നാട്ടിലെത്തി കാണാതായ മലപ്പുറത്തെ പ്രവാസി യുവാവ് തിരിച്ച് യുഎഇയിലെത്തി.

മലപ്പുറം: സ്വര്‍ണവും പണവും മോഷ്ടിച്ചു നാട്ടിലെത്തി കാണാതായെന്ന് പരാതി ഉയര്‍ന്ന മലപ്പുറം എടവണ്ണപ്പാറയിലെ പ്രവാസി യുവാവ് തിരിച്ച് യുഎഇയിലെത്തിയതായി വിവരം. കേസന്വേഷിക്കുന്ന കൊണ്ടോട്ടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുളള സംഘം യുവാവുമായി വാട്‌സാപ്പിലൂടെ ബന്ധപ്പെട്ടു. ദുബായ് കമ്പനിയുടെ അഞ്ചു ലക്ഷം ദിര്‍ഹം മോഷ്ടിച്ച് നാട്ടിലേക്കു കടന്നുവെന്ന പരാതിയിലാണ് ആരോപണ വിധേയനായ മലപ്പുറം വാഴക്കാട് മണ്ഡലക്കടവ് സ്വദേശി ആഷിക്കു (25) മായി പോലീസ് ബന്ധപ്പെട്ടത്. അതേസമയം പണം മോഷ്ടിച്ചു കടന്നുവെന്ന ആരോപണം തെറ്റിദ്ധാരണ പരത്താനാണെന്നും യുവാവ് സ്വര്‍ണം കടത്തി മുങ്ങിയതാണെന്നുമാണു പുറത്തുവരുന്ന വിവരങ്ങള്‍. ഇതുതന്നെയാണു പോലീസിന്റേയും പ്രാഥമിക നിഗമനം.
​വീഡിയോയുമായി യുവാവ്
നാട്ടിലെത്തിയ യുവാവിനെ കാണാനില്ലെന്നു ചൂണ്ടിക്കാട്ടി ദിവസങ്ങള്‍ക്കു മുമ്പു ഭാര്യ വാഴക്കാട് പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനു പിന്നാലെ താന്‍ ഒളിച്ചു താമസിക്കുകയാണ്, ആരും പേടിക്കേണ്ടെന്നും പറഞ്ഞുള്ള യുവാവിന്റെ വീഡിയോ ക്ലിപ്പും പുറത്തുവന്നിരുന്നു. തന്നെ കാണാനില്ലെന്ന് പറഞ്ഞും കമ്പനിയെ പറ്റിച്ചു മുങ്ങിയെന്നും പറഞ്ഞു വാര്‍ത്തകള്‍ വന്നതായി അറിഞ്ഞു. ദുബായില്‍ നിന്നും ഡല്‍ഹിയിലാണ് ഞാന്‍ വിമാനം ഇറങ്ങിയത്. തിരിച്ച് ഡല്‍ഹിയില്‍ നിന്നും ഇപ്പോള്‍ സുരക്ഷതത്വമുള്ള സ്ഥലത്തേക്ക് ഞാന്‍ മാറിയതാണ്. ആരുടേയും കസ്റ്റഡിയിലോ, നിയന്ത്രണത്തിലോ അല്ല ഞാന്‍. എനിക്ക് 100 ശതമാനം സുരക്ഷിതത്വമുള്ള സ്ഥലത്താണിപ്പോള്‍ ഞാനുള്ളതെന്നുമായിരുന്നു ആഷിക് വിഡിയോയില്‍ പറഞ്ഞിരുന്നത്.

5 ലക്ഷം ദിര്‍ഹവുമായി മുങ്ങിയെന്ന് പരാതി
ദുബായിലെ യാക്കൂബ് റിയലസ്റ്റേറ്റ് ആന്‍ഡ് മെയന്റനന്‍സില്‍ നിന്നും അഞ്ചു ലക്ഷം ദിര്‍ഹവുമായി മുങ്ങിയതാണെന്ന് ചൂണ്ടിക്കാട്ടി ആഷിക്കിനെതിരെ കമ്പനി അധികൃതർ വാഴക്കാട് പോലീസില്‍ ഇ-മെയില്‍ മുഖേന പരാതി നല്‍കിയിരുന്നു. കഴിഞ്ഞ 17-ാം തീയതിയായിരുന്നു കമ്പനി ഇദ്ദേഹത്തിന്റെ കയ്യില്‍ തുക ഏല്‍പ്പിച്ചിരുന്നതെന്നാണ് കമ്പനി നല്‍കിയ പരാതിയില്‍ പറയുന്നത്.

