നിയമസഭാ തിരഞ്ഞെടുപ്പ്; LDF – UDF മുന്നണികൾ ഇന്ന് പ്രകടന പത്രിക പുറത്തിറക്കും

സംസ്ഥാനം പോളിങ്ങ് ബൂത്തിലെത്താൻ ഇനി ഒരാഴ്ച. എൽഡിഎഫ് -യുഡിഎഫ് മുന്നണികൾ ഇന്ന് പ്രകടന പത്രിക പുറത്തിറക്കും. രാഹുൽ ഗാന്ധി പ്രഖ്യാപിച്ച ഇന്ദിരാ ഗ്യാരന്റിയിൽ ഊന്നിയുളളതാകും യുഡിഎഫ് പ്രകടന പത്രിക.

എൽഡിഎഫിൻ്റെ പ്രകടന പത്രിക രാവിലെ 10 മണിക്ക് കോഴിക്കോട് മുഖ്യമന്ത്രി പിണറായി വിജയൻ എൽഡിഎഫ് പുറത്തിറക്കും.തിരഞ്ഞെടുപ്പിനുള്ള ഇടത് മുന്നണിയുടെ പ്രകടനപത്രികയിൽ വമ്പൻ പ്രഖ്യാപനങ്ങളുണ്ടാകുമോ എന്നതാണ് കണ്ടറിയേണ്ടത്. കോഴിക്കോട് സി പി ഐ എം ജില്ലാ കമ്മിറ്റി ഓഫീസിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രകാശനം നടത്തുക. എൽ ഡി എഫ് കൺവീനർ ടി പി രാമകൃഷ്ണൻ, മുന്നണിയിലെ മറ്റ് പ്രമുഖ നേതാക്കൾ എന്നിവർ ചടങ്ങിൽ പങ്കെടുക്കും. ക്ഷേമപെൻഷനുകൾ, ലൈഫ് മിഷൻ, കെ-ഫോൺ തുടങ്ങിയ പദ്ധതികളുടെ അടുത്ത ഘട്ട പ്രഖ്യാപനങ്ങൾ പത്രികയിൽ ഉണ്ടായേക്കും.
അതേസമയം, പ്രചാരണം ആവേശകരമായ അന്ത്യഘട്ടത്തിലേക്ക് കടക്കവെ, യുഡിഎഫ് സ്ഥാനാർഥികൾക്കായി വോട്ടഭ്യർത്ഥിക്കാൻ എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഇന്ന് കേരളത്തിലെത്തും. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ വിവിധ മണ്ഡലങ്ങളിലായി നടക്കുന്ന പൊതുസമ്മേളനങ്ങളിലും കോർണർ മീറ്റിംഗുകളിലും പ്രിയങ്കാ ഗാന്ധി പങ്കെടുക്കും.
രാവിലെ 11 മണിക്ക് ചിറയിൻകീഴ് നിയോജകമണ്ഡലത്തിലെ പുത്തൻതോപ്പിൽ നടക്കുന്ന കോർണർ മീറ്റിംഗോടെയാണ് പ്രിയങ്കയുടെ പര്യടനം ആരംഭിക്കുന്നത്. തീരദേശ മേഖലയിലെ വോട്ടർമാരെ നേരിൽ കണ്ട് പ്രിയങ്ക സംസാരിക്കും.

