അപകട ഇന്‍ഷൂറന്‍സ് ആയി രണ്ട് ലക്ഷം രൂപയും ദേശീയ അടിയന്തിരാവസ്ഥയിലും ദേശീയ ദുരന്ത ഘട്ടങ്ങളിലും കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന എല്ലാ ആനുകൂല്യങ്ങളും ലഭിക്കുന്നതുമാണ്.

മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ളവര്‍ക്ക് http://register.eshram.gov.in എന്ന വെബ് സൈറ്റ് വഴി സ്വയം രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. അല്ലെങ്കില്‍ അക്ഷയ  കേന്ദ്രങ്ങള്‍/കോമണ്‍ സര്‍വ്വീസ് കേന്ദ്രങ്ങള്‍/ ഇന്ത്യ പോസ്റ്റ് പേമെന്റ് ബാങ്ക് എന്നിവ വഴി സൗജന്യമായി ഇ-ശ്രം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. കൂടാതെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ട്രേഡ് യൂണിയനുകള്‍, സന്നദ്ധ സംഘടനകള്‍, യുവജന സംഘടനകള്‍ തുടങ്ങിയവര്‍ സംഘടിപ്പിക്കുന്ന ക്യാമ്പുകള്‍ വഴിയും രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. രജിസ്റ്റര്‍ ചെയ്യുന്നതിനായി ആധാര്‍ ലിങ്ക് ചെയ്ത മൊബൈല്‍ നമ്പര്‍, ആധാര്‍ നമ്പര്‍, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, നോമിനിയുടെ പേര്, നോമിനിയുടെ ജനന തിയതി, നിലവില്‍ തൊഴില്‍ ചെയ്യുന്ന മേഖലയില്‍ തിരിച്ചറിയല്‍ കാര്‍ഡുണ്ടെങ്കില്‍ അത് എന്നിവ ആവശ്യമാണ്.

സ്വയം തൊഴില്‍ ചെയ്യുന്നവര്‍, തൊഴിലുറപ്പ് ജോലി ചെയ്യുന്നവര്‍, നിര്‍മ്മാണ തൊഴിലാളികള്‍, വഴിയോര കച്ചവടക്കാര്‍, ചെറുകിട കച്ചവടക്കാര്‍, ആശാ വര്‍ക്കര്‍മാര്‍, അങ്കണവാടി പ്രവര്‍ത്തകര്‍, മത്സ്യ തൊഴിലാളികള്‍, ക്ഷീര കര്‍ഷകര്‍, കര്‍ഷക തൊഴിലാളികള്‍, വീട്ടു ജോലിക്കാര്‍, തടിപ്പണിക്കാര്‍, ബീഡി തൊഴിലാളികള്‍, പത്ര ഏജന്റുമാര്‍, ഓട്ടോ-ടാക്‌സി ഡ്രൈവര്‍മാര്‍, തയ്യല്‍ തൊഴിലാളികള്‍, അതിഥി തൊഴിലാളികള്‍, ക്വാറി തൊഴിലാളികള്‍ തുടങ്ങി ഇ.പി.എഫ്, ഇ.എസ്.ഐ ആനുകൂല്യങ്ങള്‍ ഇല്ലാത്ത, ഇന്‍കം ടാക്‌സ് പരിധിയില്‍ വരാത്ത എല്ലാ അസംഘടിത തൊഴിലാളികള്‍ക്കും ഇ-ശ്രം രജിസ്‌ട്രേഷന്‍ നടത്താവുന്നതാണ്.