​സഹോദരന് വാട്‌സാപ്പ് കോള്‍
ആഷിക്കിനെ കാണാനില്ലെന്ന് കുടുംബം പോലീസില്‍ പരാതി നല്‍കിയതിന് ശേഷമാണു സഹോദരനായ റഹ്മത്തുള്ളയെ ആഷിക് നാട്ടിലുള്ള ഒരു നമ്പറില്‍ നിന്നും വാട്‌സാപ്പ് കോള്‍ ചെയ്തത്. ഇനി താന്‍ എന്റെ കാര്യത്തില്‍ ഇടപെടേണ്ടെന്നും മറ്റുമാണു പറഞ്ഞതെന്നു റഹ്മത്തുള്ള പറഞ്ഞു. എന്നാല്‍ കോള്‍ വന്ന നമ്പര്‍ റഹ്മത്തുളള ഉടന്‍ വാഴക്കാട് പോലീസിന് കൈമാറിയിരുന്നു. പോലീസ് ഈ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഈ നമ്പറില്‍ വാട്‌സാപ്പും നിലവിലില്ലായിരുന്നു.

​വീട്ടിലെത്താതെ ആഷിക്, കവർ തേടി അജ്ഞാത സംഘം
ദുബായില്‍ ജോലി ചെയ്യുന്ന ആഷിക് ദിവസങ്ങള്‍ക്കു മുമ്പാണ് നാട്ടിലേക്ക് വരുന്നുണ്ടെന്ന് അറിയിച്ചിരുന്നത്. എന്നാല്‍ ആഷിക് വീട്ടില്‍ എത്തുകയോ, വീട്ടുകാരെ ഫോണില്‍ ബന്ധപ്പെടുകയോ ചെയ്തിട്ടില്ലെന്നുമായിരുന്നു കാണാനില്ലെന്ന പരാതിയില്‍ വീട്ടുകാര്‍ പറഞ്ഞത്. തുടര്‍ന്ന് ഒരു സംഘം ആളുകള്‍ വീട്ടിലെത്തുകയും ആഷിക്ക് കൊണ്ടുവന്ന കവര്‍ ആവശ്യപ്പെട്ടുവെന്നും പരാതിയിൽ പറഞ്ഞിരുന്നു. എന്നാല്‍ ആഷിക് വീട്ടില്‍ എത്തിയിട്ടില്ലെന്നും കവറിനെ കുറിച്ച് അറിയില്ലെന്നും വീട്ടുകാര്‍ പറഞ്ഞു. പിന്നീട് സംഘം ഭീഷണി സ്വരത്തില്‍ വീട്ടുകാരോടു സംസാരിച്ചുവെന്നും കവര്‍ തിരിച്ചു നല്‍കിയില്ലെങ്കില്‍ പ്രശ്നമാകുമെന്നും എത്രയും വേഗം ഈ കവര്‍ എത്തിക്കാന്‍ സംവിധാനമുണ്ടാക്കണമെന്നും ആവശ്യപ്പെട്ടു. അതോടൊപ്പം ഭാര്യയും മൂന്നു പെണ്‍മക്കളും ഭാര്യാമാതാവും താമസിക്കുന്ന വീട്ടിലേക്ക് ഫോണില്‍ വിളിച്ച് വധഭീഷണി മുഴക്കിയതായും പരാതിയില്‍ പറഞ്ഞു.

​​ദുരൂഹത ഒഴിയുന്നില്ല
വാട്‌സാപ്പില്‍ വിളിച്ചപ്പോള്‍ സംഭവത്തിന്റെ യാഥാര്‍ഥ്യം എന്താണെന്ന് അറിയില്ലെന്നും പ്രശ്നം എത്രയും പെട്ടന്ന് തീര്‍ക്കുന്നതാണ് ഉചിതമെന്ന് താന്‍ പറഞ്ഞുവെന്നും റഹ്മത്തുള്ള പറഞ്ഞു. മൂന്നാം തവണയാണു ആഷിക് ഗള്‍ഫില്‍ പോയി വരുന്നത്. ആഷിക്കിന്റെ മൂന്നു പെണ്‍മക്കളും ഭാര്യയും അവരുടെ മാതാവുമാണ് വാഴക്കാട്ടെ വീട്ടില്‍ കഴിയുന്നത്. സംഭവത്തില്‍ സഹോദരനുമായി ചില സംസാരങ്ങളുണ്ടായതിനെ തുടര്‍ന്നു പോലീസ് സ്റ്റേഷനിലെത്തുകയും പോലീസുമായി സംസാരിച്ചു രമ്യതയില്‍ പിരിഞ്ഞതിനും ശേഷമാണ് സഹോദരനായ റഹ്മത്തുള്ളയോട് ആഷിക് വാട്സാപ്പ് കോളിലൂടെ സംസാരിച്ചത്.