15 ദിവസത്തിനുള്ളിൽ 5.35 കോടി രൂപ നൽകണം; മെഹുൽ ചോക്സിക്ക് സെബി നോട്ടീസ്

ഗീതാഞ്ജലി ജെംസ് ലിമിറ്റഡിന്റെ ഓഹരി തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ ഒളിവിൽപ്പോയ വ്യവസായി മെഹുൽ ചോക്സിക്ക് 5.35 കോടി രൂപ ആവശ്യപ്പെട്ട് മാർക്കറ്റ് റെഗുലേറ്റർ സെബി നോട്ടീസ് അയച്ചു. ഈ തുക 15 ദിവസത്തിനകം അടച്ചില്ലെങ്കിൽ സ്വത്തുക്കൾക്കൊപ്പം ബാങ്ക് അക്കൗണ്ടുകളും അറ്റാച്ച് ചെയ്യുമെന്നും സെബി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) ചുമത്തിയ പിഴ അടക്കുന്നതിൽ ചോക്‌സി പരാജയപ്പെട്ടതിനെ തുടർന്നാണ് ഡിമാൻഡ് നോട്ടീസ്. ഗീതാഞ്ജലി ജെംസിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറും പ്രൊമോട്ടർ ഗ്രൂപ്പിന്റെ ഭാഗവുമായിരുന്ന ചോക്‌സി നീരവ് മോദിയുടെ അമ്മാവനാണ്. സർക്കാർ ഉടമസ്ഥതയിലുള്ള പഞ്ചാബ് നാഷണൽ ബാങ്കിനെ 14,000 കോടി രൂപയിലധികം കബളിപ്പിച്ചെന്ന കുറ്റമാണ് ഇരുവരും നേരിടുന്നത്.

പിഎൻബി തട്ടിപ്പ് പുറത്തുവന്നതിന് ശേഷം 2018 ന്റെ തുടക്കത്തിൽ രണ്ട് പ്രതികളും വിദേശത്തേക്ക് രക്ഷപ്പെട്ടിരുന്നു. ചോക്‌സി ആന്റിഗ്വയിലും ബാർബുഡയിലും ഉണ്ടെന്ന് പറയുമ്പോൾ നീരവ് മോദി യുകെയിലെ ജയിലിലാണ്. ഗീതാഞ്ജലി ജെംസിന്റെ ഓഹരികളിൽ കൃത്രിമം കാണിച്ചതിന് 2022 ഒക്ടോബറിൽ ചോക്‌സിക്കെതിരെ സെബി 5 കോടി രൂപ പിഴ ചുമത്തിയിരുന്നു. ഇതുകൂടാതെ, റെഗുലേറ്റർ 10 വർഷത്തേക്ക് ഓഹരി വിപണിയിൽ നിന്ന് വിലക്കുകയും ചെയ്തു.