ഭരതനാട്യത്തില്‍ നഷ്ടമായ ഒന്നാം സ്ഥാനം കുച്ചുപ്പിടിയിലൂടെ തിരിച്ചു പിടിച്ച് അസിന്‍

 

തിരൂര്‍: ഹൈസ്‌കൂള്‍ വിഭാഗം കുച്ചുപ്പുടി മത്സരത്തിന്റെ ഫലം വന്നതോടെ ജില്ലാ കലോത്സവത്തില്‍ തലനാരിഴക്ക് നഷ്ടമായ ഒന്നാം സ്ഥാനം തിരിച്ചു നേടാനായ സന്തോഷത്തിലാണ് പരിയാപുരം സെന്റ്‌മേരീസ് എച്ച്.എസ്.എസിലെ അസിന്‍ പി.എസ്. ബുധനാഴ്ച നടന്ന ഹൈസ്‌കൂള്‍ വിഭാഗം ഭരതനാട്യ മത്സരത്തില്‍ എ ഗ്രേയ്ഡ് നേടിയെങ്കിലും രണ്ടാം സ്ഥാനമാണ് അസിന് ലഭിച്ചത്.

ഇന്നലെ തിരൂര്‍ ബോയ്‌സ് സ്‌കൂളിലെ വേദി ഒന്നില്‍ നടന്ന എച്ച്.എസ് കുച്ചുപ്പുടി മത്സരത്തിലാണ് അസിന് എ ഗ്രേയ്‌ഡോടെ ഒന്നാം സ്ഥാനം ലഭിച്ച് സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടിയത്.

11 വര്‍ഷമായി വിവിധ നൃത്ത്കലകള്‍ അഭ്യസിക്കുന്ന അസിന്‍ സ്വന്തം വിദ്യാലയത്തിലുള്‍പ്പടെ ഡാന്‍സ് പഠിപ്പിക്കുന്നുമുണ്ട്. സിബിഎസ്ഇ, സഹോദയ കലാമേളയില്‍ എ ഗ്രേയ്ഡ് നേടിയ അസിന്‍ ആദ്യമായാണ് ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ പങ്കെടുക്കുന്നത്. നല്ലരീതിയില്‍ ഭരതനാട്യം ചെയ്‌തെങ്കിലും ഒന്നാം സ്ഥാനം ലഭിക്കാത്തതില്‍ ഏറെ നിരാശയുണ്ടായിരുന്നതായും കുച്ചിപ്പുടി മത്സരഫലം സന്തോഷവും ഏറെ പ്രതീക്ഷയും നല്‍കുന്നതാണെന്നും അസിന്‍ പറഞ്ഞു. കലോത്സവത്തിന്റെ സമാപന ദിനമായ ഇന്ന് നാടോടി നൃത്തത്തിലും അസിന്‍ മത്സരിക്കുന്നുണ്ട്. വീട്ടില്‍ നിന്നും സ്‌കൂളില്‍ നിന്നും ഡാന്‍സ് പഠിക്കുന്നതന് പൂര്‍ണ പിന്തുണ ലഭിക്കുന്നതായും അസിന്‍ പറഞ്ഞു. ഡാന്‍സിനു പുറമെ പഠനത്തിലും അസിന്‍ മിടുക്കിയാണെന്ന് അധ്യാപകര്‍ പറഞ്ഞു. തുടര്‍ന്നും പഠനത്തോടൊപ്പം നൃത്തകലയും മുന്നോട്ടുകൊണ്ടുപോകാനാണ് അസിന്റെ പദ്ധതി. പെരിന്തല്‍മണ്ണ ഒലിങ്കര പൂവത്തിങ്കല്‍ അബ്ദുല്‍ സലാമിന്റെയും പി.എസ് ജസീദയുടെയും ഏക മകളാണ് അസിന്‍.