കേരള എഞ്ചിനീയറിങ്, മെഡിക്കല്‍ പ്രവേശനം; ഓണ്‍ലൈൻ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള തീയ്യതി നീട്ടി

തിരുവനന്തപുരം: 2024-25 അധ്യയന വർഷത്തേക്കുള്ള കേരള എഞ്ചിനീയറിംഗ്/ ആർക്കിടെക്ചർ/ ഫാർമസി/ മെഡിക്കല്‍ ആൻഡ് മെഡിക്കല്‍ അലൈഡ് കോഴ്സുകളിലേക്കുള്ള (KEAM 2024) പ്രവേശനത്തിനുള്ള അപേക്ഷ ഓണ്‍ലൈനായി സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഏപ്രില്‍ 19നു വൈകിട്ട് അഞ്ചു മണി വരെ നീട്ടി.ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ www.cee.kerala.gov.in ല്‍ പ്രസിദ്ധീകരിച്ച മാർച്ച്‌ 27 ലെ വിജ്ഞാപനത്തില്‍ ലഭിക്കുമെന്ന് പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഓഫീസ് അറിയിച്ചു.

എഞ്ചിനീയറിങ് ഫാർമസി കോഴ്സുകളിലേക്കുള്ള കീം കംപ്യൂട്ട‍ർ അധിഷ്ഠിത പരീക്ഷകളുടെ തീയ്യതികള്‍ കഴിഞ്ഞ മാസം തന്നെ പ്രഖ്യാപിച്ചിരുന്നു. 2024 ജൂണ്‍ ഒന്നാം തീയ്യതി മുതല്‍ ഒൻപതാം തീയ്യതി വരെ വിവിധ ഘട്ടങ്ങളായിട്ടായിരിക്കും പരീക്ഷ നടത്തുന്നത്. കേരളത്തിന് പുറമെ ദുബൈ, മുംബൈ, ഡല്‍ഹി എന്നീ കേന്ദ്രങ്ങളിലും പ്രവേശന പരീക്ഷ നടക്കും. ഇവിടങ്ങളിലും ഇതേ തീയ്യതികളില്‍ തന്നെയായിരിക്കും പരീക്ഷ നടക്കുക. ജൂണ്‍ ഇരുപതോടെ പരീക്ഷാ ഫലം പ്രഖ്യാപിക്കുമെന്നും ജൂലൈ ഇരുപതോടെ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുമെന്നുമാണ് സൂചന.