എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികളെയും സ്കോളർഷിപ്പ് ജേതാക്കളെയും ഫാറൂഖ് ഹയർ സെക്കൻഡറി സ്കൂൾ അനുമോദിച്ചു; അവാർഡുകൾ പ്രൊഫ. കെ. കെ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ വിതരണം ചെയ്തു

കോട്ടക്കൽ: വിദ്യാഭ്യാസ രംഗത്ത് മൂന്ന് പതിറ്റാണ്ടിലേറെയായി തുടർച്ചയായി 100 ശതമാനം വിജയം കൈവരിച്ച് മുന്നേറുന്ന കോട്ടക്കൽ ഫാറൂഖ് ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂളിൽ ഈ വർഷത്തെ മികച്ച വിജയികളെ അനുമോദിച്ചു. എസ്.എസ്.എൽ.സി., ഹയർ സെക്കൻഡറി പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികൾ, എൽ.എസ്.എസ്., യു.എസ്.എസ്. സ്കോളർഷിപ്പ് ജേതാക്കൾ, പ്രവേശന ഗാനാലാപനത്തിലൂടെ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയ പ്രതിഭകൾ എന്നിവരെയാണ് ചടങ്ങിൽ ആദരിച്ചത്.

സ്കൂളിൽ സംഘടിപ്പിച്ച പ്രത്യേക ചടങ്ങിൽ ബഹുമാനപ്പെട്ട കോട്ടക്കൽ എം.എൽ.എ. പ്രൊഫ. കെ. കെ. ആബിദ് ഹുസൈൻ തങ്ങൾ അവാർഡ് വിതരണം നിർവ്വഹിച്ചു. അക്കാദമിക മികവിനൊപ്പം വിദ്യാർത്ഥികളുടെ കലാ-സാംസ്കാരിക കഴിവുകളെയും ഒരേപോലെ പ്രോത്സാഹിപ്പിക്കുന്ന ഫാറൂഖ് സ്കൂളിന്റെ പ്രവർത്തനങ്ങളെ എം.എൽ.എ. ചടങ്ങിൽ വെച്ച് പ്രത്യേകം അഭിനന്ദിച്ചു.
ഫാറൂഖ് എഡ്യൂകേഷൻ സൊസൈറ്റി പ്രസിഡന്റ് പി. ഉസ്മാൻ കുട്ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ മാനേജ്മെന്റ് പ്രതിനിധികളായ കുഞ്ഞു സാഹിബ് (സെക്രട്ടറി), അബ്ദുൽ കരീം (വൈസ് പ്രസിഡന്റ്), മരക്കാർകുട്ടി ഹാജി (ട്രഷറർ), ടി. പി. മൊയ്തീൻ കുട്ടി, യൂസഫ് (എക്സിക്യൂട്ടീവ് മെമ്പർമാർ) എന്നിവർ പങ്കെടുത്തു.

സ്കൂൾ മാനേജർ മൊയ്തീൻ. കെ, അഡ്മിനിസ്ട്രേറ്റർ സതീഷ് കുമാർ, ഫാറൂഖ് ആർട്ട്സ് ആൻ്റ് സയൻസ് കോളേജ് പ്രിൻസിപ്പാൾ പ്രൊഫ: അബ്ദുൽ അസീസ്, ബി.എഡ് കോളേജ് പ്രിൻസിപ്പാൾ ഡോ: സക്കീർ, ഡി.എൽ.എഡ് (D.El.Ed) പ്രിൻസിപ്പാൾ മുഹമ്മദ്. കെ, ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ അലി അസ്ക്കർ, ഹെഡ്മാസ്റ്റർ അബ്ദുൽ സലാം. കെ. സി എന്നിവരും അധ്യാപകരും രക്ഷിതാക്കളും വിദ്യാർത്ഥികളും ചടങ്ങിൽ സംബന്ധിച്ചു.
അക്കാദമിക മികവിന്റെ പാരമ്പര്യം തുടർന്നുകൊണ്ട് മികച്ച നേട്ടങ്ങൾ കൈവരിച്ച വിദ്യാർത്ഥികളെ ആദരിച്ചത് വിദ്യാലയത്തിനും നാടിനും അഭിമാന നിമിഷമായി മാറി.