കോട്ടക്കൽ കെ.എസ്.ഇ.ബി സെക്ഷൻ വിഭജനം: ഇന്ത്യനൂർ സെക്ഷൻ രൂപീകരണത്തിനുള്ള കെട്ടിട രേഖകൾ കൈമാറി

കോട്ടക്കൽ കെ.എസ്.ഇ.ബി സെക്ഷൻ വിഭജിച്ച് ഇന്ത്യനൂർ കേന്ദ്രമായി പുതിയ സെക്ഷൻ രൂപീകരിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു. ലഭ്യമായ കെട്ടിടവുമായി ബന്ധപ്പെട്ട രേഖകൾ തിരുവനന്തപുരം വൈദ്യുതി ഭവനിലേക്ക് കൈമാറി. പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. ഈ വിഷയം ജില്ലാ വികസന സമിതി യോഗത്തിൽ ഉന്നയിച്ചിരുന്നു.

കെട്ടിട ഉടമയിൽ നിന്നും ലഭ്യമാക്കിയ രേഖകൾ കെ.എസ്.ഇ.ബി നോർത്ത് ഡിസ്ട്രിബ്യൂഷൻ ചീഫ് എൻജിനീയർ മുഖേനയാണ് വൈദ്യുതി ഭവനിലേക്ക് അയച്ചത്. മുപ്പതിനായിരത്തിലധികം ഉപഭോക്താക്കളുള്ള കോട്ടക്കൽ ഇലക്ട്രിക്കൽ സെക്ഷന്റെ വിസ്തൃതമായ ഭൂപ്രകൃതിയും വർധിച്ചുവരുന്ന ഉപഭോക്തൃ ഭാരവും കാരണം ദൈനംദിന പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനാണ് സെക്ഷൻ വിഭജനം നടപ്പിലാക്കുന്നത്.
2016-ൽ ഇന്ത്യനൂർ സെക്ഷൻ രൂപീകരിക്കാൻ ഉത്തരവായിരുന്നെങ്കിലും കെട്ടിടത്തിന്റെ കാലാവധി സംബന്ധിച്ച സാങ്കേതിക തടസ്സങ്ങൾ മൂലം നടപടികൾ നീളുകയായിരുന്നു. തുടർന്ന് വൈദ്യുതി വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗങ്ങളിലും തിരുവനന്തപുരത്ത് നടന്ന ചർച്ചകളിലും എം.എൽ.എ വിഷയം ഉന്നയിച്ചതിനെ തുടർന്നാണ് തടസ്സങ്ങൾ നീക്കി തുടർനടപടികൾ വേഗത്തിലാക്കിയത്.
കൂടാതെ, മലപ്പുറം പാക്കേജിന് ആവശ്യമായ മെറ്റീരിയലുകൾ കൃത്യമായി ലഭ്യമാക്കാനും പ്രവൃത്തികൾ നിശ്ചിത സമയത്തിനകം പൂർത്തീകരിക്കാനും കോൺട്രാക്ടർമാർക്ക് നിർദ്ദേശം നൽകിയതായും ഉദ്യോഗസ്ഥർ അറിയിച്ചു.

