സമഗ്ര ശിക്ഷ അഭിയാൻ; നാലുവര്‍ഷത്തിനിടെ എറണാകുളം ജില്ലയില്‍ ചെലവഴിച്ചത് 699.33 ലക്ഷം

കൊച്ചി: സ്‌കൂള്‍ വിദ്യാഭ്യാസ മേഖലയിലെ പദ്ധതിയായ സമഗ്ര ശിക്ഷ അഭിയാൻ പ്രകാരം ജില്ലയില്‍ കഴിഞ്ഞ നാലുവര്‍ഷത്തിനിടെ 699.33 ലക്ഷം രൂപ ചെലവഴിച്ചതായി കേന്ദ്രസര്‍ക്കാര്‍.

ഹൈബി ഈഡൻ എം.പി ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി അന്നപൂര്‍ണ ദേവി നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. അടിസ്ഥാന സൗകര്യങ്ങള്‍ക്കായി നല്‍കുന്ന ഫണ്ട്, പുനരുജ്ജീവന അടിസ്ഥാന സൗകര്യങ്ങള്‍ക്കായി നല്‍കുന്ന ഫണ്ട് എന്നിങ്ങനെ രണ്ടുവിഭാഗങ്ങളിലായി 2019-20 സാമ്ബത്തികവര്‍ഷം മുതല്‍ 2023-24 സാമ്ബത്തികവര്‍ഷം വരെയാണ് 699.33 ലക്ഷം രൂപ ചെലവഴിച്ചത്. അടിസ്ഥാന സൗകര്യങ്ങള്‍ക്കായി 2019-20 സാമ്ബത്തിക വര്‍ഷത്തില്‍ 156.50 ലക്ഷം രൂപയും 2020-21ല്‍ 97.05 ലക്ഷം രൂപയും 2021-22ല്‍ 43.10 ലക്ഷം രൂപയും 2022-23ല്‍ 39.8 ലക്ഷം രൂപയും 2023-24ല്‍ 40 ലക്ഷം രൂപയും ജില്ലക്ക് നല്‍കി.

ഈയിനത്തില്‍മാത്രം കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ആകെ 376.45 ലക്ഷമാണ് ചെലവഴിച്ചത്. കൂടാതെ പുനരുജ്ജീവന അടിസ്ഥാന സൗകര്യങ്ങളുടെ ഇനത്തില്‍ മതില്‍ നിര്‍മിക്കാൻ ഇക്കാലയളവില്‍ 220.38 ലക്ഷം രൂപയും പ്രധാന അറ്റകുറ്റപ്പണികള്‍ക്ക് 53.0 ലക്ഷം രൂപയും ചെറിയ അറ്റകുറ്റപ്പണികള്‍ക്ക് 49.5 ലക്ഷം രൂപയും ജില്ലക്ക് നല്‍കി. ഈയിനത്തില്‍ 2019-20 സാമ്ബത്തികവര്‍ഷം മുതല്‍ 2023-24 സാമ്ബത്തികവര്‍ഷം വരെ ആകെ 322.88 ലക്ഷം രൂപയാണ് ചെലവഴിച്ചത്.

2018-19 സാമ്ബത്തിക വര്‍ഷത്തിലാണ്, കേന്ദ്ര സര്‍ക്കാറിന്റെ സ്കൂള്‍ വിദ്യാഭ്യാസ വകുപ്പും സാക്ഷരത വകുപ്പും സംയോജിത കേന്ദ്രാവിഷ്കൃത പദ്ധതി ആരംഭിച്ചതെന്നും ഇത് സ്കൂള്‍ വിദ്യാഭ്യാസ മേഖലയിലുണ്ടായിരുന്ന സര്‍വശിക്ഷ അഭിയാൻ (എസ്.എസ്.എ), രാഷ്ട്രീയ മാധ്യമിക് ശിക്ഷ അഭിയാൻ (ആര്‍.എം.എസ്.എ.), ടീച്ചര്‍ എജുക്കേഷൻ (ടി.ഇ) എന്നീ മൂന്ന് മുൻകാല പദ്ധതികള്‍ ഉള്‍ക്കൊള്ളുന്നതാണെന്നും കേന്ദ്രം വ്യക്തമാക്കുന്നു.