Bridal

സ്വര്‍ണ്ണവ്യാപാരികളെ ദ്രോഹിക്കാനുള്ള സര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കണം: ആള്‍ കേരളാ ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷൻ

മലപ്പുറം: സ്വര്‍ണ്ണക്കടകളിലെ സി സി ടി വി ദൃശ്യങ്ങള്‍ ജി എസ് ടി  ഓഫീസിലും, പോലീസ് സ്‌റ്റേഷനിലും ലഭ്യമാക്കണമെന്ന സര്‍ക്കാര്‍ പ്രസ്താവന  വ്യാപാരികളുടെ സ്വാതന്ത്രത്തിനു മേലുള്ള കടന്ന് കയറ്റമാണന്ന് ഓള്‍ കേരളാ ഗോള്‍ഡ് & സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ മലപ്പുറം ജില്ലാ കമ്മറ്റി. സ്വര്‍ണ വ്യാപാര ശാലകളില്‍ മാത്രം പരിശോധന വ്യാപകമാക്കുമെന്ന പ്രഖ്യാപനം സ്വര്‍ണ വ്യാപാരികളൊടുള്ള വെല്ലുവിളിയാണ്. നികുതി വരുമാന കുറവിന്റെ പേരില്‍ ഏകപക്ഷീയായ തീരുമാനം അടിച്ചേല്‍പിക്കാനുള്ള നീക്കമാണിത്.
വ്യാപാരികളുമായി സഹകരിക്കേണ്ട ഉദ്യോഗസ്ഥര്‍ ശത്രുതാ മനോഭാവത്തൊടെയാണ് പെരുമാറുന്നത്. സ്വര്‍ണ വ്യാപാരികള്‍ ക്കെതിരെ മാത്രമുള്ള ഈ തീരുമാനത്തിനെതിരെയാണ് എ കെ ജി എസ് എം  എ പ്രതിഷേധിക്കുന്നത്. ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിയില്‍ മറ്റൊരു വ്യാപാര മേഖലയിലുമില്ലാത്ത ഒട്ടെറെ പ്രതിസന്ധിക ളിലൂടെയാണ് സ്വര്‍ണാഭരണമേഖല കടന്ന് പോകുന്നത്. പലരും കടക്കെണിയിലാണ്. കേരളത്തില്‍ വലിയ തൊഴില്‍ മേഖകളിലൊന്നാണ് സ്വര്‍ണ വ്യാപാര മേഖല. ഇതടച്ചുപൂട്ടിയാല്‍ പല തൊഴിലാളികളും പട്ടിണിയിലാകും. കൃത്യമായി നികുതിയടച്ച് വ്യാപാരം ചെയ്യുന്ന വ്യാപാരികളോട് ഇത്തരം നടപടികള്‍ തുടര്‍ന്നാല്‍ ഇത് വ്യാപാര മേഖലയെ തകര്‍ക്കുമെന്നും മലപ്പുറം ജില്ലാ കമ്മറ്റി  വിലയിരുത്തി.  യോഗത്തില്‍ ജില്ലാ പ്രസിഡന്റ് പി ടി അബ്ദുറഹിമാന്‍ഹാജി അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി കെ ടി അക്ബര്‍, ജില്ലാ ട്രഷര്‍ കെ വി എം കുഞ്ഞി , എന്‍ ടി കെ ബാപ്പു, കെ ടി അബൂബക്കര്‍ എന്ന കുഞ്ഞുട്ടി, സി ടി അബ്ദുല്‍ അസീസ് ,എ എന്‍ കെ ഹംസ,  കെ എം കോയാമു ഹാജി, കെ വി  മോഹനന്‍, എം അലവിക്കുട്ടി, മുഹമ്മദ് നവാസ് പി  സംസാരിച്ചു.